സുഡാനിൽ അണക്കെട്ട് തകർന്ന് 30 പേർ മരിച്ചു
ഖാർത്തൂം: കനത്ത മഴയിൽ കിഴക്കൻ സുഡാനിൽ അണക്കെട്ട് തകർന്ന് 30 പേർ മരിച്ചു. 20 ഗ്രാമങ്ങൾ ഒലിച്ചുപോയി. മരണ സംഖ്യ ഉയരാൻ ഇടയുണ്ട്. മാസങ്ങളായി ആഭ്യന്തരയുദ്ധത്തിൽ മുങ്ങിയ രാജ്യം പ്രകൃതി ദുരന്തം കൂടിയായപ്പേൾ അക്ഷരാർഥത്തിൽ തകർന്നു. 150നും 200നും ഇടയിൽ ആളുകളെ കാണാതായിട്ടുണ്ട്. 50,000ത്തോളം ആളുകൾക്ക് കിടപ്പാടം ഇല്ലാതായതായാണ് റിപ്പോർട്ട്. പോർട്ട് സുഡാനിൽ നിന്ന് 40 കിലോമീറ്റർ വടക്ക് അർബാത്ത് അണക്കെട്ടാണ് ഞായറാഴ്ച പെയ്ത കനത്ത മഴയെ തുടർന്ന് തകർന്നത്. പ്രദേശം തിരിച്ചറിയാൻ കഴിയാത്തവിധം മാറിപ്പോയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വൈദ്യുതിയും ജല പൈപ്പുകളുംതകർന്നതായും റെഡ് സീ സ്റ്റേറ്റ് വാട്ടർ അതോറിറ്റി മേധാവി ഒമർ ഈസ ഹാറൂൺ പറഞ്ഞു.
വെള്ളപ്പൊക്കത്തിൽ സ്വർണ്ണ ഖനിത്തൊഴിലാളികളുടെ മൃതദേഹങ്ങളും അവരുടെ ഉപകരണങ്ങളും ഒഴുകിനടക്കുന്നതായി കണ്ടതായി ദൃക്സാക്ഷികൾ പറഞ്ഞു. പോർട്ട് സുഡാനിലെ പ്രധാന ജലസ്രോതസ്സായിരുന്നു അണക്കെട്ട്. വരും ദിവസങ്ങളിൽ നഗരം ശുദ്ധജലക്ഷാമത്തിന്റെ ഭീഷണിയിലാണെന്ന് സുഡാനീസ് എൻവയൺമെന്റലിസ്റ്റ് അസോസിയേഷൻ പ്രസ്താവനയിൽ പറഞ്ഞു.
efessf