സാമ്പത്തിക പ്രതിസന്ധി രൂക്ഷം; പശ്ചിമേഷ്യയിൽ നിന്ന് വൻ തുക വായ്പ വാങ്ങാൻ പാകിസ്താൻ
ഇസ്‍ലാമാബാദ്: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ഈ സാമ്പത്തിക വർഷത്തേക്കുള്ള ബാധ്യതകൾ നിറവേറ്റാൻ പശ്ചിമേഷ്യയിലെ ബാങ്കുകളിൽനിന്ന് വൻ തുക വായ്പ വാങ്ങാൻ പാകിസ്താൻ. 1.1 ലക്ഷം കോടി പാകിസ്താനി രൂപയുടെ (നാല് ബില്യൺ യു.എസ് ഡോളർ) വായ്പയാണ് വാങ്ങുന്നത്. നിലവിൽ ഏഴ് ബില്യൺ ഡോളറിന്റെ (1.95 കോടി പാകിസ്താനി രൂപ) വായ്പക്ക് അന്താരാഷ്ട്ര നാണയനിധി (ഐ.എം.എഫ്)യുടെ അനുമതിക്ക് കാത്തിരിക്കുന്നതിനിടെയാണ് പുതിയ നീക്കം.
വായ്പ സംബന്ധിച്ച് പാകിസ്താൻ ധനമന്ത്രി മുഹമ്മദ് ഔറംഗസേബും സംഘവും ദുബൈ ഇസ്‍ലാമിക് ബാങ്കിന്റെ ഗ്രൂപ് സി.ഇ.ഒ ഡോ. അദ്‌നാൻ ചിൽവാനുമായി ഓൺലൈനിൽ കൂടിക്കാഴ്ച നടത്തിയതായാണ് റിപ്പോർട്ട്. തൊട്ടുമുമ്പ് മഷ്‌റഖ് ബാങ്ക് പ്രസിഡന്റും ഗ്രൂപ് സി.ഇ.ഒയുമായ അഹമ്മദ് അബ്ദുലാലുമായി ആശയവിനിമയം നടത്തിയിരുന്നു. മിഡിൽ ഈസ്റ്റിലെ മറ്റു ബാങ്കുകളുമായും ചർച്ചകൾ പുരോഗമിക്കുകയാണ്.
sdfdsf