ആഡംബര നൗക കടലിൽ മുങ്ങി കാണാതായ ബ്രിട്ടീഷ് ടെക് വ്യവസായി മൈക് ലിഞ്ചിന്‍റെ മൃതദേഹം കണ്ടെത്തി


സിസിലി (ഇറ്റലി): തെക്കൻ ഇറ്റലിയിലെ സിസിലി ദ്വീപിൽ കൊടുങ്കാറ്റിനെ തുടർന്ന് ആഡംബര നൗക കടലിൽ മുങ്ങി കാണാതായ ബ്രിട്ടീഷ് ടെക് വ്യവസായി മൈക് ലിഞ്ചിന്‍റെ മൃതദേഹം കണ്ടെത്തി. 11 ബില്യൻ ഡോളർ തട്ടിപ്പിൽ അമേരിക്ക കുറ്റവിമുക്തനാക്കിയ ഓട്ടോണമി കോർപറേഷന്റെ സ്ഥാപകനാണ് 59 വയസുള്ള മൈക്ക് ലിഞ്ച്. കുടുംബത്തിന്‍റെ ഉടമസ്ഥതയിലുള്ള നൗകയിൽ മൈക് ലിഞ്ചിന്‍റെ മകൾ 18കാരി ഹന്ന, ആഗോള ബാങ്കിങ് സ്ഥാപനമായ മോർഗൻ സ്റ്റാൻലി ഇന്റനാഷണലിന്റെ ചെയർമാൻ ജോനാഥൻ ബ്ലൂമർ, ജൂഡി, ക്ലിഫോർഡ് അഭിഭാഷകൻ ക്രിസ് മോർവില്ല, ഭാര്യ നെദ മോർവില്ല എന്നീ അഞ്ച് പേരെ കൂടി കാണാതായിട്ടുണ്ട്. ഇവർക്ക് വേണ്ടിയുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. കപ്പലിലെ പാചകക്കാരന്റെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്.
50 മീറ്റർ കടലിനടിയിൽ കിടക്കുന്ന നൗകയിലുള്ളവർക്കായി മുങ്ങൽ വിദഗ്ധരുടെ നേതൃത്വത്തിൽ തിരച്ചിൽ നടത്തി വരികയാണ്. തിങ്കളാഴ്ച രാവിലെ നാലിന് മെഡിറ്ററേനിയൻ ദ്വീപിന്റെ തീരത്തുനിന്ന് 700 മീറ്റർ അകലെ പലേർമോയുടെ കിഴക്ക് പോർട്ടിസെല്ലോ തുറമുഖത്തിന് സമീപമായിരുന്നു അപകടം. തുറമുഖത്ത് നങ്കൂരമിട്ട 56 മീറ്റർ നീളമുള്ള ‘ദി ബയേസിയൻ’ നൗക തീരത്തേക്ക് കടൽ ആഞ്ഞടിച്ചതോടെ കാറ്റിനും മഴക്കും ഇടയിൽപെട്ട് മുങ്ങുകയായിരുന്നു. 10 ജീവനക്കാരും 12 യാത്രക്കാരുമടക്കം 22 പേരാണ് നൗകയിലുണ്ടായിരുന്നത്. ഒരു വയസുകാരിയായ ബ്രിട്ടീഷ് പെൺകുട്ടി ഉൾപ്പെടെ 15 പേരെ രക്ഷപ്പെടുത്തി.
sdtsts