റഷ്യയിൽ നിന്ന് 28 ഗ്രാമങ്ങളുടെ നിയന്ത്രണം പിടിച്ചെടുത്ത് യുക്രെയ്ൻ


മോസ്കോ: റഷ്യയിലെ കുർസ്ക് മേഖലയിൽ 1000 ചതുരശ്ര കിലോമീറ്റർ പ്രദേശം യുക്രെയ്ൻ പിടിച്ചെടുത്തതായി യുക്രേനിയൻ ആർമി ചീഫ് ജനറൽ ഒലെക്‌സാണ്ടർ സിർസ്‌കി. ഇതോടെ 28 ഗ്രാമങ്ങളുടെ നിയന്ത്രണം യുക്രെയ്ന്റെ കീഴിലായി. ഇവിടെയുള്ള 1,80,000 റഷ്യൻ പൗരൻമാർ കുടിയൊഴിഞ്ഞുപോയി. യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമർ സെലെൻസ്‌കിയും സൈനികമേധാവിയും തിങ്കളാഴ്ചയാണ് ഇതുസംബന്ധിച്ച ഔദ്യോഗിക വെളിപ്പെടുത്തൽ നടത്തിയത്.

ഏകദേശം ഒരാഴ്ചയോളം നീണ്ടുനിന്ന രൂക്ഷമായ പോരാട്ടത്തിനൊടുവിലാണ് റഷ്യയെ തോൽപിച്ച് മേഖലയുടെ നിയന്ത്രണം യുക്രെയ്ൻ കൈക്കലാക്കിയത്. 2022ൽ യുദ്ധം തുടങ്ങിയ ശേഷം ഇതാദ്യമായാണ് റഷ്യക്ക് ഇത്രവലിയ തിരിച്ചടി നേരിടുന്നത്. എന്നാൽ, ഈ കടന്നുകയറ്റത്തിന് തക്കതായ മറുപടി നൽകുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ പറഞ്ഞു. നുഴഞ്ഞുകയറ്റം തടയാൻ മേഖലയിൽ കൂടുതൽ സൈന്യത്തെ റഷ്യ വിന്യസിച്ചതായി പ്രതിരോധ മന്ത്രാലയം തിങ്കളാഴ്ച അറിയിച്ചു.
അതേസമയം, യുക്രെയ്ൻ ആക്രമണത്തിൽ 12 സിവിലിയന്മാർ കൊല്ലപ്പെടുകയും 1,21,000 ആളുകളെ ഒഴിപ്പിക്കുകയും ചെയ്തതായി മേഖല ഗവർണർ അറിയിച്ചു. അതിനിടെ, യൂറോപ്പിലെ ഏറ്റവും വലിയ ആണവ നിലയമായ യുക്രെയ്നിലെ സപോറീഷ്യയിൽ ഡ്രോൺ ആക്രമണം നടത്തിയത് സ്ഥിഗതികൾ ഗുരുതരമാക്കിയിട്ടുണ്ട്. ആക്രമണത്തെ തുടർന്ന് ആണവ നിലയിൽ തീപിടിത്തമുണ്ടായി. ഒന്നിലധികം സ്ഫോടനങ്ങൾ നടക്കുകയും കൂളിങ് ടവർ തകരുകയും പ്ലാന്‍റിന്‍റെ വടക്കൻ ഭാഗത്തുനിന്ന് ഇരുണ്ട പുക ഉയരുകയും ചെയ്തു. ആക്രമണത്തെ തുടർന്ന് യൂറോപ്പ് ആകമാനം ആശങ്കയിലാണ്. പ്ലാന്‍റിന് ചുറ്റും റേഡിയേഷൻ ഉണ്ടായിട്ടില്ലെന്ന് റഷ്യ നിയമിച്ച ഗവർണർ യെവ്ജെനി ബാലിറ്റ്സ്കി അറിയിച്ചു. ആണവ നിലയത്തിൽ ആക്രമണം നടത്തിയത് റഷ്യയാണെന്ന് യുക്രെയ്ൻ ആരോപിച്ചു. എന്നാൽ, തങ്ങളല്ല യുക്രെയ്ൻ തന്നെയാണ് ആക്രണം നടത്തിയതെന്ന് റഷ്യയും കുറ്റപ്പെടുത്തി. 2022 മുതൽ റഷ്യയുടെ അധീനതയിലാണ് ഇവിടം. രണ്ട് വർഷത്തിലേറെയായി ഇവിടെ വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നില്ല. യുക്രെയ്നിലെ ചെർണോബിൽ ആണവ ദുരന്തത്തേക്കാൾ പതിന്മടങ്ങ് നശീകരണമാകും സപോറീഷ്യക്ക് ഗുരുതര കേടുപാടുകൾ സംഭവിച്ചാൽ ഉണ്ടാകുക.

article-image

dsgtds

You might also like

Most Viewed