ശൈഖ് ഹസീനയുടെ ഭരണമാറ്റത്തിൽ പങ്കില്ലെന്ന് അമേരിക്ക
വാഷിങ്ടൺ: ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീനക്ക് രാജ്യം വിട്ട് ഓടേണ്ടി വന്നതിനും ഭരണമാറ്റത്തിനും പിന്നിൽ അമേരിക്കയാണെന്ന ആരോപണങ്ങൾ നിഷേധിച്ച് വൈറ്റ് ഹൗസ്. ബംഗ്ലാദേശിന്‍റെ ആഭ്യന്തര കാര്യങ്ങളിൽ യു.എസ് സർക്കാർ സ്വാധീനം ചെലുത്തുകയോ ഇടപെടുകയോ ചെയ്തിട്ടില്ലെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീൻ ജീൻ-പിയറി വ്യക്തമാക്കി. "ഞങ്ങൾ യാതൊരു ഇടപെടലും നടത്തിയിട്ടില്ല. യുനൈറ്റഡ് സ്റ്റേറ്റ്സ് സർക്കാർ ഉൾപ്പെട്ടിട്ടുണ്ടെന്ന റിപ്പോർട്ടുകളും കിംവദന്തികളും തെറ്റാണ്. ബംഗ്ലാദേശിലെ ജനങ്ങളാണ് തങ്ങളുടെ സർക്കാറിന്‍റെ ഭാവി നിർണ്ണയിക്കേണ്ടതെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി പറഞ്ഞു. സ്വന്തം നേതാവിനെ തെരഞ്ഞെടുക്കുന്നത് ബംഗ്ലാദേശി ജനതയുടെ തീരുമാനമാണ്. ബംഗ്ലാദേശി ജനത അവരുടെ സർക്കാറിന്‍റെ ഭാവി നിർണ്ണയിക്കണമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. അതാണ് ഞങ്ങളുടെ നിലപാട്. മറിച്ചുള്ള ആരോപണങ്ങളെല്ലാം തെറ്റാണ് -വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി വ്യക്തമാക്കി.
സെന്‍റ് മാർട്ടിൻസ് ദ്വീപും ബംഗാൾ ഉൾക്കടലും അമേരിക്കക്ക് ആധിപത്യം സ്ഥാപിക്കാൻ വിട്ടുനൽകിയിരുന്നെങ്കിൽ തനിക്ക് പ്രധാനമന്ത്രിയായി തുടരാമായിരുന്നുവെന്ന് ശൈഖ് ഹസീന രാജിക്കത്തിൽ പറഞ്ഞതായി വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ, ഇക്കാര്യം നിഷേധിച്ച് ഹസീനയുടെ മകൻ സജീബ് വസീദ് ജോയ് രംഗത്തെത്തിയിരുന്നു. ബംഗ്ലാദേശ് വിടുന്നതിന് മുമ്പോ ശേഷമോ ഹസീന ഒരു പ്രസ്തവനയും നടത്തിയിട്ടില്ലെന്നും മകൻ വ്യക്തമാക്കിയിരുന്നു.വിദ്യാർത്ഥി-ബഹുജന മുന്നേറ്റത്തെ തുടർന്നാണ് ശൈഖ് ഹസീനക്ക് അധികാരം വിട്ടൊഴിയേണ്ടിവന്നത്. ബംഗ്ലാദേശ് വിട്ടോടിയ അവർ ഇന്ത്യയിൽ അഭയം തേടുകയായിരുന്നു.
sgdsfg