പാരീസ് ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങിലെ വിവാദ സ്കിറ്റ് ദുഃഖമുണ്ടാക്കിയെന്ന് വത്തിക്കാൻ
വത്തിക്കാൻ സിറ്റി: പാരീസ് ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങിൽ യേശുവിന്റെ അന്ത്യ അത്താഴത്തെ അപഹസിച്ച് കൊണ്ടുള്ള സ്കിറ്റിനെതിരെ വത്തിക്കാൻ. ലിയനാർഡോ ഡാവിഞ്ചിയുടെ വിഖ്യാത ചിത്രത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ട് തയാറാക്കിയ സ്കിറ്റിനെതിരെയാണ് വത്തിക്കാൻ രംഗത്തെത്തിയത്. വിവാദമുണ്ടായി ഒരാഴ്ച പിന്നിട്ടതിന് ശേഷമാണ് ഇക്കാര്യത്തിൽ വത്തിക്കാന്റെ പ്രതികരണം പുറത്ത് വരുന്നത്. പാരീസ് ഒളിമ്പിക്സിലെ ഉദ്ഘാടന ചടങ്ങിലെ ചില രംഗങ്ങൾ വേദനിപ്പിച്ചുവെന്ന് വത്തിക്കാൻ വ്യക്തമാക്കി. എല്ലാവരും ഒരേ ലക്ഷ്യത്തിനായി എത്തുന്ന ഒളിമ്പിക്സ്വേദിയിൽ മതത്തെ കുറിച്ച് ആക്ഷേപകരമായ പരാമർശങ്ങൾ ഉണ്ടാകരുതായിരുന്നു. ക്രിസ്ത്യാനികൾക്കും മറ്റ് മതവിഭാഗങ്ങൾക്കുമുണ്ടായ അപമാനത്തിനെതിരായ ശബ്ദങ്ങൾക്കൊപ്പം ചേരുകയാണെന്നും വത്തിക്കാൻ വ്യക്തമാക്കി.
യേശു ക്രിസ്തുവിന്റെ അവസാന അത്താഴത്തെ പാരഡിയാക്കി കൊണ്ടുള്ള പാരീസ് ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങിലെ സ്കിറ്റ് വിവാദമായിരുന്നു. ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ സ്കിറ്റിന്റെ ദൃശ്യങ്ങൾ വൈറലായിരുന്നു.
ലിയനാർഡോ ഡാവിഞ്ചിയുടെ വിഖ്യാതമായ പെയിന്റിങ്ങിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് 18 പേർ ഒരു ടേബിളിന് ചുറ്റുമിരിക്കുന്നതാണ് സ്കിറ്റിലുള്ളത്. ഇതിൽ പങ്കെടുത്തവരുടെ വേഷമുൾപ്പടെ ചൂണ്ടിക്കാട്ടിയാണ് വിവാദം ഉയർന്നത്. ഇതിൽ വെള്ളിക്കിരീടം ധരിച്ച് അവസാന അത്താഴത്തിലേത് പോലെ ക്രിസ്തുവിന്റെ സ്ഥാനത്തിരുന്ന സ്ത്രീയുടെ നടപടി വലിയ വിമർശനങ്ങൾക്ക് കാരണമായിരുന്നു.
േ്ി്േി