ബ്രിട്ടനിൽ കലാപം; 100ലേറെ പേരെ പൊലീസ് അറസ്റ്റ് ചെയ്തു
ലണ്ടൻ: ബ്രിട്ടനിലെ വിവിധ നഗരങ്ങളിൽ അരങ്ങേറിയ കുടിയേറ്റ വിരുദ്ധ തീവ്ര വലതുപക്ഷക്കാരുടെ ആക്രമണങ്ങളും ഏറ്റുമുട്ടലുകളുമായി ബന്ധപ്പെട്ട് 100ലേറെ പേർ അറസ്റ്റിൽ. കുടിയേറ്റ- മുസ്‍ലിം വിരുദ്ധ മുദ്രാവാക്യങ്ങൾ ഉയർത്തി നടത്തിയ പ്രതിഷേധ പ്രകടനങ്ങൾ കലാപത്തിലേക്ക് നീങ്ങിയതിനെ തുടർന്നാണ് പൊലീസ് നടപടി. ഹൾ, ലിവർപൂൾ, ബ്രിസ്റ്റൾ, മാഞ്ചസ്റ്റർ, ബ്ലാക്ക്പൂൾ, ബെൽഫാസ്റ്റ്, നോട്ടിങ്ഹാം എന്നിവിടങ്ങളിൽ ഇഷ്ടികയും കുപ്പികളും പടക്കവും എറിഞ്ഞും കടകൾ കൊള്ളയടിച്ചും കലാപകാരികൾ ഭീകരാന്തരീക്ഷം സൃഷ്ടിച്ചതായി ബി.ബി.സി റിപ്പോർട്ട് ചെയ്തു. അഭയാർഥികൾ താമസിക്കുന്ന ഹോട്ടലിന്റെ ജനാലകൾ തകർക്കുകയും കടകൾ ആക്രമിക്കുകയും തീയിടുകയും ചെയ്തു. ചിലയിടങ്ങളിൽ പൊലീസ് ഉദ്യോഗസ്ഥരും ആക്രമിക്കപ്പെട്ടു.അതേസമയം, കലാപകാരികളെ നേരിടാൻ ഫാഷിസ്റ്റ് വിരുദ്ധ പ്രകടനക്കാരും നഗരത്തിലിറങ്ങി. ലിവർപൂളിലെ ലൈം സ്ട്രീറ്റ് സ്റ്റേഷനിൽ നൂറുകണക്കിന് ഫാഷിസ്റ്റ് വിരുദ്ധ പ്രകടനക്കാർ ഒത്തുകൂടി ഐക്യത്തിനും സഹിഷ്ണുതക്കും ആഹ്വാനം ചെയ്തു.
നായ്ക്കളുമായി എത്തിയ പൊലീസുകാർ ഇരുവിഭാഗത്തെയും അകറ്റിനിർത്തി കലാപം തടയാൻ ഏറെ പാടുപെട്ടു. തീവ്രവാദികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി കെയർ സ്റ്റാർമർ പൊലീസിന് നിർദേശം നൽകി. മെഴ്‌സിസൈഡിലെ സൗത്ത്‌പോർട്ടിൽ നടന്ന ടെയ്‌ലർ സ്വിഫ്റ്റിന്‍റെ ഡാൻസ് പാർട്ടിയിൽ മൂന്ന് പെൺകുട്ടികൾ കൊല്ലപ്പെട്ട സംഭവത്തിലെ പ്രതി യു.കെയിലെത്തിയ അഭയാർഥിയാണെന്ന് സമൂഹ മാധ്യമങ്ങളിൽ വ്യാജ വാർത്തകൾ പ്രചരിച്ചിരുന്നു. പിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടിയേറ്റ വിരുദ്ധ പ്രതിഷേധം ഉടലെടുക്കുകയും ആക്രമണങ്ങളിലേക്ക് നീങ്ങുകയുമായിരുന്നു.
esfrdsf