ഫത്തായ്ക്കും ഹമാസിനും ഇടയിലുള്ള ശത്രുത അവസാനിപ്പിക്കാൻ മധ്യസ്ഥതയുമായി ചൈന


ബെയ്ജിംഗ്: വെസ്റ്റ് ബാങ്കിലെ ഫത്തായ്ക്കും ഗാസയിലെ ഹമാസിനും ഇടയിലുള്ള ശത്രുത അവസാനിപ്പിക്കാൻ മധ്യസ്ഥതയുമായി ചൈന രംഗത്ത്. ഇസ്രയേലുമായുള്ള യുദ്ധത്തിനുശേഷം അധിനിവേശ വെസ്റ്റ് ബാങ്കിലും ഗാസയിലുമായി ദേശീയ അനുരഞ്ജന സർക്കാർ രൂപീകരിക്കാനുള്ള പ്രഖ്യാപനത്തിൽ ഇരു സംഘടനകളും ചൈനയുടെ മധ്യസ്ഥതയിൽ ഒപ്പുവച്ചു. ചൈനീസ് തലസ്ഥാനമായ ബെയ്ജിംഗിൽ ദിവസങ്ങളായി നടന്ന ചർച്ചകളിൽ പന്ത്രണ്ട് ഇതര പലസ്തീൻ സംഘടനകളും പങ്കെടുത്തു. ഇവരും ഐക്യസർക്കാരിനു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം, യുദ്ധാനന്തര ഗാസയുടെ ഭരണത്തിൽ ഹമാസിനോ ഫത്തായ്ക്കോ ഒരു പങ്കുമുണ്ടാവില്ലെന്ന് ഇസ്രയേൽ പ്രതികരിച്ചു. ബെയ്ജിംഗ് പ്രഖ്യാപനം പലസ്തീൻ ഐക്യത്തിലേക്കുള്ള ചുവടുവയ്പാണെന്നു ഹമാസ് വക്താവ് ഹുസാം ബദ്രാൻ പറഞ്ഞു. പലസ്തീൻ വിഷയത്തിൽ ചൈന കാണിക്കുന്ന താത്പര്യത്തിനു ഫത്താ നേതാക്കൾ നന്ദി അറിയിച്ചു. പലസ്തീൻ വിഭാഗങ്ങൾ തമ്മിലുള്ള ഐക്യത്തിന് അന്താരാഷ്‌ട്ര പിന്തുണ അത്യാവശ്യമാണെന്നു ചൈനീസ് വിദേശകാര്യമന്ത്രി വാംഗ് യി പറഞ്ഞു. ഗാസ യുദ്ധം അവസാനിപ്പിക്കുന്നതിനു മൂന്നിന പദ്ധതി വാംഗ് യി അവതരിപ്പിച്ചു. ദീർഘകാല വെടിനിർത്തൽ, പലസ്തീൻ പ്രദേശം പലസ്തീനികൾ തന്നെ ഭരിക്കണമെന്ന തത്വം അംഗീകരിക്കൽ, ദ്വിരാഷ്‌ട്ര ഫോർമുലയുടെ അടിസ്ഥാനത്തിൽ പലസ്തീൻ രാഷ്‌ട്രം രൂപവത്കരിച്ച് യുഎന്നിൽ അംഗത്വം നല്കൽ‌ എന്നിവയാണ് പദ്ധതി വിഭാവനം ചെയ്യുന്നത്.
എന്നാൽ ബെയ്ജിംഗ് പ്രഖ്യാപനം തള്ളിക്കളയുന്നതായി ഇസ്രേലി വൃത്തങ്ങൾ പറഞ്ഞു. കൊലപാതകികളും ബലാത്സംഗക്കാരുമായ ഹമാസിനെ ആലിംഗനം ചെയ്യുന്നതിലൂടെ പലസ്തീൻ അഥോറിറ്റി നേതാവ് മെഹ്‌മൂദ് അബ്ബാസിന്‍റെ തനിനിറം വ്യക്തമായെന്ന് ഇസ്രേലി വിദേശകാര്യമന്ത്രി ഇസ്രയേൽ കാറ്റ്സ് പ്രതികരിച്ചു.

article-image

േ്േ്

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward
  • Chemmanur Jewellers

Most Viewed