യു.എൻ.ആർ.ഡബ്ല്യു.എയെ ഭീകര സംഘടനയായി മുദ്രകുത്താൻ ലക്ഷ്യമിട്ടുള്ള ബില്ലിന് പ്രാഥമിക അംഗീകാരം നൽകി ഇസ്രായേൽ
തെൽ അവീവ്: ഫലസ്തീൻ അഭയാർഥികൾക്കായുള്ള ഐക്യരാഷ്ട്ര സഭ ഏജൻസിയായ യു.എൻ.ആർ.ഡബ്ല്യു.എയെ ഭീകര സംഘടനയായി മുദ്രകുത്താൻ ലക്ഷ്യമിട്ടുള്ള ബില്ലിന് പ്രാഥമിക അംഗീകാരം നൽകി ഇസ്രായേൽ. അന്തിമ തീരുമാനത്തിന് മുമ്പായി കൂടുതൽ പരിശോധനക്കും ചർച്ചയ്ക്കുമായി ബിൽ വിദേശകാര്യ പ്രതിരോധ സമിതിക്ക് അയയ്ക്കും. ഏജൻസിയുമായുള്ള എല്ലാവിധ ബന്ധങ്ങളും വിച്ഛേദിക്കാൻ ബില്ലിൽ നിർദേശമുണ്ട്. അതിനിടെ ഇസ്രായേൽ നീക്കത്തിനെതിരെ വിവിധ സംഘടനകൾ രംഗത്തുവന്നു. ഏജൻസിയെ തകർക്കാനുള്ള ഏറ്റവും പുതിയ പ്രചാരണമാണിതെന്ന് യു.എൻ.ആർ.ഡബ്ല്യു.എ വക്താവ് ജൂലിയറ്റ് തൗമ പറഞ്ഞു. ഐക്യരാഷ്ട്ര സഭയുടെ ചരിത്രത്തിൽ ഇത്തരം നടപടികൾ കേട്ടുകേൾവി പോലുമില്ലാത്തതാണെന്നും അവർ വ്യക്തമാക്കി.
ബില്ലിന് അംഗീകാരം നൽകിയതിനെ ഹമാസും അപലപിച്ചു. ഫലസ്തീൻ പ്രശ്നവും അഭയാർഥികളുടെ വിഷയവും അവസാനിപ്പിക്കാനുള്ള ശ്രമമാണിത്. ഏജൻസിയെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന ഇസ്രായേലിനെതിരെ ഉറച്ചനിലപാട് സ്വീകരിക്കാൻ അന്താരാഷ്ട്ര സമൂഹത്തോടും ഐക്യരാഷ്ട്ര സഭയോടും അവർ ആഹ്വാനം ചെയ്തു. ഫലസ്തീനിലെ അൽ മുജാഹിദ് പ്രസ്ഥാനവും ബില്ലിനെ എതിർത്തു. 1948ലെ നമ്മുടെ ജനങ്ങളുടെ ദുരന്തത്തിനും കുടിയിറക്കലിനും നിയമപരമായി സാക്ഷിയായ സംഘടനയെ ഇല്ലാതാക്കാനാണ് സയണിസ്റ്റ് ഭരണകൂടത്തിന്റെ ശ്രമം. ഫലസ്തീൻ ജനതക്കെതിരായ പട്ടിണിയുടെയും ഉപരോധത്തിന്റെയും തുടർച്ചയാണിതെന്നും സംഘടന കൂട്ടിച്ചേർത്തു. ഗസ്സയിലെ ഹമാസ് നേതാക്കളുമായി യു.എൻ.ആർ.ഡബ്ല്യു സഹകരിക്കുന്നുണ്ടെന്ന് ഇസ്രായേൽ നിരന്തരം ആരോപണം ഉന്നയിക്കുന്നുണ്ട്. ഏജൻസിയുടെ ആസ്ഥാനങ്ങൾക്ക് കീഴിലാണ് ഹമാസിന്റെ തുരങ്കങ്ങൾ സ്ഥിതി ചെയ്യുന്നതെന്ന ആരോപണവും ഇസ്രായേൽ ഉയർത്തി. കൂടാതെ ഒക്ടോബർ ഏഴിലെ ആക്രമണത്തിൽ ഏജൻസി അംഗങ്ങളും പങ്കെടുത്തിട്ടുണ്ടെന്ന ഗുരതര ആരോപണവും ഇസ്രായേൽ ഉന്നയിച്ചു. ഇതിന് പിന്നാലെ നിരവധി രാജ്യങ്ങൾ ഏജൻസിക്ക് ഫണ്ട് നൽകുന്നത് നിർത്തിവെക്കുകയുണ്ടായി. ഇത് സംഘടനയുടെ സന്നദ്ധ പ്രവർത്തനങ്ങൾക്ക് വലിയ പ്രതിസന്ധി സൃഷ്ടിച്ചു. ഫണ്ട് നിഷേധിച്ച നടപടി ആപൽക്കരമെന്നാണ് യു.എൻ ഏജൻസി ഉദ്യോഗസ്ഥർ പ്രതികരിച്ചത്. ഗസ്സയിലെ അന്താരാഷ്ട്ര ദുരിതാശ്വാസ ഏജൻസികളുടെയും സ്ഥാപനങ്ങളുടെയും പ്രവർത്തനങ്ങളെ ഇസ്രായേൽ ലക്ഷ്യമിടുകയാണെന്ന് ഹമാസ് ആരോപിച്ചു. ഒക്ടോബർ ഏഴിലെ ആക്രമണത്തിൽ ഏജൻസി പ്രവർത്തകർക്ക് പങ്കുണ്ടെന്ന ആരോപണവുമായി ബന്ധപ്പെട്ട അഞ്ച് കേസുകൾ ഐക്യരാഷ്ട്ര സഭ അവസാനിപ്പിച്ചിരുന്നു. ഇസ്രായേലിന് മതിയായ തെളിവുകൾ നൽകാൻ സാധിക്കാത്തതിനെ തുടർന്നാണ് നടപടി. ഇസ്രായേലിന്റെ ആരോപണങ്ങൾ വ്യാജമാണെന്ന് തെളിഞ്ഞതോടെ പല രാജ്യങ്ങളും ഫണ്ട് നൽകുന്നത് പുനരാരംഭിച്ചിട്ടുണ്ട്. ധനസഹായം പുനരാരംഭിക്കുമെന്ന് യു.കെ കഴിഞ്ഞദിവസം അറിയിച്ചു. ബ്രിട്ടനിൽ പുതുതായി തെരഞ്ഞെടുത്ത ലേബർ പാർട്ടിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഏജൻസിക്ക് നൽകിവന്ന ധനസഹായം മുൻ കൺസർവേറ്റീവ് സർക്കാറാണ് നിർത്തിവെച്ചത്. ഇസ്രായേൽ നിരന്തരം ആക്രമണങ്ങൾ തുടരുമ്പോഴും എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് ഏജൻസി തങ്ങളുടെ സന്നദ്ധ പ്രവർത്തനം തുടരുകയാണ്. കഴിഞ്ഞദിവസവും ഏജൻസിയുടെ വാഹനവ്യൂഹത്തിന് നേരെ ഇസ്രായേൽ സൈന്യം വെടിവെക്കുകയുണ്ടായി. ഒക്ടോബർ ഏഴിന് ശേഷമുള്ള ഇസ്രായേൽ ആക്രമണത്തിൽ നിരവധി ഏജൻസി പ്രവർത്തകരാണ് കൊല്ലപ്പെട്ടത്. കൂടാതെ പ്രധാന ഓഫിസുകളെല്ലാം ബോംബിട്ട് തകർക്കുകയും ചെയ്തു.
1949 ഡിസംബർ എട്ടിനാണ് യു.എൻ.ആർ.ഡബ്ല്യു.എ രൂപവത്കരിക്കുന്നത്. വിവിധ പ്രദേശങ്ങളിലുള്ള ദശലക്ഷക്കണക്കിന് അഭയാർഥികൾക്ക് താങ്ങായി പ്രവർത്തിക്കുന്ന ഏജൻസിയാണിത്. വിദ്യാഭ്യാസം, ആരോഗ്യ പരിചരണം, മാനുഷിക സഹായം എന്നിവയാണ് പ്രധാന പ്രവർത്തനങ്ങൾ. ഗസ്സ, വെസ്റ്റ് ബാങ്ക്, ജോർദാൻ, ലെബനാൻ, സിറിയ എന്നിവിടങ്ങളിലെ ഫലസ്തീൻ അഭയാർഥികൾക്കാണ് ഇവർ സംരക്ഷണമേകുന്നത്. സൈന്യത്തിന് പുറമെ ഇസ്രായേലിലെ വലതുപക്ഷ തീവ്രവാദികളും യു.എൻ.ആർ.ഡബ്ല്യു.എക്ക് നേരെ ആക്രമണം അഴിച്ചുവിടുന്നുണ്ട്. ഈസ്റ്റ് ജെറുസലേമിലെ ഏജൻസിയുടെ ആസ്ഥാന മന്ദിരം അക്രമകാരികൾ രണ്ട് തവണ തീയിടുകയുണ്ടായി. ഇതിന്റെ അടിസ്ഥാനത്തിൽ ഈ ഓഫിസിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു.
dsfsdf