ബംഗ്ലാദേശിൽ വിദ്യാർഥി പ്രക്ഷോഭം കനക്കുന്നു; പ്രക്ഷോഭകരെ കണ്ടാൽ വെടിവെക്കാൻ ഉത്തരവിട്ട് സർക്കാർ


ധാക്ക: തൊഴിൽ സംവരണത്തിനെതിരെ ബംഗ്ലാദേശിൽ വിദ്യാർഥി പ്രക്ഷോഭം ശക്തമായി തുടരവെ പ്രക്ഷോഭകരെ കണ്ടാൽ വെടിവെക്കാൻ ഉത്തരവിട്ട് സർക്കാർ. നടപടികൾ കടുപ്പിച്ചിട്ടും പ്രക്ഷോഭം കൂടുതൽ പടരുന്നതോടെയാണ് വെടിവെക്കാനുള്ള ഉത്തരവ്. ഇതിനിടെ പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 133 ആയി. ബംഗ്ലാദേശിലെ യൂനിവേഴ്സിറ്റികളിൽ തുടങ്ങിയ വിദ്യാർഥി പ്രക്ഷോഭം പ്രതിപക്ഷം കൂടി ഏറ്റെടുത്തതോടെയാണ് രാജ്യമെങ്ങും പടർന്നത്. ഇതോടെ, . നിരവധിയിടങ്ങളിൽ സൈന്യത്തെ വിന്യസിച്ചിരിക്കുകയാണ്. സൈനികർ പ്രധാന ഇടങ്ങളിൽ ചെക്ക്പോസ്റ്റുകൾ സ്ഥാപിച്ചു. ആയിരത്തിലേറെ പേർക്ക് സംഘർഷങ്ങളിൽ പരിക്കേറ്റിട്ടുണ്ട്. 300ലേറെ പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായി അധികൃതർ അറിയിച്ചു. രാജ്യത്ത് ഇന്‍റര്‍നെറ്റ് നിരോധനം തുടരുകയാണ്. സർക്കാർ ജോലികളിൽ 1971ലെ സ്വാതന്ത്ര്യസമര പോരാളികളുടെ ബന്ധുക്കൾക്ക് 30 ശതമാനം സംവരണം പ്രഖ്യാപിച്ചതിനെതിരെയാണ് വിദ്യാർഥികളുടെ നേതൃത്വത്തിൽ സമരം ആരംഭിച്ചത്. യൂനിവേഴ്സിറ്റികളും സ്കൂളുകളും അടച്ചിട്ട രാജ്യത്ത് പലയിടത്തും ട്രെയിൻ, ബസ് ഗതാഗതവും നിർത്തിവെച്ചിട്ടുണ്ട്. നർസിങ്ഡിയിൽ ജയിൽ ആക്രമിച്ച പ്രക്ഷോഭകർ നൂറുകണക്കിന് തടവുകാരെ മോചിപ്പിച്ചതിന് പിന്നാലെ സർക്കാർ ടെലിവിഷൻ ചാനൽ ആസ്ഥാനവും തീയിട്ട് നശിപ്പിച്ചിരുന്നു.

സമരം അടിച്ചമർത്താൻ രാജ്യത്തുടനീളം കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. സൈനികരുടെ കുടുംബങ്ങൾക്ക് സംവരണമെന്ന പേരിൽ ഭരണകക്ഷിയിലെ പരമാവധി പേർക്ക് സർക്കാർ തൊഴിൽ നൽകുന്നതാണ് പുതിയ സംവരണ നീക്കമെന്നാണ് സമരക്കാർ ഉയർത്തുന്ന പരാതി. അർഹതയുള്ളവർക്ക് തൊഴിൽ നൽകാൻ തയാറാകണമെന്നും അവർ ആവശ്യപ്പെടുന്നു. 15 വർഷമായി അധികാരത്തിൽ തുടരുന്ന ശൈഖ് ഹസീനക്കും അവാമി ലീഗിനുമെതിരെ പ്രതിപക്ഷ കക്ഷിയായ നാഷനൽ പാർട്ടിയും പ്രതിഷേധം പ്രഖ്യാപിച്ചിട്ടുണ്ട്. ചർച്ചകൾക്ക് ഒരുക്കമാണെന്ന് സർക്കാർ അറിയിച്ചിട്ടുണ്ടെങ്കിലും 30 ശതമാനം സംവരണം ഒഴിവാക്കാതെ ഒത്തുതീർപ്പിനില്ലെന്നാണ് വിദ്യാർഥികളുടെ നിലപാട്. കടുത്ത തൊഴിലില്ലായ്മ നേരിടുന്ന രാജ്യത്ത് സർക്കാർ ജോലികളിൽ 56 ശതമാനം സംവരണമാണ്. സ്വതന്ത്യത്തിനായി 1971ലെ വിമോചന യുദ്ധത്തിൽ പങ്കെടുത്തവരുടെ പിൻഗാമികൾക്കുള്ള 30 ശതമാനം സംവരണം നിർത്തണമെന്ന് ആവശ്യപ്പെട്ടാണ് വിദ്യാർഥി പ്രതിഷേധം അരങ്ങേറിയത്. വിദ്യാർഥികളുടെ ആവശ്യം അംഗീകരിച്ച ധാക്ക ഹൈക്കോടതി തീരുമാനം റദ്ദാക്കിയ സുപ്രിംകോടതി, സർക്കാർ തീരുമാനം പുനഃസ്ഥാപിക്കുകയായിരുന്നു. ഇതോടെയാണ് വിദ്യാർഥികൾ തെരുവിലേക്ക് ഇറങ്ങിയത്.

article-image

sdfsdf

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed