യുഎസ് മാധ്യമപ്രവർത്തകന് ചാരവൃത്തിക്കേസിൽ 16 വർഷം തടവുശിക്ഷ വിധിച്ച് റഷ്യൻ കോടതി


മോസ്കോ: യുഎസ് മാധ്യമപ്രവർത്തകന് ചാരവൃത്തിക്കേസിൽ റഷ്യൻ കോടതി 16 വർഷം തടവുശിക്ഷ വിധിച്ചു. അമേരിക്കൻ പത്രമായ വാൾസ്ട്രീറ്റ് ജേണലിന്‍റെ റിപ്പോർട്ടർ ഇവാൻ ഗെർഷകോവിച്ചിനെ(32)യാണ് മോസ്കോയ്ക്കടുത്ത യെകാറ്റെരിൻബർഗിലെ കോടതി ശിക്ഷിച്ചത്. യുക്രെയ്നെതിരായ യുദ്ധത്തിൽ റഷ്യ ഉപയോഗിക്കുന്ന ടാങ്കുകൾ നിർമിക്കുന്ന ഒരു സ്ഥാപനത്തെക്കുറിച്ചുള്ള വിവരങ്ങൾ യുഎസ് സെൻട്രൽ ഇന്‍റലിജൻസ് ഏജൻസിയുടെ നിർദേശപ്രകാരം ശേഖരിച്ചെന്നതാണ് ഇവാൻ ഗെർഷകോവിച്ചിനെതിരേയുള്ള ആരോപണം. 2023 മാർച്ച് 29നാണ് അദ്ദേഹത്തെ റഷ്യൻ സുരക്ഷാ ഏജൻസി അറസ്റ്റ് ചെയ്തത്. അന്നുമുതൽ അദ്ദേഹത്തെ മോസ്കോയിലെ ‌ലെഫൊർട്ടോവൊ ജയിലിൽ അടച്ചിരിക്കുകയാണ്. കുറ്റങ്ങളെല്ലാം ഗെർഷകോവിച്ച് നിഷേധിച്ചിരുന്നു. വിദേശമാധ്യമ പ്രവർത്തകർക്ക് അനുവദിച്ചിട്ടുള്ള അക്രഡിറ്റേഷൻ ഉപയോഗിച്ച് തന്‍റെ പത്രമായ വാൾസ്ട്രീറ്റ് ജേണലിനുവേണ്ടി വാർത്തകൾ റിപ്പോർട്ട് ചെയ്യുക മാത്രമേ താൻ ചെയ്തിട്ടുള്ളൂവെന്നു അദ്ദേഹം കോടതി മുന്പാകെ പലകുറി ആവർത്തിച്ചിരുന്നു. ചാരവൃത്തി ആരോപണം അമേരിക്കൻ സർക്കാരും വാൾസ്ട്രീറ്റ് ജേണലും നിഷേധിച്ചിരുന്നു. യാതൊരു തെളിവുമില്ലാതെ രഹസ്യമായി നടന്ന വിചാരണയ്ക്കൊടുവിലാണ് മാധ്യമപ്രവർത്തകനെ ശിക്ഷിച്ചതെന്നും റഷ്യയുടെ നടപടിയിൽ പ്രതിഷേധിക്കുന്നതായും അമേരിക്കൻ വക്താവ് പറഞ്ഞു.

വ്യാജ കുറ്റം ചുമത്തി 478 ദിവസം ജയിലിലടച്ചശേഷം നീതി നിഷേധിച്ച് രഹസ്യമായി വിചാരണ നടത്തി ഗെർഷകോവിച്ചിനെ തടവുശിക്ഷയ്ക്കു വിധിച്ച നടപടിയെ വാൾസ്ട്രീറ്റ് ജേണൽ സിഇഒ അൽമാർ ലാതോറും എഡിറ്റർ ഇൻ ചീഫ് എമ്മാ ടക്കറും അപലപിച്ചു. പത്രപ്രവർത്തനം കുറ്റമല്ലെന്നും ഗെർഷകോവിച്ച് മോചിതനാകുംവരെ പോരാട്ടം തുടരുമെന്നും ഇരുവരും വ്യക്തമാക്കി.

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed