ഡൊണാള്‍ഡ് ട്രംപിന് നേരെ വെടിയുതിര്‍ത്തത് 20കാരൻ: ട്രംപ് ആശുപത്രി വിട്ടു
ന്യൂയോര്‍ക്ക്: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ നേരെ വെടിയുതിര്‍ത്തത് ഇരുപതുകാരനായ തോമസ് മാത്യു ക്രൂക്സ് എന്ന് യു.എസ് അന്വേഷണ ഏജൻസിയായ എഫ്.ബി.ഐ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. പെൻസിൽവേനിയയിലെ ബെതൽ പാർക്കിൽ നിന്നുള്ളയാളാണ് തോമസ് മാത്യു ക്രൂക്സ്. വെടിവെപ്പിന് പിന്നാലെ ഇയാൾ കൊല്ലപ്പെട്ടിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്നും എഫ്.ബി.ഐ. വ്യക്തമാക്കി. വെടിവെപ്പ് വധശ്രമക്കുറ്റമായി കണക്കാക്കി അന്വേഷണം നടത്തുമെന്നു യു.എസ് അറിയിച്ചു. പെൻസിൽവാനിയയിൽ വെടിവെപ്പുണ്ടായ സ്ഥലത്തുനിന്ന് അക്രമിയുടേതെന്നു കരുതുന്ന എ.ആർ–15 സെമി ഓട്ടമാറ്റിക് റൈഫിൾ കണ്ടെടുത്തതായി സുരക്ഷാ സംഘാംഗങ്ങളെ ഉദ്ധരിച്ച് അമേരിക്കൻ മാധ്യമമായ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.
അതേസമയം വെടിവെപ്പില്‍ പരുക്കേറ്റ ഡൊണൾഡ് ട്രംപ് ആശുപത്രി വിട്ടു. ട്രംപ് പിറ്റ്സ്ബർഗിൽനിന്ന് പുറപ്പെട്ടതായി പെൻസിൽവാനിയ ഗവർണർ ജോഷ് ഷാപിരോ പറഞ്ഞു. അടുത്തയാഴ്ച നടക്കുന്ന റിപ്പബ്ലിക്കൻ നാഷനൽ കൺവെൻഷനിൽ ട്രംപ് പങ്കെടുക്കുന്നതിൽ മാറ്റമില്ലെന്ന് അദ്ദേഹത്തിന്റെ ക്യാംപെയ്ൻ ടീം അറിയിച്ചു. പെൻസിൽവേനിയയിൽ തെരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കുന്നതിനിടെയാണ് ട്രംപിന് നേരെ വെടിവെപ്പുണ്ടായത്. ട്രംപിന്റെ വലതുചെവിക്കാണ് വെടിയേറ്റത്. വേദിയില്‍ നിരവധി തവണ വെടിയൊച്ച കേട്ടതായാണ് റിപ്പോര്‍ട്ട്. ഉടന്‍തന്നെ സുരക്ഷാസേനാംഗങ്ങള്‍ ട്രംപിനെ വേദിയില്‍ നിന്ന് മാറ്റുകയായിരുന്നു. പിന്നാലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.