ലേബർ നേതാവ് കീയർ സ്റ്റാർമർ ബ്രിട്ടന്‍റെ 58ആം പ്രധാനമന്ത്രിയായി അധികാരമേറ്റു
ലണ്ടൻ: ബ്രിട്ടനിൽ 14 വർഷത്തെ കൺസർവേറ്റീവ് പാർട്ടി ഭരണത്തിന് അന്ത്യംകുറിച്ച് ലേബർ നേതാവ് കീയർ സ്റ്റാർമർ (61) ബ്രിട്ടന്‍റെ 58ആം പ്രധാനമന്ത്രിയായി അധികാരമേറ്റു. 650 അംഗ പാർലമെന്‍റിൽ 412 സീറ്റ് നേടിയാണു ലേബർ പാർട്ടി ആധിപത്യം ഉറപ്പിച്ചത്. ഭരണകക്ഷിയായ കൺസർവേറ്റീവുകൾ വെറും 121 സീറ്റിലൊതുങ്ങി. കേവല ഭൂരിപക്ഷത്തിനു വേണ്ടത് 326 സീറ്റാണ്. പ്രധാനമന്ത്രിയായിരുന്ന ഇന്ത്യൻ വംശജൻ ഋഷി സുനക് ഇന്നലെ ചാൾസ് രാജാവിനെ കണ്ട് രാജി സമർപ്പിച്ചു. പിന്നാലെ കൂടിക്കാഴ്ച നടത്തിയ സ്റ്റാർമറെ സർക്കാർ രൂപവത്കരിക്കാനും പ്രധാനമന്ത്രിയാകാനും രാജാവ് ഔദ്യോഗികമായി ക്ഷണിച്ചു. മാറ്റത്തിനായാണു രാജ്യം വോട്ട് ചെയ്തതെന്നു സ്റ്റാർമർ പറഞ്ഞു. ഏയ്ഞ്ചല റെയ്നറെ ഉപപ്രധാനമന്ത്രിയായി സ്റ്റാർമർ നിയമിച്ചു. കഴിഞ്ഞതവണത്തെ അപേക്ഷിച്ച് ഇത്തവണ 211 സീറ്റുകൾ ലേബർ പാർട്ടിക്കു കൂടുതലായി ലഭിച്ചു. കൺസർവേറ്റീവ് പാർട്ടിക്ക് 250 സീറ്റുകൾ നഷ്ടമായി. ലേബർ പാർട്ടി 33.7ഉം കൺസർവേറ്റീവ് പാർട്ടി 23.7ഉം ശതമാനം വോട്ട് നേടി. കഴിഞ്ഞതവണ എട്ടു സീറ്റുണ്ടായിരുന്ന ലിബറൽ ഡെമോക്രാറ്റുകൾ ഇത്തവണ 71 സീറ്റിലേക്ക് ഉയർന്നു. സ്ഥാനമൊഴിഞ്ഞ പ്രധാനമന്ത്രി ഋഷി സുനാക് വടക്കൻ ഇംഗ്ലണ്ടിലെ റിച്ച്മണ്ട് ആൻഡ് നോർത്തല്ലെർടൺ സീറ്റിൽ 12,000ത്തിനു മുകളിൽ വോട്ടിനു വിജയിച്ചു.
അതേസമയം, മുൻ പ്രധാനമന്ത്രി ലിസ് ട്രസ് പരാജയപ്പെട്ടു. ലേബർ പാർട്ടിയിലെ ടെറി ജെറമിയോട് 630 വോട്ടിനാണ് ലിസ് ട്രസ് പരാജയപ്പെട്ടത്. സുനാക് മന്ത്രിസഭയിൽ അംഗങ്ങളായിരുന്ന ഗ്രാന്‍റ് ഷാപ്സ്, പെന്നി മോർഡന്‍റ്, ജേക്കബ് റീസ് മോഗ് എന്നിവരടക്കം 11 മന്ത്രിമാർ പരാജയം രുചിച്ചു. തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് കൺസർവേറ്റീവ് പാർട്ടി നേതൃസ്ഥാനം ഒഴിയുമെന്നു ഋഷി സുനാക് (44) അറിയിച്ചു. 2022 ഒക്‌ടോബറിലാണ് സുനാക് ബ്രിട്ടീഷ് പ്രധാനമന്ത്രിയായത്. മലയാളിയായ സോജൻ ജോസഫ് ഉൾപ്പെടെ 28 ഇന്ത്യൻ വംശജർ പാർലമെന്‍റിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. മുൻ മന്ത്രിമാരായ പ്രീതി പട്ടേൽ, സുവെല്ല ബ്രേവർമാൻ, ക്ലെയർ കുടീഞ്ഞോ തുടങ്ങിയ ഇന്ത്യൻവംശജരും വിജയിച്ചു. കക്ഷിനില ആകെ സീറ്റ് −650 ലേബർ പാർട്ടി −412 കൺസർവേറ്റീവ് പാർട്ടി −121 ലിബറൽ ഡെമോക്രാറ്റ് −71 എസ്എൻപി −9 എസ്എഫ് −7 മറ്റുള്ളവർ −38.
െേ്ിന