ട്രംപുമായുള്ള സംവാദത്തിൽ വീഴ്ച സംഭവിച്ചു; മത്സരത്തിൽ ഉറച്ചുനിൽക്കുമെന്ന് ബൈഡൻ
വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി കഴിഞ്ഞയാഴ്ച ഡൊണാൾഡ് ട്രംപുമായുള്ള സംവാദത്തിൽ വീഴ്ച സംഭവിച്ചതായി സമ്മതിച്ച് അമേരിക്കൻ പ്രസിഡന്റും ഡെമോക്രാറ്റിക് സ്ഥാനാർഥിയുമായ ജോ ബൈഡൻ. അതേസമയം, മത്സരത്തിൽ ഉറച്ചുനിൽക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ബൈഡന്റെ മോശം പ്രകടനത്തിൽ ഡെമോക്രാറ്റിക് പാർട്ടിയിലും അതൃപ്തി ഉടലെടുത്തിരുന്നു. ബൈഡനെ മാറ്റി മറ്റൊരു സ്ഥാനാർഥിയെ കൊണ്ടുവരുന്നതിനുള്ള സാധ്യതയും പാർട്ടി ചർച്ച ചെയ്യുന്നതായി സൂചനയുണ്ട്. വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ പേരും പരിഗണനയിലുണ്ടെന്ന് മാധ്യമങ്ങൾ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു.
സംവാദത്തിനിടെ ഇടറുന്ന പ്രകടനം നടത്തിയതിലൂടെ തനിക്ക് തെറ്റ് സംഭവിച്ചതായി ബൈഡൻ ഒരു റേഡിയോ അഭിമുഖത്തിൽ പറഞ്ഞു. എന്നാൽ, സംവാദത്തിലെ പ്രകടനത്തിനുപകരം വൈറ്റ് ഹൗസിലെ തന്റെ പ്രവർത്തനം നോക്കി വിലയിരുത്താൻ അദ്ദേഹം വോട്ടർമാരോട് അഭ്യർഥിക്കുകയും ചെയ്തു. താൻ ഡെമോക്രാറ്റിക് പാർട്ടിയുടെ നോമിനിയാണ്. തന്നെ ആരും പുറത്താക്കില്ല. താൻ മത്സരത്തിൽനിന്ന് പുറത്തുപോവുകയുമില്ല −ബൈഡൻ പറഞ്ഞതായി അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ ബി.ബി.സിയോട് പറഞ്ഞു. മത്സരത്തിൽ ഉറച്ചുനിൽക്കുമെന്ന് അദ്ദേഹം അടുപ്പക്കാർക്ക് ഉറപ്പുനൽകുന്നുണ്ട്.
81കാരനായ ജോ ബൈഡന് മത്സര രംംഗത്ത് മുന്നേറാൻ കഴിയുമോയെന്ന കാര്യത്തിൽ പാർട്ടിയിൽ ആശങ്കയുണ്ട്. ഏറെ പ്രതീക്ഷയോടെയാണ് രണ്ടാമൂഴത്തിലേക്ക് ജോ ബൈഡനെ രംഗത്തിറക്കിയത്. എന്നാൽ, ആദ്യ സംവാദം തന്നെ വൻ തിരിച്ചടിയായി മാറുകയായിരുന്നു. മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആരോപണങ്ങൾക്കുമുന്നിൽ പതറുന്ന ബൈഡനെയാണ് സംവാദത്തിൽ കണ്ടത്.
cfdgg