മൂന്നു വർഷം നീണ്ട യുദ്ധം വിജയിച്ചു; ഫ്ലോപ്പി ഡിസ്കിനോടു ഗുഡ് ബൈ പറഞ്ഞ് ജപ്പാൻ
ടോക്കിയോ: ഡിജിറ്റൽ മന്ത്രി താരോ കോനോയുടെ മൂന്നു വർഷം നീണ്ട യുദ്ധത്തിനൊടുവിൽ ഫ്ലോപ്പി ഡിസ്കിനോടു ഗുഡ് ബൈ പറഞ്ഞ് ജപ്പാൻ. ഔദ്യോഗിക ആവശ്യങ്ങൾക്ക് ഫ്ലോപ്പി ഡിസ്കിൽ രേഖകൾ നൽകണമെന്നു വ്യവസ്ഥ ചെയ്യുന്ന ആയിരത്തോളം ചട്ടങ്ങളാണു ജപ്പാനിൽ നിലനിന്നിരുന്നതെന്ന് വിദേശമാധ്യമങ്ങളുടെ റിപ്പോർട്ട് വ്യക്തമാക്കുന്നു. കാലഹരണപ്പെട്ട സാങ്കേതികവിദ്യകളും സ്റ്റോറേജ് സംവിധാനങ്ങളും ഉപേക്ഷിക്കാനായി ഡിജിറ്റൽ മന്ത്രി താരോ കോനോയാണു മുൻകൈയെടുത്തത്. ഫ്ലോപ്പിയുമായി ബന്ധപ്പെട്ട നിയമങ്ങളെല്ലാം മന്ത്രി റദ്ദാക്കി. “ഫ്ലോപ്പിയുദ്ധത്തിൽ നമ്മൾ ജയിച്ചു” എന്നാണ് അദ്ദേഹം ബുധനാഴ്ച പ്രഖ്യാപിച്ചത്.
ഒരിക്കൽ സാങ്കേതികവിദ്യയുടെ ശക്തികേന്ദ്രമായിരുന്നു ജപ്പാനെങ്കിലും അവിടത്തെ ജനങ്ങൾക്ക് മാറ്റങ്ങൾ ഉൾക്കൊള്ളാനുള്ള മടിയാണു ഫ്ലോപ്പി പോലുള്ള സംവിധാനങ്ങൾ തുടരാനിടയാക്കിയത്. ജാപ്പനീസ് ജനതയ്ക്ക് ഇ−മെയിലിനെക്കാൾ താത്പര്യം ഫാക്സ് മെഷീനാണെന്നും റിപ്പോർട്ടുകളിൽ പറയുന്നു. 1960ൽ വികസിപ്പിച്ച ഫ്ലോപ്പി ഡിസ്കിൽ 1.44 എംബി ഡേറ്റ മാത്രമാണ് ശേഖരിക്കാനാവുക. 32 ജിബിയുടെ പെൻ ഡ്രൈവിലുള്ള ഡേറ്റകൾ കയറ്റാൻ 22,000 ഫ്ലോപ്പികൾ വേണ്ടിവരും. ശേഷി കൂടിയ സ്റ്റോറേജ് സംവിധാനങ്ങൾ വന്നതോടെ 1990കളിൽ ഫ്ലോപ്പിയുടെ ഉപയോഗം നിലച്ചുതുടങ്ങി. സോണി കന്പനി 2011 വരെ ഫ്ലോപ്പികൾ നിർമിച്ചിരുന്നു.
്ീിു്