മാലദ്വീപ് പ്രസിഡന്റിനെതിരെ ദുർമന്ത്രവാദം; രണ്ട് മന്ത്രിമാർ അറസ്റ്റിൽ


മാലെ: മാലദ്വീപ് പ്രസിഡൻ്റ് മുഹമ്മദ് മുയിസുവിനെതിരെ ദുർമന്ത്രവാദം നടത്തിയെന്നാരോപിച്ച് രണ്ട് മന്ത്രിമാരെ പൊലീസ് അറസ്റ്റ് ചെയ്തു. പരിസ്ഥിതി മന്ത്രാലയത്തിൽ സഹ മന്ത്രിയായ ഷംനാസ് സലീമും അവരുടെ മുൻ ഭർത്താവും പ്രസിഡന്റിന്റെ ഓഫീസിൽ മന്ത്രിയുമായ ആദം റമീസുമാണ് അറസ്റ്റിലായത്. ഇവരെ കൂടാതെ ഷംനാസിന്റെ ഇളയ സഹോദരനും മന്ത്രവാദ ക്രിയകൾക്ക് നേതൃത്വം നൽകിയ ആളും അറസ്റ്റിലായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. എന്തിനാണ് ഇവർ ദുർമന്ത്രവാദം നടത്തിയതെന്നു വെളിപ്പെടുത്താനോ അറസ്റ്റ് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തു വിടാനോ പൊലീസ് തയ്യാറായിട്ടില്ല. എന്നാൽ പ്രസിഡന്റിനോട് കൂടുതൽ‍ അടുക്കാൻ വേണ്ടിയാണ് ഷംനാസ് ദുർമന്ത്രവാദം നടത്തിയതെന്നും രഹസ്യവിവരത്തെ തുടർ‍ന്ന് ജൂണ്‍ 23ന് ഇവരുടെ വസതിയിൽ‍ നടത്തിയ റെയ്ഡിൽ‍ മന്ത്രവാദവുമായി ബന്ധപ്പെട്ടുള്ള വസ്തുക്കൾ‍ കണ്ടെടുത്തുവെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അറസ്റ്റിലായവരെ ഏഴ് ദിവസത്തേക്ക് റിമാൻഡ് ചെയ്തിട്ടുണ്ട്. പരിസ്ഥിതി മന്ത്രാലയത്തിൻ്റെ നിർദ്ദേശപ്രകാരം ബുധനാഴ്ച ഷംനാസിനെ മന്ത്രിസ്ഥാനത്ത് നിന്ന് സസ്പെൻഡ് ചെയ്തു. പിന്നാലെ റമീസിനെയും സർക്കാർ പുറത്താക്കി. 

മുഹമ്മദ് മുയിസു മാലെ സിറ്റി മേയറായിരിക്കുമ്പോൾ ഷംനാസും റമീസും സിറ്റി കൗൺസിൽ അംഗങ്ങളായി അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം നവംബറിൽ മുയിസു പ്രസിഡൻ്റായി ചുമതലയേറ്റ ശേഷം ഷംനാസിനെ ആദ്യം പ്രസിഡൻ്റിൻ്റെ ഔദ്യോഗിക വസതിയിൽ സഹ മന്ത്രിയായി നിയമിക്കുകയും പിന്നീട് പരിസ്ഥിതി മന്ത്രാലയത്തിലേക്ക് മാറ്റുകയും ചെയ്തതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മേയറായിരുന്ന കാലം മുതൽ തന്നെ മുയിസുവിന്റെ വിശ്വസ്തനായിരുന്നു റമീസ്. എന്നാൽ കഴിഞ്ഞ അഞ്ച് മാസത്തലധികമായി ഇയാൾ പൊതു സമൂഹത്തിനു മുന്നിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. വിഷയത്തിൽ മാലിദ്വീപ് സർക്കാരോ പ്രസിഡൻ്റിൻ്റെ ഓഫീസോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

article-image

asdfasf

You might also like

Most Viewed