ഉപഗ്രഹാവശിഷ്ട ഭീഷണി; സുനിതാ വില്യംസ് അടക്കമുള്ള ബഹിരാകാശ സഞ്ചാരികളെ സുരക്ഷിതസ്ഥലങ്ങളിലേക്കു മാറ്റി നാസ

ഹൂസ്റ്റൺ: അന്താരാഷ്‌ട്ര ബഹിരാകാശ സ്റ്റേഷന് ഉപഗ്രഹാവശിഷ്ട ഭീഷണി നേരിട്ടതിനെത്തുടർന്ന് സുനിതാ വില്യംസ് അടക്കമുള്ള ബഹിരാകാശ സഞ്ചാരികളെ സുരക്ഷിതസ്ഥലങ്ങളിലേക്കു മാറ്റി നാസ. റഷ്യയുടെ ഉപയോഗശൂന്യമായ ഉപഗ്രഹം പൊട്ടിത്തെറിച്ച സാഹചര്യത്തിൽ ഇതിന്‍റെ അവശിഷ്ടങ്ങൾ ബഹിരാകാശ സ്റ്റേഷനിൽ ഇടിക്കുമോ എന്ന ആശങ്കയിലാണ് ബഹിരാകാശ സഞ്ചാരികൾ സുരക്ഷിതമേഖലയിലേക്കു മാറാൻ നാസ നിർദേശം നൽകിയത്. ബഹിരാകാശ സഞ്ചാരികൾ, അവരുടെ വാഹനങ്ങളിലേക്ക് മാറാനായിരുന്നു നിർദേശം. സുനിതയും ഒപ്പമെത്തിയ ബുച്ച് വിൽമറും ബോയിംഗിന്‍റെ സ്റ്റാർലൈനർ പേടകത്തിലേക്കാണു മാറിയത്. ഉപഗ്രഹാവശിഷ്ടങ്ങൾ സ്റ്റേഷനു സമീപത്തുകൂടെ കടന്നുപോയതായി നാസ സ്ഥിരീകരിച്ചു. ഒരു മണിക്കൂറിനുശേഷം ഭീഷണി ഒഴിഞ്ഞെന്നു ബോധ്യപ്പെട്ടപ്പോൾ ബഹിരാകാശ സഞ്ചാരികൾ തിരികെ സ്റ്റേഷനിലേക്കു കയറി.
ബോയിംഗ് കന്പനി നിർമിച്ച സ്റ്റാർലൈനർ പേടകത്തിൽ മനുഷ്യനെ കയറ്റിയ ആദ്യ പരീക്ഷണത്തിലാണ് ഇന്ത്യൻ വംശജയായ സുനിതയും മറ്റൊരു ബഹിരാകാശ സഞ്ചാരി ബുച്ച് വിൽമറും സ്റ്റേഷനിലെത്തിയത്. എട്ടു ദിവസത്തിനുശേഷം മടങ്ങാൻ പദ്ധതിയിട്ട ഇരുവരും സ്റ്റാർലൈനർ പേടകത്തിനുണ്ടായ സാങ്കേതിക തകരാർ മൂലം മൂന്നാഴ്ചയായി സ്റ്റേഷനിൽ തുടരുകയാണ്. ഹീലിയം ലീക്കും ത്രസ്റ്റർ പ്രശ്നങ്ങളുമാണ് സ്റ്റാർലൈനർ നേരിടുന്നത്. അടിയന്തരസാഹചര്യം ഉണ്ടായാൽ ഭൂമിയിലേക്കു മടക്കയാത്ര നടത്താനുള്ള ശേഷി ഇപ്പോഴും സ്റ്റാർലൈനറിന് ഉണ്ടെന്ന് നാസ വ്യക്തമാക്കി
sdfsf