ഇറാനിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു
ടെഹ്റാൻ: ഇറാനിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന്. ഇന്ത്യൻ സമയം രാവിലെ എട്ട് മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് ആറ് വരെ തുടരും. ഇറാൻ പ്രസിഡന്റായിരുന്ന ഇബ്രാഹിം റെയ്സി കഴിഞ്ഞ മെയ് 19ന് ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടിരുന്നു. മുൻ പാർലമെൻ്റ് സ്പീക്കർ മുഹമ്മദ് ബഗർ ഗാലിബാഫ്, നിയമനിർമ്മാതാവ് മസൂദ് പെസെഷ്കിയാൻ, മുതിർന്ന സുരക്ഷാ ഉദ്യോഗസ്ഥൻ സയീദ് ജലീലി, സുരക്ഷാ ഉദ്യോഗസ്ഥൻ മൊസ്തഫ പൗർമുഹമ്മദി എന്നിവരാണ് മത്സരരംഗത്തുള്ളത്. നേരത്തെ ആറ് പേർ മത്സരരംഗത്തുണ്ടായിരുന്നെങ്കിലും വൈസ് പ്രസിഡന്റുൾപ്പടെ രണ്ട് സ്ഥാനാർഥികൾ അവസാന നിമിഷം പിൻമാറുകയായിരുന്നു.
മുൻ വർഷത്തെപ്പോലെ എഴുപതിലേറെ പത്രികകൾ ഭരണഘടനാ പരിശോധനാ സംവിധാനമായ ഗാർഡിയൻ കൗൺസിൽ തള്ളിയിരുന്നു. ഗാലിബാഫിനും ജലീലിക്കുമാണ് വിജയ സാധ്യതയെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ഇരുവരും യാഥാസ്ഥിതികരാണ്. താരതമ്യേന മിതവാദിയായ ഗാലിബാഫിനേക്കാൾ കടുത്ത നിലപാടുകാരനായ ജലീലിക്ക് സാധ്യത കൂടുതലാണെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. രാജ്യത്തിനകത്തും പുറത്തുമായി ആകെ 6,14,52,321 പേർക്ക് വോട്ട് ചെയ്യാൻ അർഹതയുണ്ടെന്ന് ഇറാനിയൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു. എന്നാൽ വോട്ടെടുപ്പ് സുതാര്യമല്ലെന്ന കാരണം കാട്ടി ലക്ഷങ്ങൾ തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചേക്കുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തെരഞ്ഞെടുപ്പിൽ കൃതൃമത്വം നടത്തുന്നുവെന്ന തരത്തിലുള്ള വാർത്തകൾ തെറ്റാണെന്നും വോട്ടവകാശമുള്ള പൗരന്മാരെല്ലാവരും പോളിംഗ് ബൂത്തുകളിലേക്ക് എത്തണമെന്നും വോട്ട് ചെയ്തിറങ്ങിയ ഇറാൻ പരമോന്നത നേതാവ് അയത്തുള്ള അലി ഖമനേയി അഭ്യർത്ഥിച്ചു.
sfddsf