പ്രതിഷേധക്കനൽ; നികുതിവർധന പിൻവലിച്ച് കെനിയ


നെയ്റോബി: വിവാദമായ നികുതിവർധന പിൻവലിച്ച് കെനിയ. നികുതിവർധനയ്ക്കെതിരായ പ്രതിഷേധം രക്തച്ചൊരിച്ചിലിൽ കലാശിച്ചതിനു പിന്നാലെയാണ് നടപടി.  കെനിയൻ ജനത നികുതിവർധനയെ അംഗീകരിക്കില്ലെന്നു വ്യക്തമായെന്നും പരാജയം സമ്മതിക്കുകയാണെന്നും രാഷ്‌ട്രത്തെ അഭിസംബോധന ചെയ്ത പ്രസിഡന്‍റ് വില്യം റൂട്ടോ പറഞ്ഞു. ചൊവ്വാഴ്ച പാർലമെന്‍റ് വളപ്പിൽ പ്രതിഷേധക്കാർക്കു നേർക്കുണ്ടായ പോലീസ് വെടിവയ്പിൽ കുറഞ്ഞത് 22 പേർ മരിച്ച‌തായി സ്ഥിരീകരിച്ചിട്ടുണ്ട്. പരിക്കേറ്റവരുടെ എണ്ണം കൃത്യമായി തിട്ടപ്പെടുത്തിയിട്ടില്ല. കെനിയാത്ത നാഷണൽ ആശുപത്രിയിൽ 160 പേരെ പ്രവേശിപ്പിച്ചിട്ടുണ്ട്. പ്രതിഷേധത്തിന്‍റെ പശ്ചാത്തലത്തിൽ തലസ്ഥാനമായ നെയ്റോബിയിൽ പട്ടാളത്തെ വിന്യസിക്കാൻ പ്രസിഡന്‍റ് വിൽയം റൂട്ടോ നേരത്തേ ഉത്തരവിട്ടിരുന്നു. 

പ്രതിഷേധക്കാർ പാർലമെന്‍റ് മന്ദിരത്തിനു തീയിടുകയും കൊള്ളയടിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണു സൈന്യത്തെ രംഗത്തിറക്കിയിരിക്കുന്നത്. പോലീസിനെ സഹായിക്കാൻ വേണ്ടിയാണു സൈന്യമെന്നു പ്രതിരോധമന്ത്രി ഏഡൻ ബേർ ഡുവാലെ അറിയിച്ചു. ജീവിതച്ചെലവ് വർധിച്ചിരിക്കുന്നതിടെ നികുതി ഉയർത്താനുള്ള നീക്കമാണു കെനിയൻ യുവാക്കളെ പ്രതിഷേധത്തിലേക്കു നയിച്ചത്. ചൊവ്വാഴ്ച കെനിയയിലുടനീളം പ്രതിഷേധമുണ്ടായെങ്കിലും നെയ്റോബിയിലെ പാർലെന്‍റ് മന്ദിരത്തിനു ചുറ്റും വലിയ അക്രമങ്ങളാണ് അരങ്ങേറിയത്. നികുതിവർധന ഉൾപ്പെടുന്ന ധനകാര്യ ബിൽ പാസാക്കിയ എംപിമാർ പാർലമെന്‍റിന്‍റെ നിലവറയിൽ ഒളിച്ചു.  

പ്രതിഷേധക്കാർ പോലീസിനെ കല്ലെറിഞ്ഞതാണ് സംഘർഷങ്ങളുടെ തുടക്കമെന്ന് പറയുന്നു. തുടർന്ന് പോലീസ് കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചെങ്കിലും ഫലമില്ലാതെ വന്നപ്പോഴാണ് വെടിവച്ചതത്രേ. പ്രതിഷേധക്കാരെ സർക്കാർ ഉരുക്കുമുഷ്ടി ഉപയോഗിച്ച് നേരിടുന്നതായും ചിലരെ തട്ടിക്കൊണ്ടുപോകുന്നതായും അവകാശ സംഘടനകൾ ആരോപിച്ചിട്ടുണ്ട്. അതേസമയം പ്രതിഷേധത്തിനു പിന്നിൽ ക്രിമിനലുകളാണെന്നാണ് പ്രസിഡന്‍റ് വില്യം റൂട്ടോ പറഞ്ഞത്. കെനിയയിലെ അക്രമസംഭവങ്ങളിൽ ബ്രിട്ടനും ജർമനിയും അടക്കമുള്ള പാശ്ചാത്യശക്തികൾ ആശങ്ക അറിയിച്ചിരുന്നു.

article-image

asdffe

You might also like

  • Lulu Exchange
  • Straight Forward

Most Viewed