വിദേശ ആക്രമണം നേരിടുന്ന പക്ഷം പരസ്പരം സഹായിക്കാനുള്ള ധാരണയിൽ ഒപ്പുവച്ച് റഷ്യയും ഉത്തരകൊറിയയും


പ്യോഗ്യാംഗ്: വിദേശ ആക്രമണം നേരിടുന്ന പക്ഷം പരസ്പരം സഹായിക്കാനുള്ള ധാരണയിൽ റഷ്യയും ഉത്തരകൊറിയയും ഒപ്പുവച്ചു. റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിന്‍റെ ഉത്തരകൊറിയ സന്ദർശനത്തിലാണ് ഇതിനുള്ള കരാർ യാഥാർഥ്യമായത്. സുരക്ഷ, വാണിജ്യം, സാന്പത്തികം, ടൂറിസം, സാംസ്കാരികം എന്നിങ്ങനെ സർവമേഖലയിലും സഹകരിക്കാനുള്ള ‘തന്ത്രപങ്കാളിത്ത കരാറിൽ’ ആണ് പുടിനും ഉത്തരകൊറിയൻ നേതാവ് കിം ജോംഗ് ഉന്നും ഒപ്പുവച്ചത്. പാശ്ചാത്യ അതിക്രമങ്ങളെ നേരിടാനും പരമാധികാരം ഉറപ്പാക്കാനും ഉത്തരകൊറിയ നടത്തുന്ന നീക്കങ്ങളെ റഷ്യ പിന്തുണയ്ക്കുന്നതായി പുടിൻ പറഞ്ഞു. പാശ്ചാത്യ ശക്തികളുടെ ആഗോള രാഷ്‌ട്രീയലക്ഷ്യങ്ങളെ ഇനി പ്രചാരണത്തിലൂടെ മറച്ചുവയ്ക്കാനാവില്ല. പാശ്ചാത്യർ റഷ്യയെ ആക്രമിക്കാനായി യുക്രെയ്ന് ആയുധങ്ങൾ നൽകുന്നു. ഇത്തരം സാഹചര്യത്തിൽ റഷ്യ ഉത്തരകൊറിയയുമായി സൈനിക സഹകരണം ഉണ്ടാക്കുന്നത് തള്ളിക്കളയാനാവില്ലെന്നു പുടിൻ കൂട്ടിച്ചേർത്തു. റഷ്യ യുക്രെയ്നിൽ നടത്തുന്ന അധിനിവേശത്തെ ഉത്തരകൊറിയ പൂർണമായും പിന്തുണയ്ക്കുന്നതായി കിം ജോംഗ് ഉൻ പറഞ്ഞു. 

റഷ്യയോ ഉത്തരകൊറിയയോ യുദ്ധം നേരിട്ടാൻ മടിക്കാതെ പ്രതികരിക്കും. ഉത്തരകൊറിയയും റഷ്യയും തമ്മിലുള്ള ബന്ധം പുതിയ തലത്തിലെത്തിയിരിക്കുന്നു. ഇരു രാജ്യങ്ങളും ഒപ്പുവച്ച പുതിയ കരാർ സമാധാനത്തിനും പ്രതിരോധത്തിനും വേണ്ടിയുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗംഭീര സ്വീകരണം, ആഡംബര കാർ സമ്മാനം കാൽ നൂറ്റാണ്ടിനുശേഷം ഉത്തരകൊറിയ സന്ദർശിക്കാനെത്തിയ റഷ്യൻ പ്രസിഡന്‍റ് പുടിനു വന്പൻ സ്വീകരണമാണ് കിം ജോംഗ് ഉൻ നൽകിയത്. പ്യോഗ്യാംഗിലെ കിം ഇൽ സുങ് ചത്വരത്തിൽ പുടിനെ കിം പുഞ്ചിരിയോടെ ആലിംഗനം ചെയ്തു. തുടർന്ന് അതിഗംഭീര മിലിട്ടറി പരേഡ് അരങ്ങേറി. ഒരുലക്ഷത്തോളം പേരെ ഉൾക്കൊള്ളാൻ കഴിയുന്ന ചത്വരം നിറച്ചും ആളുണ്ടായിരുന്നു. കുട്ടികളും മുതിർന്നവരും ഇരുരാജ്യങ്ങളിലെയും പതാകകൾ വഹിച്ചിരുന്നു. 

പ്യോഗ്യാംഗിലെ തെരുവുകളിൽ റഷ്യൻ പതാകയും പുടിന്‍റെ ചിത്രവും സ്വാഗതസന്ദേശങ്ങളും സ്ഥാപിച്ചിരിക്കുന്നത് ഉത്തരകൊറിയ പുറത്തുവിട്ട വീഡിയോയിൽ വ്യക്തമാണ്. കിമ്മിനു പുടിൻ റഷ്യൻ നിർമിത ലിമോസിനും ചായപ്പാത്രങ്ങളും കഠാരയും സമ്മാനമായി നൽകിയെന്നാണ് അറിയിപ്പ്. കലാവസ്തുക്കളാണു കിം തിരിച്ചു സമ്മാനിച്ചത്. കാർ പ്രേമിയായ കിമ്മിനു പുടിൻ ഓറസ് കന്പനിയുടെ ലിമോസിൻ ആണു നൽകിയത്. പുടിൻ ഓടിക്കുന്ന ഓറസ് ലിമോസിനിൽ കിം ഇരിക്കുന്ന ചിത്രം ഇതിനു പിന്നാലെ പുറത്തുവന്നു. ഉത്തരകൊറിയാ സന്ദർശനം പൂർത്തിയാക്കിയ പുടിൻ മറ്റൊരു സഖ്യരാജ്യമായ വിയറ്റ്നാമിലേക്കാണു പോയത്.

article-image

adsfsdf

You might also like

Most Viewed