ഗാസയിൽ കൂടുതൽ സഹായം എത്തിച്ചേരുന്നതിന് പകൽ യുദ്ധം നിർത്തിവയ്ക്കുമെന്ന് ഇസ്രേലി സേന
ഗാസയിൽ കൂടുതൽ സഹായം എത്തിച്ചേരുന്നതിനായി പകൽസമയം ചില റൂട്ടിൽ പോരാട്ടം നിർത്തിവയ്ക്കുമെന്ന് ഇസ്രേലി സേന അറിയിച്ചു. തെക്കൻ ഗാസയിലെ കെറം ഷാലോം ചെക്ക്പോസ്റ്റിൽനിന്നു സലാ അൽ ദിൻ റോഡ് വരെയും അവിടെനിന്നു ഖാൻ യൂനിസ് പട്ടണത്തിനടുത്തുള്ള യൂറോപ്യൻ ആശുപത്രി വരെയുമുള്ള പാതയിലാണു സൈനിക നടപടി ഒഴിവാക്കുക. ഗാസയിലേക്കുള്ള സഹായവസ്തുക്കൾ നിറച്ച ലോറികൾ കെട്ടിക്കിടക്കുന്ന പശ്ചാത്തലത്തിലാണു തന്ത്രപരമായ നീക്കമെന്നും അറിയിച്ചു. രാവിലെ എട്ടു മുതൽ രാത്രി എഴു വരെയാണ് സമയം നിശ്ചയിച്ചിരിക്കുന്നത്. ശനിയാഴ്ച ആരംഭിച്ച ഇത് അടുത്ത അറിയിപ്പുണ്ടാകുന്നതുവരെ തുടരുമെന്നും പറയുന്നു. അതേസമയം, ഇതു വെടിനിർത്തലല്ലെന്നും തെക്കൻ ഗാസയിലെ റാഫയിൽ യുദ്ധം തുടരുമെന്നും ഇസ്രേലി സേന വ്യക്തമാക്കിയിട്ടുണ്ട്. ഇസ്രയേലിനും ഗാസയ്ക്കും ഇടയിലുള്ള കെറം ഷാലോം ചെക്ക് പോസ്റ്റ് ഒരു മാസത്തിലധികമായി അടച്ചിട്ടിരിക്കുകയാണ്.
ഇസ്രേലി സേന റാഫയിൽ ആക്രമണം തുടങ്ങിയതോടെ ആയിരുന്നു ഇത്. അതിനു മുന്പ് കെറം ഷാലോ വഴിയാണു ഗാസയിലേക്കു പ്രധാനമായും സഹായം എത്തിച്ചേർന്നിരുന്നത്. ജനം തിങ്ങിനിറഞ്ഞ റാഫയിൽ സൈനിക നടപടി ഒഴിവാക്കാൻ ഇസ്രയേലിനുമേൽ സഖ്യകക്ഷികളും അന്താരാഷ്‌ട്ര സംഘടനകളും സമ്മർദം ചെലുത്തുന്നുണ്ട്. എന്നാൽ ഹമാസിന്‍റെ അവസാന ശക്തികേന്ദ്രമായ റാഫയിലെ യുദ്ധം ഒഴിവാക്കാനാവില്ലെന്നാണ് ഇസ്രയേലിന്‍റെ നിലപാട്. ഇതിനിടെ, പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹുവിനെയോ പ്രതിരോധമന്ത്രി യൊവാവ് ഗാലന്‍റിനെയോ അറിയിക്കാതെയാണ് ഇസ്രേലിസേന പകൽയുദ്ധം നിർത്തിവയ്ക്കാൻ തീരുമാനിച്ചതെന്നു റിപ്പോർട്ടുകളിൽ പറയുന്നു. ഇന്നലെയാണ് നെതന്യാഹു ഇതിനെക്കുറിച്ചറിഞ്ഞത്. പദ്ധതി അംഗീകരിക്കാനാവില്ലെന്ന് നെതന്യാഹു മിലിട്ടറി സെക്രട്ടറിയോട് പറഞ്ഞു. ഇസ്രേലി സേനയുടെ നയത്തിൽ മാറ്റമില്ലെന്നും റാഫയിലെ യുദ്ധം പ്ലാൻ പോലെ നടക്കണമെന്നും നെതന്യാഹു നിർദേശിച്ചു.
sdfsf