പന്നുവിനെ വധക്കേസ്; നിഖിൽ ഗുപ്തയെ ചെക്ക് റിപ്പബ്ലിക്കിൽ നിന്നും യു.എസിലേക്ക് മാറ്റിയതായി റിപ്പോർട്ട്


ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഗുർപത്വന്ത് സിങ് പന്നുവിനെ വധിക്കാൻ ശ്രമിച്ച കേസിൽ കുറ്റാരോപിതനായ ഇന്ത്യക്കാരൻ നിഖിൽ ഗുപ്തയെ ചെക്ക് റിപ്പബ്ലിക്കിൽ നിന്നും യു.എസിലേക്ക് മാറ്റിയതായി റിപ്പോർട്ടുകൾ. യു.എസിൽ വച്ചായിരുന്നു പന്നുവിനെതിരെയുള്ള വധശ്രമം. കഴിഞ്ഞ ജൂണിലാണ് അമേരിക്കയുടെ നിർദേശ പ്രകാരം ചെക്ക് റിപ്പബ്ലിക്ക് സർക്കാർ നിഖിൽ ഗുപ്തയെ അറസ്റ്റ് ചെയ്യുന്നത്. നിഖിൽ ഗുപ്തയെ ഫെഡറൽ അഡ്മിനിസ്ട്രേറ്റീവ് തടങ്കൽ കേന്ദ്രമായ ബ്രൂക്ലിനിലെ മെട്രോപൊളിറ്റൻ ഡിറ്റൻഷൻ സെൻ്ററിൽ താമസിപ്പിച്ചിരിക്കുന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഫെഡറൽ ബ്യൂറോ ഓഫ് പ്രിസൺസ് വെബ്‌സൈറ്റും ചില അടുത്ത വൃത്തങ്ങളെയും ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിട്ടേഴ്സാണ് റിപ്പോർട്ടുകൾ പുറത്ത് വിട്ടിരിക്കുന്നത്.

2023 നവംബറിലാണ് ഇന്ത്യൻ റോ ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ അമേരിക്കൻ പൗരനായ പന്നുവിനെ വധിക്കാൻ പദ്ധതിയിട്ടതായി അമേരിക്ക ആരോപണം ഉന്നയിച്ചത്. ഉത്തരേന്ത്യയിൽ പരമാധികാര സിഖ് രാഷ്ട്രത്തിന് വേണ്ടി വാദിച്ച യു.എസിൽ താമസിക്കുന്ന ഗുർപ്ത്വന്ത് സിങ് പന്നുവിനെ കൊല്ലാൻ ഇന്ത്യൻ സർക്കാർ ഉദ്യോഗസ്ഥനുമായി ചേർന്ന് നിഖിൽ ഗുപ്ത ഗൂഢാലോചന നടത്തി എന്നായിരുന്നു യു.എസ് ഫെഡറൽ പ്രോസിക്യൂട്ടർമാരുടെ വാദം. യു.എസിന്‍റെയും കാനഡയുടെയും ഇരട്ട പൗരത്വമുള്ളയാളാണ് ഗുർപത്വന്ത് സിങ് പന്നു. 

പലതരത്തിലുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങളിലും പങ്കു തെളിഞ്ഞതിനെ തുടർന്ന്  2020ൽ ഇന്ത്യ പന്നുവിനെ ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. പഞ്ചാബിൽ രാജ്യദ്രോഹവുമായി ബന്ധപ്പെട്ട മൂന്നു കേസുകളിലടക്കം 22 ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഗുർപത്വന്ത് സിങ് പന്നു. 2022 ഒക്ടോബറിൽ പന്നുവിനെതിരെ റെഡ്കോർണർ നോട്ടീസ് അയക്കാൻ ഇന്ത്യ ഇന്റർപോളിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി ഇന്റർപോൾ ഈ ആവശ്യം നിരസിക്കുകയാണുണ്ടായത്.

article-image

ewsts

You might also like

Most Viewed