നാല് ബന്ദികളെ മോചിപ്പിക്കുന്നതിനിടെ ഇസ്രായേൽ മൂന്ന് ബന്ദികളെ കൊന്നുവെന്ന് ഹമാസ് നേതാവ് ഉസാമ ഹംദാൻ
തങ്ങൾ ബന്ദികളാക്കിയവരിൽ എത്രപേർ ഇസ്രായേൽ സൈന്യത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടുവെന്നും ബാക്കി എത്രപേർ ഇപ്പോഴും ജീവനോടെ അവശേഷിക്കുന്നുണ്ടെന്നും അറിയില്ലെന്ന് ഹമാസ് വക്താവും പൊളിറ്റിക്കൽ ബ്യൂറോ അംഗവുമായ ഉസാമ ഹംദാൻ. സ്ത്രീകളെയും കുട്ടികളെയും കൂട്ടത്തോടെ കൊലപ്പെടുത്തുന്ന ഇസ്രായേൽ സേനയുടെ ആക്രമണത്തിൽ നിരവധി ബന്ദികൾക്കും ജീവൻ നഷ്ടമായതായി അദ്ദേഹം ലെബനീസ് തലസ്ഥാനമായ ബെയ്‌റൂത്തിൽ സി.എൻ.എൻ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ച ഗസ്സയിലെ നുസൈറത്തിൽനിന്ന് നാല് ബന്ദികളെ മോചിപ്പിക്കാൻ ഇസ്രായേൽ നടത്തിയ ഓപറേഷനിടെ അമേരിക്കൻ പൗരൻ ഉൾപ്പെടെ മൂന്ന് ബന്ദികൾ കൊല്ലപ്പെട്ടതായും അദ്ദേഹം പറഞ്ഞു.
കുഞ്ഞുങ്ങളും സ്ത്രീകളുമടക്കം നിരവധി ഫലസ്തീനികളെയും ഇസ്രായേൽ സേന അന്ന് കൊലപ്പെടുത്തിയിരുന്നു. നോആ അറഗാമി (25), ആൽമോങ് മെയർ (21), ആന്ദ്രേ കോസ്ലോവ് ( 27), ഷലോമി സിവ് (40) എന്നിവരെയാണ് കര, നാവിക, വ്യോമ സൈനിക നീക്കത്തിലൂടെ ഇസ്രായേൽ മോചിപ്പിച്ചത്. ഗസ്സയിൽ കഴിയുന്ന 100ലധികം ബന്ദികളിൽ 70ലേറെ പേർ ജീവനോടെയുണ്ടെന്നാണ് ഇസ്രായേൽ കരുതുന്നത്. എന്നാൽ, എത്രപേർ ജീവിച്ചിരിപ്പുണ്ടെന്ന് തനിക്ക് അറിയില്ലെന്ന് സി.എൻ.എന്നിനോട് സംസാരിക്കവെ ഹംദാൻ പറഞ്ഞു.
gthuyghtytyfry