തോക്കു കേസിൽ യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍റെ മകൻ കുറ്റക്കാരനെന്ന് കോടതി
മയക്കുമരുന്നിന് അടിമയായിരുന്ന കാര്യം മറച്ചുവച്ച് തോക്കു വാങ്ങിയെന്ന കേസിൽ യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍റെ മകൻ ഹണ്ടർ ബൈഡൻ കുറ്റക്കാരനാണെന്ന് ഡെലാവേർ ഫെഡറൽ കോടതി ജൂറി വിധിച്ചു. അന്പത്തിനാലുകാരനായ ഹണ്ടറിന് 25 വർഷം വരെ തടവുശിക്ഷ ലഭിക്കാമെന്ന് നിയമവൃത്തങ്ങൾ ചൂണ്ടിക്കാട്ടി. 2018ൽ കൈത്തോക്ക് വാങ്ങിയതുമായി ബന്ധപ്പെട്ടാണ് കേസ്. ഈ സമയത്ത് അദ്ദേഹം കൊക്കെയ്ൻ മയക്കുമരുന്നിന് അടിമയായിരുന്നു എന്ന കാര്യം തോക്കിനുള്ള ലൈസൻസ് അപേക്ഷയിൽ മറച്ചുവച്ചു. അനധികൃതമായി തോക്ക് കൈവശം വച്ചതിനും വ്യാജപ്രസ്താവന നടത്തിയതിനും ചുമത്തപ്പെട്ട മൂന്നു കുറ്റങ്ങളിലും ഹണ്ടർ കുറ്റക്കാരനാണെന്ന് ജൂറി കണ്ടെത്തി. അദ്ദേഹം ഈ കുറ്റങ്ങളെല്ലാം കോടതിയിൽ നിഷേധിച്ചിരുന്നു.
ഹണ്ടറിന്‍റെ കേസ് പിതാവ് ജോ ബൈഡന് വ്യക്തിപരമായ തിരിച്ചടിയാണെങ്കിലും രാഷ്‌ട്രീയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കില്ല. നവംബറിലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ബൈഡൻ വീണ്ടും മത്സരിക്കുന്നുണ്ട്. ഹണ്ടറിന്‍റെ വിചാരണയിൽ അമേരിക്കൻ ജനത കാര്യമായ താത്പര്യം കാട്ടിയിട്ടില്ലെന്നാണ് നിരീക്ഷകർ പറയുന്നത്.
dfgdfg