ഭൂരിപക്ഷം ഇല്ലെങ്കിലും റാമഫോസ പ്രസിഡന്‍റ് പദവി ഒഴിയില്ലെന്ന് എഎൻസി


വർണവിവേചനം അവസാനിച്ച് നെൽസൺ മണ്ടേല പ്രസിഡന്‍റായതു മുതലുള്ള മൂന്നു പതിറ്റാണ്ട് ദക്ഷിണാഫ്രിക്ക ഭരിച്ച ആഫ്രിക്കൻ നാഷണൽ കോൺഗ്രസ് (എഎൻസി) പാർട്ടിക്ക് ആദ്യമായി ഭൂരിപക്ഷം നഷ്ടമായി. ബുധനാഴ്ച നടന്ന പൊതു തെരഞ്ഞെടുപ്പിൽ 40 ശതമാനം വോട്ടാണ് എഎൻസിക്കു ലഭിച്ചത്. ഏറ്റവും വലിയ ഒറ്റക്കക്ഷിയായ എഎൻസി മറ്റു പാർട്ടികളുടെ പിന്തുണയോടെ ഭരണം നിലനിർത്തുമെന്നാണു സൂചന. അതേസമയം, പ്രസിഡന്‍റ് സിറിൾ റാമഫോസയ്ക്കുമേൽ സമ്മർദം ശക്തമാണ്. ആരുമായി സഖ്യമുണ്ടാക്കിയാലും റാമഫോസ പ്രസിഡന്‍റ് പദവി ഒഴിയില്ലെന്ന് എഎൻസി വ്യക്തമാക്കിയിട്ടുണ്ട്. 1994ലെ ആദ്യ ജനാധിപത്യ തെരഞ്ഞെടുപ്പു മുതൽ എഎൻസിയുടെ വോട്ടുവിഹിതം 50 ശതമാനത്തിനു മുകളിലായിരുന്നു. കഴിഞ്ഞ തവണ 58 ശതമാനം ലഭിച്ചു. ഇക്കുറി ഭൂരിപക്ഷമുണ്ടാവില്ലെന്നു പ്രതീക്ഷിച്ചിരുന്നെങ്കിലും 45 ശതമാനമെങ്കിലും ലഭിക്കുമെന്നാണു കരുതിയത്. 

അഴിമതി, തൊഴിലില്ലായ്മ, കുറ്റകൃത്യങ്ങളിലെ വർധന എന്നിവയാണു പരന്പരാഗത വോട്ടർമാരെ എഎൻസിയിൽനിന്ന് അകറ്റിയത്. മുൻ പ്രസിഡന്‍റ് ജേക്കബ് സുമ എഎൻസി പിളർത്തി രൂപവത്കരിച്ച എംകെ പാർട്ടി ആദ്യ തെരഞ്ഞെടുപ്പിൽ തന്നെ 15 ശതമാനം വോട്ട് നേടി മൂന്നാം സ്ഥാനത്തെത്തിയതും മറ്റൊരു പ്രധാന കാരണമാണ്. 22 ശതമാനം വോട്ട് നേടിയ പ്രതിപക്ഷ ഡെമോക്രാറ്റിക് അലയൻസ് (ഡിഎ) പാർട്ടിയാണു രണ്ടാം സ്ഥാനത്ത്. എഎൻസി ഇവരുമായി ചേർന്ന് സഖ്യകക്ഷി സർക്കാർ രൂപവത്കരിക്കാനുള്ള സാധ്യതയാണു നിരീക്ഷകർ മുന്നോട്ടു വയ്ക്കുന്നത്. 

ഇതിൽതന്നെ ജേക്കബ് സുമയുടെ എംകെ പാർട്ടിക്കാൻ സാധ്യത കൂടുതൽ. എഎൻസിയുമായി ചർച്ചയ്ക്കു തയാറാണെന്നു സുമ പറഞ്ഞുകഴിഞ്ഞു. പക്ഷേ, റാമഫോസ നേതൃപദവി ഒഴിയണമെന്ന ആവശ്യം സുമ മുന്നോട്ടു വച്ചിട്ടുണ്ട്. എഎൻസിയിലെ അധികാര വടംവലിക്കൊടുവിൽ 2018ൽ സുമയെ പുറത്താക്കിയാണ് റാമഫോസ പ്രസിഡന്‍റാവുന്നത്. ഇരുവരും ബദ്ധവൈരികളാണ്. സർക്കാരുണ്ടാക്കുന്നതിന് എഎൻസിയെ പിന്തുണച്ചാൽ സുമ, കിംഗ്‌മേക്കർ റോളിലെത്തുമെന്നും നിരീക്ഷകർ അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പുഫലം പ്രഖ്യാപിച്ച് രണ്ടാഴ്ചയ്ക്കകം പുതിയ പാർലമെന്‍റ് ചേരണം. പാർലമെന്‍റാണു പ്രസിഡന്‍റിനെ തെരഞ്ഞെടുക്കുന്നത്.

article-image

sdfsdfs

You might also like

  • Lulu Exchange
  • Straight Forward

Most Viewed