അപൂര്‍വ രോഗമായ എസ്എംഎ ബാധിച്ച കുട്ടികൾക്കുള്ള സൗജന്യമരുന്ന് വിതരണം; 6വയസ്സിൽ നിന്ന് 12 വയസുവരെ ഉയർത്തി
അപൂര്‍വ രോഗമായ സ്പൈനല്‍ മസ്‌കുലര്‍ അട്രോഫി (എസ്എംഎ) അസുഖം ബാധിച്ച 12 വയസ് വരെയുള്ള കുട്ടികള്‍ക്കുള്ള സൗജന്യ മരുന്ന് വിതരണം ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആറ് വയസ്സുവരെയുള്ള കുട്ടികള്‍ക്ക് നല്‍കിയിരുന്ന മരുന്നാണ് 12 വയസ് വരെയാക്കിയത്. ആദ്യ ഘട്ടത്തില്‍ 10 കുട്ടികള്‍ക്കാണ് വിലകൂടിയ മരുന്ന് നല്‍കിയിരുന്നത്. ഇതുവരെ 57 കുട്ടികള്‍ക്കാണ് മരുന്ന് വിതരണം ചെയ്തതെന്നും മന്ത്രി പറഞ്ഞു. 12 വയസ് വരെ ചികിത്സ ഉയര്‍ത്തുമ്പോള്‍ 23 കുട്ടികള്‍ക്കും കൂടി മരുന്ന് നല്‍കും. നവകേരള സദസിനിടെ എസ്എംഎ ബാധിതയും കോഴിക്കോട് സ്വദേശിയുമായ സിയ മെഹ്‌റിന്‍ തന്റെ അനുഭവം പങ്കുവയ്ക്കുന്നതിനിടെയാണ് അപൂര്‍വ രോഗത്തിനുള്ള മരുന്ന് വിതരണം ആറ് വയസിന് മുകളിലുള്ള കുട്ടികള്‍ക്കും ലഭ്യമാക്കിയാല്‍ സഹായകരമാണെന്ന് പറഞ്ഞത്.
ഇക്കാര്യം പരിശോധിച്ച് നടപടിയെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന് നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്നാണ് കഴിഞ്ഞ മാസം മന്ത്രി വീണാ ജോര്‍ജ് സര്‍ക്കാര്‍ തലത്തില്‍ ചര്‍ച്ച ചെയ്ത് ആറ് വയസിന് മുകളിലുള്ള കുട്ടികള്‍ക്കും സൗജന്യ മരുന്ന് നല്‍കാന്‍ തീരുമാനമെടുത്തത്. നട്ടെല്ലിന്റെ വളവ് പരിഹരിക്കുന്നതിനുള്ള സൗജന്യ ശസ്ത്രക്രിയ ആദ്യമായി നടത്തിയത് സിയാ മെഹ്‌റിനിലാണ്.
ഇന്ത്യയില്‍ ആദ്യമായാണ് ഒരു സംസ്ഥാനത്ത് അപൂര്‍വ രോഗത്തിനുള്ള മരുന്നുകള്‍ സര്‍ക്കാര്‍ തലത്തില്‍ സൗജന്യമായി നല്‍കാൻ തുടങ്ങിയത്. സംസ്ഥാനത്ത് ആറ് വയസ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് ഒന്നര വര്‍ഷത്തിലേറെയായി സൗജന്യ മരുന്ന് നല്‍കി വരുന്നുണ്ട്. ഒരു ഡോസിന് ആറ് ലക്ഷത്തോളം രൂപ വരുന്ന 600 യൂണിറ്റോളം റിസ്ഡിപ്ലാം മരുന്നാണ് ഇതുവരെ നല്‍കിയതെന്ന് മന്ത്രി പറഞ്ഞു. ഈ കുട്ടികളെല്ലാം തന്നെ രോഗം ശമിച്ച് കൂടുതല്‍ ബലമുള്ളവരും കൂടുതല്‍ ചലനശേഷിയുള്ളവരുമായി മാറിയിട്ടുണ്ട്. ഈ പ്രായത്തിൽ അപൂര്‍വ രോഗം ബാധിച്ച കുട്ടികള്‍ക്ക് നട്ടെല്ല് വളവും ശ്വാസകോശത്തിന്റെ പ്രവര്‍ത്തന ക്ഷമതയില്‍ വരുന്ന കുറവും ചലനശേഷിയില്‍ വരുന്ന കുറവുമെല്ലാം വളരെയേറെ ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. രോഗ ബാധിതരായ കുട്ടികളെ ഘട്ടം ഘട്ടമായി മരുന്ന് നല്‍കി ജീവിത്തിലേക്ക് മടക്കിക്കൊണ്ടു വരിക എന്ന ലക്ഷ്യത്തോടെയാണ് അധിക സാമ്പത്തിക ബാധ്യത ഏറ്റെടുത്ത് ആറ് വയസിന് മുകളിലുള്ള കുട്ടികള്‍ക്കും മരുന്ന് വിതരണം ആരംഭിച്ചതെന്ന് മന്ത്രി വ്യക്തമാക്കി.
adsasdsadsasas