ഡിജിറ്റല്‍ ഹെല്‍ത്ത്: ആധുനികവത്ക്കരിക്കുന്നതിനും ബയോമെട്രിക് പഞ്ചിംഗിനുമായി 7.85 കോടി അനുവദിച്ചു


ആരോഗ്യ മേഖലയില്‍ ഡിജിറ്റല്‍ സാങ്കേതികവിദ്യ നടപ്പിലാക്കുന്നതിന്റെ ഭാഗമായി ആരോഗ്യ സ്ഥാപനങ്ങളെ ആധുനികവത്ക്കരിക്കാന്‍ 7.85 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. അതില്‍ സാമൂഹികാരോഗ്യ കേന്ദ്രം മുതലുള്ള ആശുപത്രികളില്‍ ആധാര്‍ അധിഷ്ഠിത പഞ്ചിംഗ് സിസ്റ്റം സ്ഥാപിക്കുന്നതിനായി 5.16 രൂപയാണ് അനുവദിച്ചത്. ജില്ലാ മെഡിക്കല്‍ ഓഫീസുകള്‍, സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, താലൂക്ക് ആശുപത്രികള്‍, ജില്ലാ, ജനറല്‍ ആശുപത്രികള്‍ എന്നിവിടങ്ങളിലാണ് പഞ്ചിംഗ് നടപ്പിലാക്കുന്നത്. നിലവില്‍ ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റ് ഉള്‍പ്പെടെയുള്ള 10 ആരോഗ്യ സ്ഥാപനങ്ങളില്‍ പഞ്ചിംഗ് നടപ്പിലാക്കിയിട്ടുണ്ട്. ഘട്ടം ഘട്ടമായി സംസ്ഥാനത്തെ എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും പഞ്ചിംഗ് നടപ്പിലാക്കുമെന്നും മന്ത്രി വ്യക്തമാക്കി. ആരോഗ്യ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളുടെ വിവരങ്ങള്‍ കേന്ദ്രീകൃതമായി നിരീക്ഷിക്കുന്നതിനായി സെന്‍ട്രല്‍ ഡേറ്റ റിപ്പോസിറ്ററി ആപ്ലിക്കേഷന്‍ സജ്ജമാക്കാനായി 14.50 ലക്ഷം രൂപ അനുവദിച്ചു. ഡിജിറ്റല്‍ ഹെല്‍ത്ത് സാക്ഷാത്ക്കരിക്കുന്നതിന് വലിയ പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്. ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിലും 14 ജില്ലാ മെഡിക്കല്‍ ഓഫീസുകളിലും ഇ ഓഫീസ് സംവിധാനം നടപ്പിലാക്കി. 

സ്റ്റേറ്റ് ടിബി സെന്റര്‍ തുടങ്ങിയ 20 ഓളം ആരോഗ്യ സ്ഥാപനങ്ങളില്‍ ഇ ഓഫീസ് അന്തിമ ഘട്ടത്തിലാണ്. 599 ആരോഗ്യ സ്ഥാപനങ്ങളില്‍ ഇ ഹെല്‍ത്ത് നടപ്പിലാക്കി. 392 ആശുപത്രികളിലും ഇ ഹെല്‍ത്ത് നടപ്പിലാക്കിയത് ഈ സര്‍ക്കാരിന്റെ കാലത്താണ്. ഓണ്‍ലൈന്‍ ഒപി ടിക്കറ്റും പേപ്പര്‍ രഹിത ആശുപത്രി സേവനങ്ങളും യാഥാര്‍ത്ഥ്യമാക്കി. ജീവിതശൈലീ രോഗനിര്‍ണയത്തിന് ശൈലീ ആപ്പ് ആവിഷ്ക്കരിച്ചു. ആര്‍ദ്രം ജനകീയ കാമ്പയിനിലൂടെ ഒന്നര കോടിയിലധികം പേരെ ആരോഗ്യ പ്രവര്‍ത്തകര്‍ വീട്ടിലെത്തി സ്‌ക്രീനിംഗ് നടത്തി. കാന്‍സര്‍ രോഗനിര്‍ണയത്തിനും കാന്‍സര്‍ ചികിത്സ ഏകോപിപ്പിക്കുന്നതിനും കാന്‍സര്‍ ഗ്രിഡ്, കാന്‍സര്‍ കെയര്‍ സ്യൂട്ട് നടപ്പിലാക്കി. വിപുലമായ ഇ സഞ്ജീവനി സേവനങ്ങള്‍ ലഭ്യമാക്കി. ലാബ് റിസള്‍ട്ട് എസ്.എം.എസ്. ആയി ലഭിക്കുന്ന സംവിധാനം ലഭ്യമാക്കി വരുന്നു. ഹൃദ്യം, ആശാധാര പദ്ധതികളുടെ സേവനം ഓണ്‍ലൈന്‍ വഴിയാക്കി. ആശാധാര പദ്ധതിയുടെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിന് അടുത്തിടെ ദേശീയ ഡിജിറ്റല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ അവാര്‍ഡ് ലഭിച്ചിരുന്നു.

article-image

sdfsf

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed