ഇന്ത്യയിൽ കോവിഡ് കേസുകൾ വർദ്ധിക്കുന്നു; 24 മണിക്കൂറിനിടെ 800ലേറെ കേസുകൾ
രാജ്യത്ത് കോവിഡ് കേസുകൾ കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 800 ലേറെ കേസുകളാണ് രേഖപ്പെടുത്തിയത്. നാലുമാസത്തിനിടെയുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. 841 പേരാണ് 24 മണിക്കൂറിനുള്ളിൽ രോഗബാധിതരായി ചികിത്സ തേടിയത്. ഇതോടെ സജീവ കേസുകളുടെ എണ്ണം 5,389 ആയി വർധിച്ചുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രസിദ്ധീകരിച്ച വിവരങ്ങൾ വ്യക്തമാക്കുന്നു. രാജ്യത്ത് ഇതുവരെ 4.46 കോടി കോവിഡ് കേസുകളാണ് ഉണ്ടായിരിക്കുന്നതെന്നാണ് ആരോഗ്യമന്ത്രാലയം നൽകുന്ന വിവരം.
ഝാർഖണ്ഡിലും മഹാരാഷ്ട്രയിലും രണ്ട് മരണവും കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ, കേരളത്തിൽ മുമ്പ് നടന്ന രണ്ട് മരണങ്ങൾ കേവിഡ് മൂലമാണെന്ന് കണ്ടെത്തുകയും ചെയ്തു. കേരളം, മഹാരാഷ്ട്ര, കർണാടക, ഗുജറാത്ത് എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഒരു ദിവസം ശരാശരി ഉണ്ടാകുന്ന പുതിയ കോവിഡ് കേസുകൾ ഫെബ്രുവരിയേക്കാൾ ആറ് മടങ്ങ് വർധിച്ചിരിക്കുകയാണ്. ഫെബ്രുവരി 18 വരെയുള്ള കണക്ക് പ്രകാരം ദിവസേനയുള്ള കോവിഡ് കേസുകളുടെ ശരാശരി 112ആയിരുന്നെങ്കിൽ മാർച്ച് 18 വരെയുള്ള കണക്കുകൾ പ്രകാരം 626 ആണ്.
dfdg