ചൈനയിൽ ബൂമറാങ്ങായി കൊവിഡ് ; രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധന
ചൈനയിൽ കൊറോണ രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നു. ഒരിടവേളയ്‌ക്ക് ശേഷം ചൈനയിൽ പലയിടത്തും ക്വാറന്റൈൻ സെന്ററുകളും താത്കാലിക ആശുപത്രികളും ഉയർന്നു തുടങ്ങിയിരിക്കുകയാണ്. ഗ്വാങ്ഷൗവിൽ 2,50,000 പേരെ ഉൾക്കൊള്ളുന്ന ക്വാറന്റൈൻ കേന്ദ്രങ്ങൾ നിർമ്മിക്കുന്നതായാണ് റിപ്പോർട്ട്. ഇതിന്റെ ദൃശ്യങ്ങളും പുറത്ത് വന്ന് തുടങ്ങിയിട്ടുണ്ട്. 13 ലക്ഷത്തോളം ആളുകൾ താമസിക്കുന്ന നഗരമാണ് ഗ്വാങ്ഷൗ. കഴിഞ്ഞ മാസം മുതൽ ഇവിടെ കൊറോണ രോഗികളുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം മാത്രം മേഖലയിൽ 7000ത്തിലധികം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഗ്വാങ്ഷൗവിൽ ക്വാറന്റൈൻ കേന്ദ്രങ്ങൾ നിർമ്മിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. താത്കാലിക ആശുപത്രികളും വ്യാപകമായി നിർമ്മിക്കുന്നുണ്ട്. ഇവിടെ 80,000 പേരെ ഒരേസമയം ഉൾക്കൊള്ളാൻ സാധിക്കും. ഇതിന് പുറമെയാണ് 2,46,407 കിടക്കകളുള്ള ക്വാറന്റൈൻ കേന്ദ്രത്തിന്റേയും നിർമ്മാണം പുരോഗമിക്കുന്നത്.
ഹൈസു ജില്ലയിൽ 95.300 പേരെ ക്വാറന്റൈൻ കേന്ദ്രങ്ങളിലേക്ക് മാറ്റിയെന്ന വിവരവും പുറത്ത് വരുന്നുണ്ട്. ബീജിംഗ് ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിലും സമാനമായ സാഹചര്യമാണുള്ളത്. നീണ്ട ഇടവേളയ്‌ക്ക് ശേഷമാണ് രാജ്യത്ത് വീണ്ടും കൊറോണ വലിയ തോതിൽ വ്യാപിക്കുന്നത്. രോഗികളുമായി സമ്പർക്കം പുലർത്തുന്നവരെയെല്ലാം കൂട്ടത്തോടെ ക്വാറന്റൈൻ കേന്ദ്രങ്ങളിലേക്ക് മാറ്റുകയാണ്. സീറോ-കൊവിഡ് എന്ന ലക്ഷ്യത്തിൽ കർശന നിയന്ത്രണങ്ങളാണ് എല്ലായിടത്തും ഏർപ്പെടുത്തിയിരിക്കുന്നത്.
aa