ഭാരത് ബയോടെക്കിന്റെ മൂക്കിലൂടെ നൽകാവുന്ന കോവിഡ് ബൂസ്റ്റർ വാക്സിന്റെ പരീക്ഷണത്തിന് അനുമതി

കോവിഡിനെ പ്രതിരോധിക്കുന്നതിനായി ഭാരത് ബയോടെക്ക് വികസിപ്പിച്ച മൂക്കിലൂടെ നൽകാവുന്ന വാക്സിന്റെ പരീക്ഷണത്തിന് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ(ഡി.സി.ജി.ഐ.) അനുമതി നൽകി. രാജ്യത്തെ വിവിധ ഭാഗങ്ങളിലെ ഒന്പത് നഗരങ്ങളിലാണ് പരീക്ഷണം നടത്തുക. കോവിഷീൽഡ്, കോവാക്സിൻ എന്നീ വാക്സിനുകൾ നിലവിൽ സ്വീകരിച്ചവർക്കാണ് ഈ ബൂസ്റ്റർ ഡോസ് നൽകുന്നത്.
അയ്യായിരം പേരിൽ പരീക്ഷണം നടത്താനാണ് ഭാരത് ബയോടെക്ക് തയ്യാറെടുക്കുന്നത്. കോവിഷീൽഡ് സ്വീകരിച്ച 2500 പേരിലും കോവാക്സിൻ സ്വീകരിച്ച 2500 പേരിലുമാണ് വാക്സിൻ പരീക്ഷിക്കുക. രണ്ടാം ഡോസ് കോവിഡ് വാക്സിൻ സ്വീകരിച്ച് ആറുമാസം കഴിഞ്ഞവർക്കാണ് മൂക്കിലൂടെയുള്ള ബൂസ്റ്റർ ഡോസ് നൽകുന്നത്. ക്ലിനിക്കൽ ട്രയലുകൾ പൂർത്തിയാകുന്ന മുറയ്ക്ക് മാർച്ചോടെ രാജ്യത്ത് മൂക്കിലൂടെ നൽകാവുന്ന നേസൽ ബൂസ്റ്റർ വാക്സിൻ അവതരിപ്പിക്കാനാകുമെന്നാണ് റിപ്പോർട്ടുകൾ.