യൂറോപ്പിന്റെ പകുതി ഒമിക്രോണിന്റെ പിടിയിലാകുമെന്ന് ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ്
ഒമിക്രോൺ വ്യാപനം ശക്തമായി തുടരുന്ന അമേരിക്കയിൽ രോഗബാധിതരായി ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം ഒരാഴ്ചയ്ക്കുള്ളിൽ 33 ശതമാനവും മരണനിരക്ക് 40 ശതമാനവും വർധിച്ചതായി യുഎസ് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) തലവൻ അറിയിച്ചു.
ജോൺസ് ഹോപ്കിൻസ് സർവകലാശാലയുടെ കണക്കനുസരിച്ച്, 3,60,000−ലധികം പുതിയ കോവിഡ് ബാധിതരുള്ള ഫ്രാൻസ്, അമേരിക്കയ്ക്കു പിന്നിൽ ഏറ്റവും കൂടുതൽ പ്രതിദിന കേസുള്ള ലോകത്തെ രണ്ടാമത്തെ രാജ്യമായി മാറി. ഇറ്റലിയിൽ ദിവസേനയുള്ള രോഗികളുടെ എണ്ണം 2,20,000 കടന്നു.
ഒമിക്രോൺ വകഭേദത്തെ നിയന്ത്രിക്കാൻ പാടുപെടുന്ന ക്യാനഡയിലെ 13 പ്രവിശ്യയിലൊന്നായ ക്യുബെക്കിൽ വാക്സിനേഷൻ എടുക്കാത്തവർക്ക് വരും ആഴ്ചകളിൽ പുതിയ ആരോഗ്യനികുതി ചുമത്താൻ തീരുമാനിച്ചു. പുതിയ രോഗികളുടെ എണ്ണം കുറയ്ക്കുന്നതിന് വടക്കൻ ആഫ്രിക്കൻ രാജ്യമായ ടുണീഷ്യ അടുത്ത രണ്ടാഴ്ചത്തേക്ക് പുതിയ രാത്രികാല കർഫ്യു പ്രഖ്യാപിച്ചു.
ഒമിക്രോൺ വ്യാപനം ശക്തമായി തുടരുന്നത് ആഗോള സാന്പത്തിക വീണ്ടെടുക്കലിനെ തടസ്സപ്പെടുത്തുമെന്ന് ലോക ബാങ്ക് മുന്നറിയിപ്പുനൽകി. രണ്ടിനും അഞ്ചിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്കിടയിൽ നടത്തിയ വാക്‌സിൻ പരീക്ഷണം സംബന്ധിച്ച വിവരം മാർച്ചിൽ പ്രസിദ്ധപ്പെടുത്തുമെന്ന് മോഡേണ ഇങ്ക് അറിയിച്ചു.
ആഴ്ചകൾക്കുള്ളിൽ യൂറോപ്പിന്റെ പകുതി ഒമിക്രോണിന്റെ പിടിയിലാകുമെന്ന് ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ്. ജനുവരി ആദ്യവാരം യൂറോപ്പിൽ 70 ലക്ഷം പുതിയ രോഗബാധിതർ. രണ്ടാഴ്ചയ്ക്കിടെ രോഗബാധിതരുടെ എണ്ണം ഇരട്ടിയിലധികമായി. ആറുമുതൽ എട്ട് ആഴ്ചയ്‌ക്കുള്ളിൽ മേഖലയിലെ ജനസംഖ്യയുടെ 50 ശതമാനത്തിലധികം പേർക്കും ഒമിക്രോൺ ബാധിക്കും.