കോവിഡ് വാക്സിൻ ഇനി വാട്സ്ആപ്പ് വഴി ബുക്ക് ചെയ്യാം
ന്യൂഡൽഹി: കോവിഡ് വാക്സിൻ ഇനി വാട്സ്ആപ്പ് വഴി ബുക്ക് ചെയ്യാം. കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ ആണ് ഇക്കാര്യം അറിയിച്ചത്. പ്രായപൂർത്തിയായ എല്ലാവർക്കും ഈ വർഷത്തോടു കൂടി വാക്‌സിനേഷൻ എന്ന ലക്ഷ്യത്തോടെയാണ് പുതിയ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്. ആളുകൾ കൂടുതൽ ഉപയോഗിക്കുന്ന മാധ്യമമെന്ന നിലയിലാണ് വാട്‌സ്ആപ്പ് മുഖേന വാക്‌സിന്‍ ബുക്ക് ചെയ്യാനുളള സൗകര്യം ഏർപ്പെടുത്തിയത്. മിനിറ്റുകൾക്കുള്ളിൽ വാക്‌സിൻ ഇനി മുതൽ ബുക്ക് ചെയ്യാൻ സാധിക്കുമെന്നും കേന്ദ്ര ആരോഗ്യമന്ത്രി ട്വീറ്റ് ചെയ്തു.
വാട്സ്ആപ്പിൽ വാക്സിൻ ബുക്ക് ചെയ്യുന്നതിന് ആദ്യം 91+9013151515 എന്ന നന്പർ ഫോണിൽ സേവ് ചെയ്യുക വാട്സ്ആപ്പിൽ എത്തി Book Slot എന്ന് ടൈപ്പ് ചെയ്ത് 91+9013151515 എന്ന നന്പറിലേക്ക് അയക്കുക. പിന്നാലെ എസ്എംഎസ് വഴി ആറക്ക ഒടിപി ലഭിക്കും. ഒടിപി വേരിഫൈ ചെയ്ത ശേഷം വാക്സിൻ ലഭിക്കേണ്ട തീയതിയും സ്ഥലവും വാക്സിനും തെരഞ്ഞെടുക്കുക.
നേരത്തെ വാക്‌സിൻ സർട്ടിഫിക്കേറ്റ് വാട്‌സ്ആപ്പ് വഴി ലഭ്യമാക്കുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തിയിരുന്നു. കൂടുതൽ വേഗത്തിൽ സന്പൂർണ്ണ വാക്‌സിനേഷൻ പൂർത്തിയാക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി സർക്കാർ അറിയിച്ചു.