കോവിഡ് വാക്സിൻ.... സംശയങ്ങൾ അകറ്റാം..
![കോവിഡ് വാക്സിൻ.... സംശയങ്ങൾ അകറ്റാം.. കോവിഡ് വാക്സിൻ.... സംശയങ്ങൾ അകറ്റാം..](https://www.4pmnewsonline.com/admin/post/upload/A_U5LJysnmbu_2021-03-13_1615632116resized_pic.jpg)
സുരക്ഷയെ മുൻനിർത്തി, വാക്സീൻ ലഭ്യമാകുന്ന മുറയ്ക്ക് എല്ലാവരും സ്വമേധയാ സ്വീകരിക്കേണ്ടതാണ്. രോഗം ബാധിച്ചവരും സംശയിക്കുന്നവരും ലക്ഷണങ്ങൾ പൂർണമായി മാറി 28 ദിവസത്തിനു ശേഷം വാക്സീൻ കുത്തിവയ്ക്കുന്നതാണു നല്ലത്. ഹൃദ്രോഗം, കാൻസർ, എച്ച്ഐവി, രക്താതിമർദം, പ്രമേഹം എന്നിവയ്ക്ക്, സങ്കീർണതകളോടെ, 10 വർഷത്തിലധികമായി ചികിത്സയിലുള്ളവർ, വൃക്കയും കരളും മാറ്റിവച്ചവർ, ഗുരുതര വൃക്ക – കരൾ – ശ്വാസകോശ രോഗങ്ങളുള്ളവർ, ബുദ്ധിവൈകല്യമുള്ളവർ, ബധിരത, അന്ധത ഉൾപ്പെടെ ഒന്നിലധികം വൈകല്യങ്ങളുള്ളവർ എന്നിവർ 45 മുതൽ 59 വരെ പ്രായമുള്ളവരാണെങ്കിൽ വാക്സീൻ എടുക്കാൻ മുൻഗണന ലഭിക്കും.
സർക്കാർ ആശുപത്രികളിൽ വാക്സീൻ പൂർണമായും സൗജന്യമാണ്. സ്വകാര്യ ആശുപത്രികളിൽ 250 രൂപ നൽകണം. വാക്സീൻ റജിസ്ട്രേഷൻ സമയത്ത് ഏതു വാക്സീനാണ് എടുക്കുന്നതെന്ന് അറിയാൻ കഴിയില്ല. കുത്തിവയ്പിന്റെ സമയത്ത് മാത്രമേ ഇതേക്കുറിച്ച് അറിയാൻ സാധിക്കുകയുള്ളൂ.
ഒരു മൊബൈൽ നന്പർ ഉപയോഗിച്ച് പരമാവധി 4 പേർക്കു വാക്സീന് റജിസ്റ്റർ ചെയ്യാനാകും. എന്നാൽ, ഓരോ ഗുണഭോക്താവിന്റെയും തിരിച്ചറിയൽ കാർഡ് നന്പർ വ്യത്യസ്തമായിരിക്കണം.ഒരിക്കൽ റജിസ്റ്റർ ചെയ്തു കഴിഞ്ഞാൽ വാക്സിനേഷൻ എടുക്കുന്നതുവരെ രേഖകൾ എഡിറ്റ് ചെയ്യാനാകും. ഓൺലൈനായി റജിസ്റ്റർ ചെയ്യാത്തവർക്കും വാക്സീൻ ലഭിക്കും. വാക്സീൻ എടുക്കുന്ന കേന്ദ്രങ്ങളിൽ നേരിട്ടു റജിസ്റ്റർ ചെയ്യാൻ പിന്നീടു സൗകര്യമൊരുക്കുന്നതായിരിക്കും.
വാക്സിനേഷനു പോകുന്പോൾ ഫോട്ടോ പതിപ്പിച്ച അംഗീകൃത തിരിച്ചറിയൽ കാർഡ്, 45–59 വയസ്സിനിടയിലുള്ളവർ മെഡിക്കൽ ഓഫിസർ സാക്ഷ്യപ്പെടുത്തിയ രോഗസംബന്ധമായ സർട്ടിഫിക്കറ്റ് എന്നിവ കരുതേണ്ടതാണ്.
വാക്സീൻ സ്വീകരിച്ചാൽ ചെറിയ പനി, വേദന തുടങ്ങിയ നിസ്സാര പാർശ്വഫലങ്ങളുണ്ടാകാം. ആദ്യ ഡോസ് എടുത്ത് 28 ദിവസം കഴിഞ്ഞു രണ്ടാമത്തെ ഡോസ് എടുക്കണം. അതിനു വീണ്ടും റജിസ്റ്റർ ചെയ്യേണ്ടതില്ല.
വാക്സീൻ എടുത്തവർ വാക്സിനേഷൻ കേന്ദ്രത്തിൽ നിരീക്ഷണത്തിൽ അര മണിക്കൂർ തുടരണം. ക്ഷീണം, പനി, വേദന, നീർക്കെട്ട് എന്നിവയ്ക്കു സാധ്യതയുണ്ട്. ഒരാഴ്ച വരെ ഇക്കാര്യം ശ്രദ്ധിക്കണം. ചികിത്സ തേടുന്പോൾ വാക്സീൻ എടുത്ത കാര്യം ഡോക്ടറെ അറിയിക്കണം. വാക്സീൻ എടുത്തു കഴിഞ്ഞാലും മാസ്ക് ധരിക്കൽ, ശാരീരിക അകലം പാലിക്കൽ, കൈ കഴുകൽ ഉൾപ്പെടെയുള്ള മുൻകരുതലുകൾ കർശനമായി പാലിക്കണം.വാക്സീൻ എടുത്ത ശേഷം 30 മിനിറ്റ് അവിടെത്തന്നെ നിരീക്ഷണത്തിലിരിക്കണം. പാർശ്വഫലങ്ങളുണ്ടായാൽ പരിശോധിക്കാൻ അവിടെ ഡോക്ടറുണ്ട്. അപൂർവമായി മാത്രമേ ഇത്തരം പ്രശ്നങ്ങളുണ്ടാകാറുള്ളൂ. പിന്നീട് തീവ്രമായ ലക്ഷണങ്ങളുണ്ടായാൽ ചികിത്സ തേടാം.
വാക്സീൻ ലഹരിവസ്തുക്കളുമായി പ്രതിപ്രവർത്തിച്ച് അപകടമുണ്ടാക്കില്ല. അതേസമയം, ലഹരി രോഗപ്രതിരോധശക്തിയെ ബാധിക്കുമെന്നതിനാൽ ഒഴിവാക്കുന്നതാണു നല്ലത്. മദ്യപാനം വാക്സിനേഷനെത്തുടർന്നുള്ള പാർശ്വഫലങ്ങളെ സ്വാധീനിക്കാനും സാധ്യതയുണ്ട്. വാക്സീൻ എടുക്കുന്ന ദിവസങ്ങളിൽ ഉപവാസവും ഒഴിവാക്കാം.
വാക്സിൻ എടുത്തുകഴിഞ്ഞാൽ കഴിച്ചുകൊണ്ടിരിക്കുന്ന മരുന്നുകൾ തുടരാൻ തടസ്സമില്ല. മരുന്നു നിർത്തിയാൽ മറ്റു രോഗങ്ങൾ വരാൻ സാധ്യതയുണ്ട്. ഗുരുതര രോഗമുള്ളവർക്കും രോഗപ്രതിരോധശക്തി കുറയ്ക്കുന്ന സ്റ്റിറോയ്ഡ് പോലുള്ള മരുന്നു കഴിക്കുന്നവർക്കും വാക്സിനേഷനു മുൻപ് ചികിത്സിക്കുന്ന ഡോക്ടറുടെ ഉപദേശം തേടാം.
രണ്ടു ഡോസും സ്വീകരിച്ച് രണ്ടാഴ്ച കഴിഞ്ഞാൽ മാത്രമേ, പ്രതിരോധശക്തി ലഭിക്കൂ. കേരളത്തിൽ ലഭ്യമായ വാക്സീനുകൾക്ക് 70 മുതൽ 80% വരെയാണ് പ്രതിരോധശേഷി. അതായത്, കോവിഡ് വരാനുള്ള സാധ്യത പൂർണമായി തള്ളിക്കളയാനാകില്ല. കോവിഡ് വന്നാലും ഗുരുതരമാകില്ല. പ്രതിരോധശേഷി ആർജിക്കുന്നത് ഓരോരുത്തരിലും വ്യത്യസ്തമായിട്ടായിരിക്കും. ചിലർക്ക് ആദ്യ ഡോസിൽത്തന്നെ പ്രതിരോധശക്തി ലഭിക്കും. ചിലർക്കു രണ്ടാമത്തെ ഡോസും കഴിഞ്ഞ് രണ്ടാഴ്ച വരെയെടുക്കും. സാധാരണ വൈറൽ രോഗങ്ങൾക്കെതിരെയുള്ള വാക്സീൻ 5 വർഷം മുതൽ ജീവിതകാലം മുഴുവൻ പ്രതിരോധശക്തി നൽകും. പക്ഷേ, കൊറോണ വൈറസിനു തുടർച്ചയായി ജനിതക വ്യതിയാനം സംഭവിക്കുന്നതിനാൽ എത്രകാലം നീണ്ടുനിൽക്കുമെന്ന് ഇപ്പോൾ പറയാനാകില്ല. പിന്നീട് ബൂസ്റ്റർ ഡോസ് എടുക്കേണ്ടി വന്നേക്കാം.
വാക്സീൻ എടുക്കുന്നതിലൂടെ കോവിഡ് വരാൻ സാധ്യത ഇല്ല. കോവിഷീൽഡ് വെക്ടർ വാക്സീനാണ്. കോവിഡ് വൈറസിന്റെ ജനിതക തന്മാത്രയുടെ ഒരുഭാഗം ചിന്പൻസികളിൽ ജലദോഷപ്പനിയുണ്ടാക്കുന്ന അഡിനോ വൈറസ് വഴി കടത്തിവിടുകയാണ്. ആ വൈറസുകൾക്കു പെറ്റുപെരുകാനുള്ള ശേഷി ഇല്ലാതാക്കുകയും ചെയ്തിട്ടുണ്ട്. കോവാക്സീനിൽ ജീവനില്ലാത്ത കോവിഡ് വൈറസിനെയാണ് ഉപയോഗിച്ചിരിക്കുന്നത്. വാക്സീനെടുത്തതു കൊണ്ടു മാത്രം ആർടിപിസിആർ, ആന്റിജൻ പരിശോധനകളിൽ പോസിറ്റീവ് ഫലം വരികയുമില്ല.