പക്ഷിപ്പനി എങ്ങനെ? മുൻകരുതലുകളും ലക്ഷണങ്ങളും


ന്യൂഡൽഹി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി പക്ഷിപ്പനി സ്ഥിരീകരിച്ചിരിക്കുകയാണ്. ഇങ്ങ് കേരളത്തിലും കഴിഞ്ഞ ദിവസങ്ങളിലായി പക്ഷിപ്പനി സ്ഥിരീകരിക്കുകയുണ്ടായി. ആലപ്പുഴ, കോട്ടയം ജില്ലകളിലാണ് താറാവുകളിൽ‍ പക്ഷിപ്പനി കണ്ടെത്തിയിരിക്കുന്നത്. ഇതോടെ പക്ഷിപ്പനിയെ ചൊല്ലിയുള്ള ആശങ്കകൾ‍ വർ‍ധിക്കുകയാണ്. എന്നാൽ‍ നിലവിൽ‍ ഉത്കണ്ഠപ്പെടേണ്ട സാഹചര്യങ്ങളില്ലെന്നാണ് അധികൃതർ‍ അറിയിക്കുന്നത്. മനുഷ്യരിലേക്ക് പക്ഷിപ്പനി എത്താനുള്ള സാധ്യതകൾ‍ ഇപ്പോഴില്ലെന്നും ഉദ്യോഗസ്ഥർ‍ ഉറപ്പ് പറയുന്നുണ്ട്. എങ്കിലും ചില കാര്യങ്ങൾ‍ പക്ഷിപ്പനിയെ സംബന്ധിച്ചും നമുക്ക് അറിഞ്ഞുവയ്ക്കാം. 

'ഇന്‍ഫ്‌ളുവന്‍സ ടൈപ്പ് എ വൈറസ്' ആണ് പക്ഷിപ്പനിയുണ്ടാക്കുന്നത്. ഈ വൈറസിന് പല വകഭേദങ്ങളുണ്ട്. ഇവയിൽ‍ ചിലത് വളരെ ചെറിയ പ്രശ്‌നങ്ങൾ‍ മാത്രമേ പക്ഷികളിലുണ്ടാക്കൂ. എന്നാൽ‍ മറ്റ് ചിലതാകട്ടെ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു. വൈറസ് ബാധിക്കപ്പെട്ട പക്ഷികളുമായി ഏതെങ്കിലും തരത്തിൽ‍ അടുത്തിടപെടുന്നതിലൂടെയാണ് ഇത് മനുഷ്യരിലേക്ക് എത്തുന്നത്. ഇന്‍ഫെക്ഷനുള്ള പക്ഷിയെ തൊടുന്നത്, അവയുടെ വായിൽ‍ നിന്നുതിർ‍ന്ന് വീണ ഭക്ഷണാവശിഷ്ടം തൊടുന്നത്, കാഷ്ടം തൊടുന്നത്, അതല്ലെങ്കിൽ‍ ഭക്ഷണാവശ്യങ്ങൾ‍ക്കായി അവയെ കൊല്ലുന്നത് എല്ലാം രോഗം പകരാനിടയുള്ള സാഹചര്യങ്ങളാണ്. ജീവനുള്ള പക്ഷികളെ വിൽ‍ക്കുന്ന മാർ‍ക്കറ്റുകളും രോഗം പടരാന്‍ സാധ്യതയുള്ള സ്ഥലമാണ്.

അതേസമയം രോഗം ബാധിക്കപ്പെട്ട പക്ഷിയെ ഭക്ഷണാവശ്യങ്ങൾ‍ക്ക് അറിയാതെ ഉപയോഗിക്കുന്നത് കൊണ്ട് മനുഷ്യരിലേക്ക് രോഗം എത്തണമെന്നില്ലെന്നാണ് വിദഗ്ദ്ധർ‍ സൂചിപ്പിക്കുന്നത്. അതായത് നല്ലത് പോലെ ചൂടാക്കുന്പോൾ‍ നശിച്ചുപോകുന്ന വൈറസാണിത്. അതിനാൽ‍ തന്നെ കാര്യമായി വേവിച്ച ഭക്ഷണത്തിൽ‍ വൈറസ് സാന്നിധ്യമുണ്ടായിരിക്കില്ല. എന്നാൽ‍ മതിയായി വേവിക്കാത്ത ഭക്ഷണമാണെങ്കിൽ‍ അത് വെല്ലുവിളി ഉയർ‍ത്തുന്നുമുണ്ട്. മനുഷ്യരിൽ‍ നിന്ന് മനുഷ്യരിലേക്ക് പക്ഷിപ്പനി പകരില്ലെന്നാണ് റിപ്പോർ‍ട്ടുകൾ‍ ചൂണ്ടിക്കാട്ടുന്നത്. അതിനാൽ‍ തന്നെ അത്തരമൊരു ആശങ്കയ്ക്ക് തീർ‍ത്തും സ്ഥാനമില്ല.

ചുമ, ജലദോഷം, പനി, ശ്വാസതടസം എന്നിവയാണ് പക്ഷിപ്പനിയുടെ പ്രധാന ലക്ഷണങ്ങൾ‍. ഗുരുതരമായ സാഹചര്യമാണെങ്കിൽ‍ 'അക്യൂട്ട് റെസ്പിരേറ്ററി ഡിസ്ട്രസ് സിൻഡ്രോം' എന്ന അവസ്ഥയിലേക്ക് ഇത് നയിക്കുന്നു. ശ്വാസകോശത്തിൽ‍ ദ്രാവകം നിറയുന്ന അവസ്ഥയും ഇതുമൂലമുണ്ടാകുന്നു. ഒരുപക്ഷേ മരണത്തിന് വരെ ഈ സാഹചര്യം കാരണമായേക്കാം.

പക്ഷിപ്പനിയെ എങ്ങനെ പ്രതിരോധിക്കാം?

1. −പക്ഷിപ്പനി ധാരാളമായി റിപ്പോർ‍ട്ട് ചെയ്ത സ്ഥലങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാം.

2. കൈകൾ‍ എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. പുറത്തുപോകുന്നവരാണെങ്കിൽ‍ സോപ്പും വെള്ളവും ഉപയോഗിച്ച് ഇടവിട്ട് കഴുകാം. ചിക്കൻ പോലുള്ള മാംസാഹാരം പച്ചയ്ക്ക് കൈകാര്യം ചെയ്യുന്പോഴും ഇത് പ്രത്യേകം ഓർ‍മ്മിക്കുക.

3. പച്ച മാംസം കൈകാര്യം ചെയ്യുന്നതിന് പ്രത്യേക പാത്രങ്ങൾ‍ ഉപയോഗിക്കുക.

4. ചിക്കൻ പോലുള്ള മാംസാഹാരങ്ങൾ‍ നന്നായി വേവിച്ച് മാത്രം കഴിക്കുക.

5. ജീവനുള്ള പക്ഷികളെ വിൽ‍പന നടത്തുന്ന മാർ‍ക്കറ്റുകളിലേക്ക് നേരിട്ട് പോകുന്നത് ഒഴിവാക്കുക.

6. മുട്ട പച്ചയ്ക്ക് കഴിക്കുന്നത് ഒഴിവാക്കുക. പാതി വേവിച്ച കോഴിമുട്ട, താറാമുട്ട എന്നീ പതിവുകളും മാറ്റിവയ്ക്കുക.

You might also like

Most Viewed