കൊറോണ വൈറസ് കറൻസിയിലും മൊബൈൽ ഫോൺ സ്ക്രീനുകളിലും ദിവസങ്ങളോളം നിലനിൽക്കും

സിഡ്നി: നോവൽ കൊറോണ വൈറസ് കറൻസി നോട്ടുകളുടെയും ഗ്ലാസുകളുടെയും പ്രതലത്തിൽ ദിവസങ്ങളോളം നിലനിൽക്കുമെന്നു കണ്ടെത്തൽ. ഓസ്ട്രേലിയയിലെ പ്രശസ്തമായ ബയോസെക്യൂരിറ്റി ലാബോറട്ടറിയാണ് ഇത്തരമൊരു കണ്ടെത്തൽ നടത്തിയത്. ബാങ്ക് നോട്ടുകളിലും ഗ്ലാസിലും 2−3 ദിവസം വരെയൊക്കെ കൊറോണ വൈറസ് നിലനിൽക്കുമെന്നായിരുന്നു നേരത്തെ വന്ന കണ്ടെത്തലുകൾ. എന്നാൽ, മൊബൈൽ ഫോൺ സ്ക്രീനുകൾ, കറൻസി നോട്ടുകൾ, സ്റ്റെയിൻലെസ് സ്റ്റീൽ തുടങ്ങിയവയിൽ കൊറോണ വൈറസിന് 28 ദിവസം വരെ നിലനിൽക്കാൻ കഴിയുമെന്നു നിലവിലെ പഠന റിപ്പോർട്ട് പറയുന്നു.
20 ഡിഗ്രി സെൽഷ്യസിൽ (68 ഡിഗ്രി ഫാരൻഹീറ്റ്) സാർസ് കോവ് 2 വൈറസ് 28 ദിവസത്തേക്കു തുടരുമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. വൈറോളജി ജേണലിലാണു സിഎസ്ഐആർഒയുടെ പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. കോട്ടൺ പോലുള്ള വസ്തുക്കളുടെ ഉപരിതലത്തിൽ അനുകൂല കാലാവസ്ഥയാണെങ്കിൽ വൈറസ് 14 ദിവസം വരെയും ചൂടുകൂടുന്പോൾ ഇത് 16 മണിക്കൂറിലേക്കു കുറയുകയും ചെയ്യും. മുൻപുള്ള പഠനങ്ങളിൽ വൈറസിന് ഇത്ര ദീർഘകാലത്തേക്ക് അതിജീവിക്കാൻ സാധിക്കുമെന്ന് കണ്ടെത്തിയിരുന്നില്ല.
മീറ്റ് പ്രൊസസിംഗ്, കോൾഡ് സ്റ്റോറേജ് യൂണിറ്റുകളിൽ കോവിഡ് വ്യാപനമുണ്ടാകുന്നതിന്‍റെ കാരണം സ്ഥിരീകരിക്കുന്നതാണു പഠനം. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ മാംസ സംസ്കരണ ഫാക്ടറികളിലെ ആയിരക്കണക്കിനു തൊഴിലാളികൾക്കാണു കോവിഡ് ബാധിച്ചത്.