കൊതുകു–പാറ്റ നാശിനികൾ ഉപയോഗിക്കുമ്പോൾ...


കൊതുകിനെയും പാറ്റയെയും പോലുള്ളവയെ കൊല്ലാനുള്ള കീടംനാശിനികൾ ഉപയോഗിക്കുമ്പോൾ പല ആരോഗ്യപ്രശ്നങ്ങളും ഉണ്ടായേക്കാം. പലതും അലർജിയും ശ്വാസകോശപ്രശ്നങ്ങളും ഉണ്ടാക്കാനിടയുണ്ട്. ഒരോ ഉൽപന്നത്തിനും നിർദേശിച്ചിട്ടുള്ള സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ച് മാത്രം വേണം ഉപയോഗിക്കുവാൻ. കഴിവതും കുട്ടികൾക്ക് എത്തുന്നിടങ്ങളിൽ ഇവ സൂക്ഷിക്കരുത്. ഭക്ഷണവുമായി കലരാതിരിക്കാനും ശ്രദ്ധിക്കണം. കീടനിയന്ത്രണ സ്പ്രേകൾ മുറിയിൽ തളിച്ചാൽ വാതിലും ജനലും തുറന്നിട്ട് അതിന്റെ ഗന്ധം മുഴുവനായും മാറിയശേഷമേ മുറിയിൽ കടക്കാവൂ.

ഈർപ്പമുള്ള സ്ഥലങ്ങളിലും, ഭക്ഷണാവശിഷ്ടങ്ങൾ ഉള്ളിടത്തും, വാതിൽ, ജനൽ വിടവുകൾ, അലമാര, പുസ്തകങ്ങളും പത്രവും കൂട്ടിയിടുന്നയിടം ഇവയാണ് പാറ്റയുടെ താവളങ്ങൾ.

വെള്ളം കെട്ടിക്കിടന്നാൽ കൊതുകുമുട്ടയിട്ട് പെരുകും. കൊതുകിന്റെ പേരുകൾ തടയാൻ ഒരു കപ്പ് വെള്ളം, കാൽകപ്പ് തവിട്ടുനിറമുള്ള പഞ്ചസാര, ഒരു ഗ്രാം യീസ്റ്റ് ഇത്രയും എടുക്കുക. രണ്ടു ലീറ്ററിന്റെ കുപ്പി പകുതിവച്ച് കുറുകെ മുറിക്കുക. താഴത്തെ പകുതിയിൽ പഞ്ചസാര–വെള്ളം മിശ്രിതം ഒഴിക്കുക.യീസ്റ്റ് ഇടുക. കുപ്പിയുടെ മുകൾപാതി തല കുത്തനെ മിശ്രിതം നിറഞ്ഞ താഴത്തെ പാതിയിലേക്ക് ഇറക്കി വയ്ക്കുക. കറുത്ത തുണികൊണ്ട് ഈ കുപ്പി പൊതിയുക. രണ്ടാഴ്ച ഇതു വീ‍ട്ടിൽ സ‍ൂക്ഷിക്കാം. ∙ വൈകുന്നേരങ്ങളിൽ വാതിലും ജനവും അടച്ച് കുന്തിരിക്കം പുകച്ച് മുറികളിലും സോഫയുടെയും മേശയുടെയും കട്ടിലിന്റെയും അടിയിലെല്ലാം പുക കൊള്ളിക്കണം. പുകനിറഞ്ഞ ശേഷം ഏതാനും മിനിറ്റ് വായുസഞ്ചാരത്തിനു തുറന്നിടണം.

ഭക്ഷണാവശിഷ്ടം തേടിയാണ് ഉറുമ്പുകളും വരുക. ഇത്തരം സാഹചര്യങ്ങളുണ്ടാകാതെ നോക്കണം. ഉറുമ്പിന്– യ‍ൂക്കാലി തൈലവും വെള്ളവും കലർത്തി തളിക്കുക. ഒരു കപ്പ് പഞ്ചസാര, അര കപ്പ് വെള്ളം, ഒരു ടേബിൾ സ്പൂൺ ബോറാക്സ് ഇവ കൂട്ടിക്കലർത്തി ഒരു പാത്രത്തിലൊഴിച്ച് ഏതെങ്കിലും മൂലയിൽ വയ്ക്കുക എന്ന മാർഗവും സ്വീകരിക്കാം.

പാറ്റശല്യമകറ്റാൻ ജനൽ –വാതിൽ വിടവുകളെല്ലാം ടേപ്പൊട്ടിച്ച് അടയ്ക്കുക. ഇവിടങ്ങളിൽ പാറ്റചോക്കുകൊണ്ട് വരയ്ക്കണം. ഭക്ഷണാവിശിഷ്ടമുള്ള പാത്രങ്ങൾ രാത്രി സിങ്കിൽ കൂട്ടിയിടരുത്. ദിവസവും അടുക്കളസിങ്കും കൗണ്ടർടോപ്പും സ്റ്റൗവും പുൽതൈലം നേർപ്പിച്ച വെള്ളം കൊണ്ടോ വിനാഗിരി വെള്ളം കൊണ്ടോ തുടയ്ക്കണം. അതാതു ദിവസം തന്നെ വേസ്റ്റ് കളയാനും ശ്രദ്ധിക്കണം.

You might also like

Most Viewed