ശൈത്യകാലവും ശ്വാസകോശാരോഗ്യവും: പ്രശ്നങ്ങളും പ്രതിവിധികളും


ബഹ്റൈനിൽ ഇപ്പോൾ നല്ല തണുപ്പാണ്. നവംബർ മുതൽ മാർച്ച് വരെയുള്ള ഈ ശൈത്യകാലത്ത് താപനില പത്ത് മുതൽ 20 ഡിഗ്രി സെൽഷ്യസ് വരെ ആവുകയും, അന്തരീക്ഷ ഈർപ്പം പലപ്പോഴും 90% കവിയുകയും ചെയ്യാറുണ്ട്. ഈ തണുപ്പ് കാലം പലതരത്തിലുള്ള ശ്വാസകോശരോഗങ്ങളുടെയും കാലമാണ്. അവയെക്കുറിച്ചും പരിഹാരങ്ങളെ കുറിച്ചുമാണ് ഇവിടെ സൂചിപ്പിക്കുന്നത്.

എന്തുകൊണ്ടാണ് ശൈത്യകാലത്ത് കൂടുതൽ ശ്വസന പ്രശ്നങ്ങൾ ഉണ്ടാകുന്നത്?
1. വ്യത്യസ്ത കാരണങ്ങളാൽ തണുത്ത താപനില ശ്വാസകോശനാളിയുടെ പ്രതിരോധശേഷി കുറയ്ക്കുന്നു. ഇത് എളുപ്പത്തിൽ അണുബാധയ്ക്ക് വഴിയൊരുക്കുന്നു.
2. രോഗാണുക്കൾക്ക് തണുത്ത വരണ്ട വായുവിൽ കൂടുതൽ സമയം തങ്ങിനിൽക്കാനും ദീർഘദൂരം സഞ്ചരിക്കാനും സാധിക്കുന്നതാണ്.
3. ശീതകാലത്ത് കൂടുതൽ ആളുകൾ ഒരുമിച്ചുകൂടുന്നതും, കൂടുതൽ സമയം മുറിക്കുള്ളിൽ കഴിയുന്നതും അണുബാധ പടർന്നുപിടിക്കാൻ കാരണമാവുന്നു.
4. തണുത്തതും വരണ്ടതുമായ വായു കാരണം ആസ്ത്മ, സിഒപിഡി പോലെയുള്ള ശ്വാസംമുട്ട് രോഗങ്ങൾ വർദ്ധിക്കുന്നു.
5. ശീതകാലത്ത് വൃക്ഷങ്ങളിലെ പൂമ്പൊടി (pollengrain ) അന്തരീക്ഷത്തിൽ തങ്ങിനിൽക്കുന്നതിനാൽ അലർജി കൊണ്ടുള്ള വിട്ടുമാറാത്ത തുമ്മൽ , മൂക്കൊലിപ്പ് , മൂക്കിലും കണ്ണിലുമുള്ള ചൊറിച്ചിൽ മുതലായവയും കൂടുതലായികാണപ്പെടുന്നു.

ശൈത്യകാലത്ത് വർധിച്ചുവരുന്ന ശ്വാസകോശ പ്രശ്നങ്ങൾ എന്തൊക്കെയാണ്?
1. ഇൻഫക്ഷൻസ് അഥവാ അണുബാധ: തണുപ്പ്കാലം വൈറൽപ്പനിയുടെയും കാലമാണ്. ഇൻഫ്ലുൻസ , ആർഎസ് വി, കൊറോണ, റൈനോ , അഡിനോ വൈറസ് മുതലായവക്ക് പുറമെ പല ബാക്റ്റീരിയകൾ കാരണാകുന്ന അണുബാധയും കാണപ്പെടുന്നുണ്ട്. പനി, ശരീരവേദന, മൂക്കൊലിപ്പ്, മൂക്കടപ്പ്, തൊണ്ടവേദന, ചുമ തുടങ്ങിയവയാണ് സാധാരണ രോഗലക്ഷണങ്ങൾ. ഇവകൂടാതെ ചില ആളുകളിൽ വിട്ടുമാറാത്ത ചുമ (Post Infectious Cough ), ബ്രോങ്കിടിസ് , ന്യൂമോണിയ, ARDS , തുടങ്ങിയ സംങ്കീർണമായ രോഗാവസ്ഥയിലേക്കും എത്തിചേരാറുണ്ട്.
2 . ആസ്ത്മ , പുകവലിമൂലമുണ്ടാവുന്ന COPD മുതലായ ശ്വാസംമുട്ട് രോഗങ്ങൾ തണുപ്പുകാലത്തു വഷളാവുന്നത് സാധാരണയാണ്. ചുമ, അമിതമായ ശ്വാസതടസ്സം, വലിവ് , നെഞ്ചിലെ കുറുകുറുപ്പ് തുടങ്ങി അസുഖം കൂടുതൽ മൂർച്ഛിക്കുന്ന അവസ്ഥ ഉണ്ടാവുന്നതും കാണുന്നുണ്ട്.

പരിഹാരമാർഗങ്ങൾ :
1. കുത്തിവയ്പ്പ് (Vaccination): നമ്മുടെ ശരീരത്തിന്റെ രോഗ പ്രതിരോധശേഷി വർധിപ്പിക്കാനുള്ള മാർഗമാണ് വാക്‌സിനേഷൻ. പ്രായമുള്ളവർ, പ്രമേഹരോഗികൾ,ഹൃദ്രോഗികൾ, ആസ്ത്മ, COPD മുതലായ ശ്വാസകോശരോഗികൾ എല്ലാം കുത്തിവയ്പ്പ് എടുക്കുന്ന നിർബന്ധമാണ്. ഫ്ലു വാക്‌സിൻ , RSV വാക്‌സിൻ , ന്യൂമോകോക്കൽ വാക്‌സിൻ മുതലായവ സങ്കീർണമായ രോഗാവസ്ഥയിൽ നിന്നും വലിയൊരുപരിധിവരെ സംരക്ഷണം നൽകുന്നതാണ്.
2 . ആസ്ത്മ , COPD മുതലായവയുള്ള രോഗികൾ ശൈത്യകാലം തുടങ്ങുന്നതിനുമുമ്പേ ശ്വാസകോശരോഗവിദഗ്ധനെ കാണുകയും തങ്ങളുടെ മരുന്നുകളും ഇൻഹേലർ ചികിത്സയും മുടങ്ങാതെ രോഗം നിയന്ത്രണവിധേയമാക്കേണ്ടതുമാണ്.
3 . പൊതു സ്ഥലങ്ങളിൽ ആയിരിക്കുമ്പോൾ മാസ്ക് ധരിക്കുക. കഴിവതും കൈകൾകൊണ്ട് മുഖവും കണ്ണുകളും സ്പർശിക്കാതിരിക്കുക. ഇടയ്ക്കിടെ കൈകൾ സാനിറ്റൈസർ ഉപയോഗിച്ച് അണുവിമുക്തമാക്കുകയും ചെയ്യുക.
4 . തണുത്തതും വരണ്ടതുമായ കാലാവസ്ഥയിൽ അമിതവ്യായാമം ചെയ്യാതിരിക്കുക.
5 . പുറത്ത് ജോലി ചെയ്യുമ്പോഴോ, യാത്ര ചെയ്യുമ്പോഴോ നിങ്ങളുടെ മൂക്കും വായും സ്കാർഫ് കൊണ്ട് മൂടുക. കട്ടിയുള്ള വസ്ത്രം ധരിക്കുകവഴി ശരീരത്തിലെ ചൂട് എപ്പോഴും നിലനിർത്തണം.
6. വീടിനകത്ത്‌ ഹീറ്റർ, ഹ്യൂമിഡിഫൈർ മുതലായവ ഉപയോഗിക്കുന്നവർ അതിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുക.ഇവയിൽനിന്നും ഉണ്ടാകുന്ന വാതകങ്ങൾ ചിലപ്പോൾ വായുമലിനീകരണത്തിനും അതുവഴി ശ്വാസകോശപ്രശ്നങ്ങൾക്കും കാരണമായേക്കാം. മുറിക്കകത്തെ വായുശുദ്ധീകരണത്തിന് എയർ പ്യൂരിഫൈയർ ഉപയോഗിക്കാവുന്നതാണ്.
7. ഇതിനൊക്കെ പുറമേ പൊതുവായ ആരോഗ്യക്ഷേമത്തിനും രോഗ പ്രതിരോധശേഷിക്കും സമീകൃതാഹരവും, വെള്ളവും, മതിയായ ഉറക്കവും, വ്യായാമവും, മാനസികാരോഗ്യവും അത്യന്താപേക്ഷിതമാണ്.

ഡോ ഷാമിൽ പി കെ, MBBS, MD, DNB, DM, EDRM
പൾമനോളജിസ്റ്റ് സ്പെഷ്യലിസ്റ്റ്
ബഹ്റൈൻ സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റൽ

Areas of expertise: Allergy, Asthma, Respiratory infections, Smoking related Lung diseases, sleep apnea, lung fibrosis and lung cancer
Skills: Bronchoscopy, thoracoscopy, pleural interventions
Working days: All days except Friday at Bahrain specialist hospital - Juffair
For Booking Call : 17812222

You might also like

Most Viewed