കേരളത്തിൽ ഹെപ്പറ്റൈറ്റിസ്-ബി പ്രതിരോധ വാക്സിൻ പ്രതിസന്ധി രൂക്ഷം
ആലപ്പുഴ: സംസ്ഥാനത്ത് ഹെപ്പറ്റൈറ്റിസ്-ബി (കരളിനെ ബാധിക്കുന്ന വൈറസ്) പ്രതിരോധ വാക്സിൻ കിട്ടാനില്ല. സർക്കാർ ആശുപത്രികൾക്കു പിന്നാലെ സ്വകാര്യമേഖലയിലും വാക്‌സിൻ തീർന്നതോടെ പ്രതിസന്ധി രൂക്ഷമായി. മെഡിക്കൽ, നഴ്സസിങ് പ്രവേശനം നേടിയവർ, ആരോഗ്യപ്രവർത്തകർ എന്നിവർക്കും വാക്‌സിനേഷൻ മുടങ്ങി. ഇവർക്ക് വാക്‌സിനേഷൻ നിർബന്ധമാണ്. ചില വിദേശരാജ്യങ്ങളിൽ പോകുന്നതിനു വാക്‌സിൻ നിർബന്ധമാണ്. രാജ്യത്ത് മൂന്നു കമ്പനികളാണ് പ്രധാനമായും വാക്‌സിൻ ഉത്‌പാദിപ്പിച്ചിരുന്നത്. വില നിയന്ത്രണപ്പട്ടികയിൽ ഉൾപ്പെട്ടതോടെ ഉത്‌പാദനം നിയന്ത്രിക്കുകയും നിർത്തിവെക്കുകയും ചെയ്‌തതാണ് പ്രതിസന്ധിക്കു കാരണമെന്നു വിതരണക്കാർ പറയുന്നു.
അസംസ്കൃതവസ്തുക്കളുടെ ക്ഷാമത്തിൻ്റെ പേരിൽ വില കൂട്ടാനുളള നീക്കത്തിന്റെ ഭാഗമാണിതെന്ന സംശയമുയർന്നിട്ടുണ്ട്. വിലനിയന്ത്രണപ്പട്ടികയിൽ വന്നതോടെ പൊതുവിപണിയിൽ ഒരു മില്ലി വാക്സിന് 100 രൂപയിൽ താഴയേ വിലയുള്ളൂ. സ്വകാര്യ ആശുപത്രികൾ മെഡിക്കൽ സ്റ്റോറുകൾ എന്നിവിടങ്ങളിലൊന്നും മുതിർന്നവർക്കുള്ള വാക്‌സിൻ കിട്ടാനില്ല. കേന്ദ്ര വാക്‌സിൻ പട്ടികയിലുള്ളതിനാൽ കുട്ടികളുടേതു മാത്രമാണ് സർക്കാർ ആശുപത്രികളിലുള്ളത്. കാരുണ്യ ഫാർമസികളിൽ ഒരാഴ്ച മുൻപുവരെ വാക്സിൻ ഉണ്ടായിരുന്നു.
dfsgdf