ഏഷ്യയിലെ ആദ്യ മങ്കിപോക്സ് തായ്ലൻഡിൽ റിപ്പോർട്ട് ചെയ്തു


ബാങ്കോക്ക്: പുതിയ ഇനം വൈറസ് മൂലമുള്ള എംപോക്സ് തായ്‌ലൻഡിൽ റിപ്പോർട്ട് ചെയ്തു. ഏഷ്യയിലെ ആദ്യ കേസാണിത്. യൂറോപ്പിലെ ആദ്യ കേസ് കഴിഞ്ഞയാഴ്ച സ്വീഡനിൽ കണ്ടെത്തിയിരുന്നു. ഓഗസ്റ്റ് 14ന് ആഫ്രിക്കൻ രാജ്യത്തുനിന്നെത്തിയ 66 വയസുള്ള യൂറോപ്യനിലാണു രോഗം സ്ഥിരീകരിച്ചതെന്നു തായ്‌ലൻഡിലെ ഡിപ്പാർട്ട്മെന്‍റ് ഓഫ് ഡിസീസ് കൺട്രോൾ അറിയിച്ചു. മധ്യ ആഫ്രിക്കൻ രാജ്യങ്ങളിൽ എംപോക്സ് പടർത്തുന്ന ക്ലേഡ് വൺ ബി എന്നയിനം വൈറസ് തന്നെയാണ് ഇദ്ദേഹത്തിലും കണ്ടെത്തിയത്. ഇദ്ദേഹവുമായി ഇടപഴകിയ 43 പേരെ കണ്ടെത്തി. ഇവരെ മൂന്നാഴ്ച നിരീക്ഷിക്കും. കോംഗോയിൽ ആരംഭിച്ച എംപോക്സ് ബാധ ബുറുണ്ടി, കെനിയ, റുവാണ്ട, യുഗാണ്ട രാജ്യങ്ങളിലും പടരുകയാണ്. പുതിയയിനം വൈറസ് മൂലമുള്ള രോഗത്തിനു മരണസാധ്യത കൂടുതലായതിനാൽ ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.

രോഗിയുമായി അടുത്തിടപഴകുന്നതിലൂടെയാണു രോഗം പിടിപെടുന്നത്. എന്നാൽ കോവിഡ് പോലെ അതിവേഗം പടരുന്ന രോഗമല്ല. പനിയുടേതുപോലുള്ള ലക്ഷണങ്ങളും ചർമത്തിൽ വസൂരിയുടേതുപോലുള്ള കലകളും രോഗിക്കുണ്ടാകും. ബോധവത്കരണം, രോഗിയുമായി ബന്ധപ്പെട്ടവരെ കണ്ടെത്തി നിരീക്ഷിക്കൽ, വാക്സിനേഷൻ തുടങ്ങിയ മാർഗങ്ങളിലൂടെ രോഗം നിയന്ത്രിക്കാൻ കഴിയും. കോംഗോയിൽ വാക്സിൻ ക്ഷാമമുണ്ട്. വരുന്ന ആഴ്ചകളിൽ ലക്ഷക്കണക്കിനു ഡോസ് വാക്സിനുകൾ എത്തിക്കാനാണു പദ്ധതി. എംപോക്സ് ബാധിച്ച ഭൂരിഭാഗം പേരിലും ലഘുവായ ആരോഗ്യ പ്രശ്നങ്ങളാണുണ്ടാവുക. എന്നാൽ, ചിലർക്കു മരണകാരണമാകാം. ആഫ്രിക്കയിലെ നൂറിൽ നാലു കേസുകളിലും മരണം സംഭവിക്കുന്നു. സ്വീഡനിൽ രോഗം സ്ഥിരീകരിച്ചയാളും അടുത്തിടെ ആഫ്രിക്കൻ രാജ്യം സന്ദർശിച്ചിരുന്നു.

article-image

dsgdf

You might also like

Most Viewed