വീട്ടിലേക്കുള്ള വഴി
രശ്മി പ്രദീപ്
ബാല്യകാലത്തെയോർത്തെടുത്തിന്നു ഞാൻ-
വീടുതേടിയലയുന്നചിന്തകൾ
മാറി മാറിക്കഴിഞ്ഞോരാവാടക-
വീടിന്നുള്ളറിഞ്ഞപ്പോഴോനൊമ്പരം!
പാതയേറെ പരിചിതമെന്നപോൽ
പാലവും കടന്നന്നുഞാനെത്തവേ
പാതയോരത്തിരുന്നോരാമാനുഷ്യൻ
പാതിബോധത്താലെന്തോ പുലമ്പുന്നു!
ദൂരെനിന്നെന്നെ കാണുന്നനേരത്തു-
ഭാവമൊക്കെയും മാറുന്നു പിന്നെയോ-
രക്തവർണ്ണങ്ങളായുള്ളകണ്ണുകൾ
തിക്തമാംവണ്ണമെന്നെയുഴിയുന്നു!
പിന്നെയെന്തോ രുചിച്ചങ്ങു തിന്നുന്നു
മോളേ നിൽക്കണേയെന്നുരിയാടുന്നു
ഭീതിയോടന്നു ചുറ്റിലുംനോക്കവേ
ആരുമേയില്ലസത്യം ഗ്രഹിച്ചുഞാൻ!
ഓടിപ്പോയിടാനാവാത്തവണ്ണമെൻ
വഴിതടയുന്നു പിന്നെയും പിന്നെയും,
ഊരിപോകുവാൻതുനിയുന്നമുണ്ടതോ-
മുറുക്കിക്കുത്തുന്നക്കാഴ്ചയും കണ്ടുഞാൻ!
മദ്യഗന്ധമാൽമനംപുരട്ടുന്നെന്റെ
തൊട്ടടുത്തായിട്ടയ്യാളു നിൽക്കവേ,
കുട്ടിപോരണേയെന്നൊപ്പം കൂടണേ
കുപ്പിയൊന്നങ്ങെടുത്തുഞാൻപോരട്ടെ!
പിന്തിരിഞ്ഞങ്ങു വീട്ടിലേയ്‌ക്കോടവേ
പിന്നിൽ നിന്നുമയ്യാളുമെത്തുന്നു
കൈയ്യ്തളരുമോ കാലൊന്നിടറുമോ
ഭീതിയേറുന്ന ചിന്തകളെന്നിലായ്!
നിലവിളികേട്ടുദൂരത്തുനിന്നെങ്ങോ
ചീറിയടുത്തൊരാചാവാലിനായയെ
കണ്ടുവിരണ്ടയാൾക്കുന്നമ്പിഴച്ചതും
വീട്ടിലേക്കുള്ളവഴിഞാനോടിക്കിതച്ചതും!
ബാക്കിയായൊരാഭക്ഷണംമുറ്റത്തു-
നീക്കിവെച്ചതും നായഭക്ഷിച്ചതും-
നോക്കിനിന്നൊരാനേരത്തു വീട്ടുകാർ
ആട്ടിയോടിച്ചുശകാരംചൊരിഞ്ഞതും
ഓർത്തുവീണ്ടുമാനായതൻ നന്ദിയെ
ചേർത്തുവെച്ചതോ വീട്ടിലേക്കുള്ളവഴി!