നഷ്ടസ്വപ്നങ്ങളുടെ തേൻകൂട് തുന്നിയവൾ


ശ്രുതി സൗപർണിക

----------------------

നിർജ്ജലഭൂമിയിലെ
മരീചിക പോലെ,

അവിടവിടെ
തലയുയർത്തി
നിൽക്കുന്ന
പച്ചപ്പുകൾക്കു
നടുവിൽ

വേനൽ ശേഷിപ്പിച്ച
ഒറ്റമരച്ചില്ലയുടെ
നെറുകയിൽ
നഷ്ട്ടസ്വപ്നങ്ങളുടെ
തേൻകൂട് തുന്നിയവൾ,

പരസ്പരം
വാരിപ്പുണർന്ന്
നിൽക്കുന്ന
പാതി കായ്ച്ച
ഈന്തപ്പനയുടെ
നിഴലുകൾക്കിടയിൽ

ഇന്നിതാ തന്റെ
ചിറകിൽ നിന്നും
നിറങ്ങളെ
പകർന്നെടുത്തുകൊണ്ട്

വഴിവക്കുകളിൽ
എരിവെയിൽ തിന്നു
മരിച്ച പൂക്കളെ
നെഞ്ചോടടക്കി പിടിച്ച്

ഗ്രീഷ്മത്തിന്റെ
വരണ്ട ചിന്തകളിലേക്ക്
ഒരു തൂവാല നെയ്യുന്നുണ്ട്...

അവൾ...
കടലിനേയും
കാറ്റിനേയും
രാത്രി മഴയേയും
മഞ്ഞിനേയും
പ്രണയിച്ചവൾ...

അവളുടെ
ഒഴിഞ്ഞ മനസ്സിന്റെ
നിശബ്ദതയിലേക്ക്,
ചൂളം മുഴക്കി
നിരനിരയായ്
കടന്നു പോകുന്ന,
ഓർമ്മകളുടെ
വില്ലു വണ്ടികളിൽ
ഒന്നിൽ...നീ കയറുക

അവിടെ നിനക്ക്
കേൾക്കാനാവും

സമുദ്ര രൗദ്രതയുടെ
കാലടികൾ പതിഞ്ഞ
നനഞ്ഞ മണൽ തിട്ടകളിൽ
തട്ടി മുഴങ്ങുന്ന അവളുടെ
ശബ്ദശകലങ്ങൾ...

ഇനിയൊരു
തിരുമുറിവിനെ
ഗർഭം ധരിക്കാൻ
ത്രാണിയില്ലാത്തവൾ,

ഇന്നും നിന്റെ
ഒഴിഞ്ഞ വിരിമാറിൽ
കിടന്ന് പുലമ്പുന്നുണ്ട്...

ഏതു വേനൽ മഴയ്ക്കാണ്
അവളുടെ ഉള്ളിൽ നോവിന്റെ
തീ പടർത്തിയ സന്ധ്യകളെ
മായ്ച്ചു കളയാനാവുക
എന്നു പോലും അറിയാതെ..!

You might also like

Most Viewed