ചില നേരങ്ങളിലെ ഉൾക്കാഴ്ച്ചകൾ
കെ.എ. മനാഫ്
കഥകളും രൂപകങ്ങളും കേവലം ഭാവനാസൃഷ്ടികൾ മാത്രമല്ല. അവയോരോന്നും ജീവിത നിരീക്ഷണങ്ങളുടെ നിഷ്കപട സാക്ഷ്യങ്ങളും ആഖ്യായികകളുമാണ്. ഇഹലോകവാസത്തിലെ ജീവിത സമസ്യകളുടെയും നിയോഗ നിദർശനങ്ങളുടെയും പരിമിതമായ കാഴ്ച്ചപ്പെടലുകളുടെ കഥാരൂപേണയുള്ള അടയാളപ്പെടുത്തലുകളാണവ.
ലിപി ബുക്ക്സ് പ്രസിദ്ധീകരിച്ച മുഹമ്മദലി പൂനൂരിൻ്റെ ചില നേരങ്ങളിൽ എന്ന കഥാസമാഹാരത്തിലും നിറഞ്ഞു നില്ക്കുന്നത് ജീവിത നൈരന്തര്യങ്ങളിലെ മനുഷ്യാവസ്ഥകളുടെ പൊരുളുകളുടെയും നിരർത്ഥകതളൂടെയും അടരുകളും ഉൾക്കാഴ്ച്ചകളുമാണ്. ജന്മനാട്ടിലും വിദേശങ്ങളിലുമായി ബഹുമുഖമായ കൃത്യാന്തരങ്ങളിൽ വ്യാപൃതനായ ഒരു പ്രതിഭാശാലിയുടെ വിപുലവും വ്യത്യസ്തവുമായ ജീവിതാനുഭവങ്ങളെയും വഴിയോരക്കാഴ്ച്ചകളെയും സ്വതസിദ്ധമായ ദർശനങ്ങളിലൂടെയും ഭാവനകളിലൂടെയും വ്യത്യസ്തമായ കഥാരൂപങ്ങളിൽ അവതരിപ്പിക്കുകയാണിവിടെ. അനുഭവങ്ങൾക്ക് ഭാവനയുടെ മേമ്പൊടി ചേർക്കുമ്പോഴും സന്ദർഭോചിതമായ കഥാപശ്ചാത്തലങ്ങളൊരുക്കുന്നതിലും അനുയോജ്യമായ കഥാപാത്രങ്ങളെ കണ്ടെത്തുന്നതിലും അത്മാർത്ഥമായ പരിശ്രമങ്ങളാണ് ഈ സമാഹാരത്തിലെ ഓരോ കഥയും . ഉചിതമായ ഭാഷാശൈലികളിലൂടെയും പ്രമേയവൈവിദ്ധ്യങ്ങളിലൂടെയും അവ വേറിട്ടുനില്ക്കുന്നുണ്ട്.
സാമൂഹ്യ വിമർശനവും സാംസ്കാരിക ജീർണ്ണതകളും അന്ധവിശ്വാസളോടുള്ള പരിഹാസങ്ങളും ഗ്രാമീണ നിഷ്ക്കളങ്കതയും വരേണ്യമായ ചൂഷണ മനോഭാവങ്ങളോടുള്ള അടങ്ങാത്ത അമർഷവുമെല്ലാം ഈ കഥകളിലുടനീളം ചർച്ചാ വിഷയങ്ങളാകുന്നുണ്ട്. ചില നേരങ്ങളിലെ മിന്നലാട്ടങ്ങൾ എന്ന് കഥാകൃത്തു തന്നെ തൻ്റെ കഥകളെ വിശേഷിപ്പിക്കുന്നുണ്ട്. അനുഭവങ്ങളൂം അറിവുകളും ഉൾക്കാഴ്ച്ചകളുടെ അപൂർവ്വമായ നിമിഷങ്ങളിൽ കഥകളുടെ അക്ഷരസാഷ്യങ്ങളായി പരിണമിക്കുകയാണിവിടെ. .
വെളിച്ചം വന്ന വഴി' എന്ന കഥ ഒരു ഗ്രാമത്തിൻ്റെ ഉൾത്തുടിപ്പുകളാണ്. ഗ്രാമീണമായ നിഷ്ക്കളങ്കതയെ ചൂഷണം ചെയ്യുന്ന വരേണ്യവർഗ്ഗത്തിൻ്റെ മുഖപടങ്ങൾ ചീന്തിയെറിയപ്പെടുന്ന കരുത്തുള്ള കഥ. 'കന്യകാ പർവ്വം' വടക്കെ ഇന്ത്യൻ പശ്ചാത്തലത്തിൽ എഴുതപ്പെട്ട പൊങ്ങച്ചങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും നേരെയുള്ള ഒരു പരിഹാസകഥയാണ് . 'അറേബ്യൻ കിനാവ്'' കഥാകൃത്തിന് ഏറെ പരിചിതമായ മണലാരണ്യ ഭൂമികയുടെ ആചാര കഥകൾ ഭ്രമ കല്പനകളുടെ അകമ്പടിയോടെ അവതരിപ്പിക്കുന്നു. സ്വന്തം പിതാവിനെ തേടിയുള്ള ഒരു യാത്രയുടെ കഥ. അനർഹമായ ആർഭാടങ്ങളിൽ ജീവിച്ച് ഒടുവിൽ ഒരു പട്ടിയായി പരിണമിക്കുന്ന ഒരു മനുഷ്യൻ്റെ കഥയാണ് ' ശുനകപുരാണം' യാഥാർത്ഥ്യവും ഫാൻ്റസിയും കലർന്നുള്ള ആക്ഷേപ ഹാസ്യത്തിലൂടെയാണ് ഈ കഥ എഴുതപ്പെട്ടിരിക്കുന്നത്. ആശകൾ പെരുത്ത് ആഭിചാര ക്രിയകളിലൂടെ ഒരാളെ ജീവിത പങ്കാളിയാക്കാൻ ശ്രമിക്കുന്നതിൻ്റെ മറ്റൊരു പൊളിച്ചെഴുത്താണ് 'കൂടോത്രം' എന്ന കഥ.
'ആധുനിക മലയാള ചെറുകഥളോടൊപ്പം പ്രമേയം കൊണ്ടും പ്രതിപാദന രീതി കൊണ്ടും ശ്രദ്ധേയമായി നില്ക്കേണ്ട ഏറെ വ്യത്യസ്തമായ രണ്ടു കഥകൾ കൂടി ഈ സമാഹാരത്തിലുണ്ട്. ഇറ്റലിയിലെ ലൊംബാർഡിയിൽ കോവിഡ് കാലത്തെ ദുരന്ത പശ്ചാത്തലത്തിൽ നടന്നതായി സങ്കല്പിക്കുന്ന യഥാർത്ഥ സംഭവങ്ങളുടെ പിൻ ബലത്തിൽ എഴുതപ്പെട്ട "ലൊംബാർഡിയിലെ കൊറോണക്കാലം' , അഫ്ഗാനിസ്ഥാനിസ്ഥാനിലെ രാഷ്ട്രീയവും താലിബാനും പ്രമേയമാക്കിക്കൊണ്ടുള്ള 'അഫ്ഗാൻ നാമ ' എന്നിവയാണ് ആ കഥകൾ. സമകാലിക മലയാള കഥകളിൽ എന്ത് കൊണ്ടും ചർച്ചാ വിഷയമാകേണ്ട കഥകളാണിവ.
കഥയില്ലാ കഥകൾ പോലും ആഘോഷിക്കപ്പെടുന്ന കാലത്ത് വായനക്കാരെ ഒപ്പം കൊണ്ടു പോവുന്ന തരത്തിൽ കഥ പറയുന്ന കഥയുള്ള കഥകൾ എന്ന് ഈ സമാഹാരത്തിലെ കഥകളെ വിശേഷണത്തോടെ പ്രശസ്ത കഥാകത്ത് പി.കെ.പാറക്കടവ് തൻ്റെ അവതാരികയിൽ വിശേഷിപ്പിക്കുന്നുണ്ട്. സമാഹാരത്തിൽ ഉൾപ്പെടുത്തിയ പത്ത് കഥകളും ഒന്നിനൊന്ന് വ്യത്യസ്തമാണ്. ഗൃഹാതുരമായ ഗ്രാമീണാന്തരീക്ഷത്തിലും വടക്കേ ഇന്ത്യയിലും വിദേശ രാജ്യങ്ങളിലും ആകാശ വാഹിനിയിലുമൊക്കെയായി വൈവിദ്ധ്യമാർന്ന പശ്ചാത്തലങ്ങളിൽ ഉരുവപ്പെട്ട കഥകളാണിവ. നാട്യങ്ങളും വെച്ചുകെട്ടുകളുമില്ലാതെ അനായാസമായി കഥ പറയുന്ന ഒഴുക്കള്ള രചനാശൈലിയും ലളിതമായ ഭാഷയിലൂടെ അനുവാചകരിലേക്ക് സംക്രമിക്കുന്ന വായനാ ക്ഷമതയുമാണ് ഈ കഥകളുടെ പ്രത്യേകത.