ബോളിവുഡ് ഗായകൻ സോനു നിഗമിന്റെ പിതാവിന്റെ 72 ലക്ഷം രൂപ മോഷ്ടിച്ച കേസ്; മുൻ ഡ്രൈവർ അറസ്റ്റിൽ
ബോളിവുഡ് ഗായകൻ സോനു നിഗമിന്റെ പിതാവിന്റെ 72 ലക്ഷം രൂപ മോഷ്ടിച്ച കേസിൽ മുൻ ഡ്രൈവർ അറസ്റ്റിൽ. മാർച്ച് 19, 20 തീയതികളിൽ മുംബൈയിലെ ഓഷിവാരയിലുള്ള സീനിയർ സിറ്റിസൺസ് ഹോമിൽനിന്നാണ് 76കാരനായ അഗംകുമാർ നിഗമിന്റെ പണം നഷ്ടപ്പെട്ടത്. സോനു നിഗമിന്റെ ഇളയ സഹോദരി നികിതയാണ് ഓഷിവാര പൊലീസിൽ ഇതുസംബന്ധിച്ച് പരാതി നൽകിയത്. ഞായറാഴ്ച ഉച്ചക്ക് അഗംകുമാർ നിഗം നികിതയുടെ വീട്ടിലെത്തി ഭക്ഷണം കഴിച്ച ശേഷം മടങ്ങിയിരുന്നു. തന്റെ ഡിജിറ്റൽ ലോക്കറിൽ സൂക്ഷിച്ചിരുന്ന 40 ലക്ഷം രുപ നഷ്ടപ്പെട്ടതായി വൈകീട്ട് ഇദ്ദേഹം മകളെ വിളിച്ചറിയിച്ചു.
അടുത്ത ദിവസം വിസ ആവശ്യത്തിനായി മകന്റെ വീട്ടിലേക്ക് പോയ അഗംകുമാർ വീട്ടിൽ മടങ്ങിയെത്തിയപ്പോൾ ലോക്കറിൽനിന്ന് 32 ലക്ഷം രൂപ കൂടി നഷ്ടപ്പെട്ടതായി കണ്ടെത്തി. എന്നാൽ, ലോക്കർ തകർത്തിരുന്നില്ല. ഇതോടെ സി.സി.ടി.വി കാമറകൾ പരിശോധിച്ചപ്പോൾ മോഷണം നടന്ന രണ്ടു ദിവസവും മുൻ ഡ്രൈവർ രേഹൻ ബാഗുമായി ഫ്ളാറ്റിന് സമീപത്തുകൂടി പോകുന്നതായി കണ്ടെത്തി. എട്ട് മാസത്തോളം ഡ്രൈവറായി ഉണ്ടായിരുന്ന രേഹനെ അടുത്തിടെ ഒഴിവാക്കിയിരുന്നു. കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
dsrtdwg