പെരുന്നാൾ റിലീസിനായി 5 മലയാള സിനിമകൾ
പെരുന്നാളിന് തിയേറ്ററിൽ കാണാൻ അണിയറയിൽ ഒരുങ്ങുന്നത് അഞ്ച് മലയാള ചിത്രങ്ങൾ. ഏറെ നാളുകൾക്ക് ശേഷമാണ് ഒരു വിശേഷ ദിവസം ഇത്രയും ചിത്രങ്ങൾ റീലിസ് ചെയ്യുന്നത്. ഏപ്രിൽ 20, 21 തീയതികളിലായാണ് ചിത്രങ്ങൾ എത്തുക. ‘നീലവെളിച്ചം’,’2018’, ‘അയൽവാശി’,’കഠിന കഠോരമി അണ്ഡകടാഹം’, ‘സുലൈഖ മൻസിൽ’ എന്നീ ചിത്രങ്ങളാണ് പെരുന്നാളിന് കാണാനാവുക. നീലവെളിച്ചം ആഷിക്ക് അബു സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘നീലവെളിച്ചം’. ടൊവിനോ തോമസ് ആണ് സിനിമയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വൈക്കം മുഹമ്മദ് ബഷീറിന്‍റെ നീലവെളിച്ചം എന്ന പ്രശസ്ത കഥയെ ആസ്പദമാക്കിയിട്ടുള്ള കഥയാണ് ചിത്രത്തിന്. ഏപ്രിൽ 21ന് ചിത്രം തിയേറ്ററുകളിൽ എത്തും. ഒപിഎം സിനിമാസ് ആണ് ‘നീലവെളിച്ച’ത്തിന്റെ നിർമ്മാണം. മികച്ച ടെക്നിക്കൽ ടീമാണ് ചിത്രത്തിന് പിന്നിലുള്ളത്. ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. ബിജിബാലും റെക്സ് വിജയനും ചേർന്ന് സംഗീതം ഒരുക്കുന്നു. വി സാജനാണ് ചിത്രസംയോജനം.
2018; ജൂഡ് ആന്റണി ജോസഫിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രമാണ് ‘2018’. ഏപ്രിൽ 21ന് ചിത്രം തിയേറ്ററുകളിൽ പ്രദർശനം ആരംഭിക്കും. ഏറെ നാളുകൾ നീണ്ട ചിത്രീകരണത്തിന് ശേഷമാണു ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. 2018ൽ കേരളത്തെ പിടിച്ചുലച്ച പ്രളയം പശ്ചാത്തലമാക്കിയാണ് ജൂഡ് ഈ ചിത്രം ഒരുക്കുന്നത്. വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. കാവ്യാ ഫിലിംസ്, പി കെ പ്രൈം പ്രൊഡക്ഷൻസ് എന്നീ ബാനറിൽ വേണു കുന്നപ്പള്ളി, സി കെ പത്മകുമാർ, ആന്റോ ജോസഫ് എന്നിവർ ചേർന്നാണ് നിർമ്മാണം. അഖിൽ ജോർജ് ആണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. മോഹൻദാസാണ് പ്രൊഡക്ഷൻ ഡിസൈനർ. ചിത്രസംയോജനം − ചമൻ ചാക്കോ. സംഗീതം− നോബിൻ പോൾ.
അയൽവാശി: നവാഗതനായ ഇർഷാദ് പരാരി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘അയൽവാശി’. ആഷിഖ് ഉസ്മാനും മുഹ്‌സിൻ പരാരിയും ചേർന്നാണ് നിർമ്മാണം. ഏപ്രിൽ 21ന് തിയേറ്ററുകളിൽ റിലീസിന് എത്തും. സൗബിൻ ഷാഹിർ, ബിനു പപ്പു, കോട്ടയം നസീർ, നിഖില വിമൽ, ഗോകുലന്‍, നസ്‍ലെന്‍, ലിജോമോൾ, ജഗദീഷ്, കോട്ടയം നസീർ, ഗോകുലൻ, ലിജോ മോൾ ജോസ്, അജ്മൽ ഖാൻ, സ്വാതി ദാസ് പ്രഭു, അഖില ഭാർഗവൻ തുടങ്ങിയവരാണ് ഈ ചിത്രത്തിലെ മറ്റു താരങ്ങൾ. സജിത്ത് പുരുഷോത്തമനാണ് ഛായാഗ്രഹണം. ജേക്സ് ബിജോയ് ആണ് സംഗീതം. എഡിറ്റിംഗ് സിദ്ദിഖ് ഹൈദർ, പ്രൊജക്ട് ഡിസൈൻ ബാദുഷ, മേക്കപ്പ് റോണക്സ് സേവ്യർ.
കഠിന കഠോരമി അണ്ഡകടാഹം: ബേസിൽ ജോസഫ് നായകനായെത്തുന്ന ചിത്രമാണ് ‘കഠിന കഠോരമീ അണ്ഡകടാഹം’. നവാഗതനായ മുഹഷിൻ സംവിധാനം ചെയ്യുന്ന ചിത്രം ഏപ്രിൽ 21ന് തിയേറ്ററുകളിൽ എത്തും. നൈസാം സലാമാണ് നിർമ്മാണം. പുഴു, ഉണ്ട എന്നീ ചിത്രങ്ങളുടെ രചയിതാവ് ഹർഷാദാണ് കഥയും തിരക്കഥയും സംഭാഷണവും നിർവഹിക്കുന്നത്. അർജുൻ സേതു, എസ് മുണ്ടോൾ എന്നിവരാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റിംഗ് സോബിൻ സോമൻ. ഗോവിന്ദ് വസന്ത സംഗീത സംവിധാനം നിർവഹിക്കുന്ന സിനിമയിലെ ഗാനങ്ങൾ രചിച്ചിരിക്കുന്നത് മു.രി, ഷറഫു എന്നിവരാണ്.
സുലൈഖ മൻസിൽ: അഷ്‌റഫ് ഹംസ രചനയും സംവിധാനവും നിർവഹിക്കുന്ന പുതിയ ചിത്രമാണ് ‘സുലൈഖ മൻസിൽ’. മലബാറിലെ ഒരു മുസ്ലീം വിവാഹത്തെ ചുറ്റിപ്പറ്റി സഞ്ചരിക്കുന്ന ചിത്രം തിയേറ്ററുകളിൽ ഏപ്രിൽ മാസം എത്തും. ലുക്ക്മാൻ അവറാൻ, ചെമ്പൻ വിനോദ് ജോസ്, അനാർക്കലി മരക്കാർ എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ഗണപതി, ശബരീഷ് വർമ്മ, മാമുക്കോയ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങൾ. അതേസമയം, പെരുന്നാളിന് ഒടിടിയിൽ ജിത്തു മാധവൻ സംവിധാനം ചെയ്ത ‘രോമാഞ്ച’വും, അർജുൻ അശോകൻ നായകനായി എത്തിയ ‘പ്രണയവിലാസം’ എന്നീ രണ്ടു ചിത്രങ്ങളും സ്ട്രീമിങ് ആരംഭിക്കുമെന്നാണ് റിപ്പോർട്ട്.
wete