മന്ത്രി വാസവന്റെ ബോഡി ഷെയ്മിംഗ് പരാമർശത്തിൽ പ്രതികരണവുമായി ഇന്ദ്രൻസ്
![മന്ത്രി വാസവന്റെ ബോഡി ഷെയ്മിംഗ് പരാമർശത്തിൽ പ്രതികരണവുമായി ഇന്ദ്രൻസ് മന്ത്രി വാസവന്റെ ബോഡി ഷെയ്മിംഗ് പരാമർശത്തിൽ പ്രതികരണവുമായി ഇന്ദ്രൻസ്](https://www.4pmnewsonline.com/admin/post/upload/A_UZPwITvjbl_2022-12-13_1670910935resized_pic.jpg)
നിയമസഭയിൽ മന്ത്രി വിഎൻ വാസവൻ നടത്തിയ 'കോൺഗ്രസിന് ഇപ്പോൾ ഇന്ദ്രൻസിന്റെ വലിപ്പം' എന്ന പരാമർശത്തിൽ ബോഡി ഷെയിമിംഗ് തോന്നിയിട്ടില്ലെന്നും സംഭവത്തിൽ വിഷമമോ ബുദ്ധിമുട്ടോ തോന്നിയിട്ടില്ലെന്നും ഇന്ദ്രൻസ് പ്രതികരിച്ചു. ''മന്ത്രി അങ്ങനെ പറഞ്ഞതിൽ എനിക്ക് വിഷമം ഇല്ല. അമിതാഭ് ബച്ചന്റെ ഉയരം എനിക്കില്ല. അദ്ദേഹത്തിന്റെ കുപ്പായം എനിക്ക് പാകമാകില്ല. അത് സത്യമല്ലേ?. ഞാൻ കുറച്ച് പഴയ ആളാണ്. ഉള്ളത് ഉള്ളതു പോലയല്ലേ പറയേണ്ടത്. ഇതിലെനിക്ക് ബോഡി ഷെയിമിംഗ് ഒന്നും തോന്നുന്നില്ല. ഞാനെന്താണെന്ന് എനിക്ക് നല്ല ബോധ്യമുണ്ട്.''-ഇന്ദ്രൻസ് പറഞ്ഞു.
അതേസമയം മന്ത്രി വിഎൻ വാസവൻ നടത്തിയ പരാമർശത്തിനെതിരെ പ്രതികരണവുമായി നടി മാല പാർവ്വതിയും രംഗത്തെത്തിയിരിക്കുകയാണ്. 'അളക്കാനാവാത്ത പൊക്കം ! ഇന്ദ്രൻസ് ചേട്ടനെ അളക്കാനുള്ള അളവ് കോൽ ഒന്നും ആരും കണ്ടുപിടിച്ചിട്ടില്ല' എന്നാണ് മാല പാർവ്വതി ഫേസ്ബുക്കിൽ കുറിച്ചത്. മന്ത്രിയുടെ പരാമർശത്തിനെതിരെ നിരവധി പേർ രംഗത്തെത്തിയിരുന്നു.
മന്ത്രി വാസവന്റെ പരാമർശം നിയമസഭാ രേഖകളിൽ നിന്ന് നീക്കം ചെയ്തതെന്ന് സ്പീക്കർ അറിയിച്ചു. പരാമർശം വിവാദമായ പശ്ചാത്തലത്തിലാണ് സഭാ രേഖകളിൽ നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി വാസവൻ സ്പീക്കർക്ക് കത്ത് നൽകിയത്. അമിതാബ് ബച്ചന്റെ പൊക്കമുണ്ടായിരുന്ന കോൺഗ്രസ് ഇപ്പോൾ മലയാള സിനിമയിലെ ഇന്ദ്രൻസിന്റെ വലിപ്പത്തിൽ എത്തിയിരിക്കുന്നുവെന്ന പരാമർശമാണ് വിവാദത്തിലായത്. സാംസ്‌കാരിക വകുപ്പ് മന്ത്രി മലയാളത്തിലെ പ്രമുഖ നടനെ അപമാനിച്ചുവെന്നാണ് പ്രതിപക്ഷം ഉയർത്തിയ വിമർശനം. പരാമർശം വാസവൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്തെത്തിയിരുന്നു. പരാമർശം രാഷ്ട്രീയ ശരിയില്ലായ്മയാണ്. സാംസ്‌കാരിക മന്ത്രിയിൽ നിന്ന് ഉണ്ടാകാൻ പാടില്ലാത്ത പരാമർശമെന്നും സതീശൻ പറഞ്ഞിരുന്നു.
aa