ഭാരത് ജോഡോ യാത്രയിൽ രാഹുൽ ഗാന്ധിക്കൊപ്പം നടി സ്വര ഭാസ്കറും
കോൺഗ്രസിന്‍റെ ഭാരത് ജോഡോ യാത്രയിൽ നടി സ്വര ഭാസ്കർ പങ്കെടുത്തു. മധ്യപ്രദേശിലെ ഉജ്ജയിനിൽ വെച്ചാണ് സ്വര ഭാസ്കർ യാത്രയുടെ ഭാഗമായത്. രാഹുലിനൊപ്പം നടക്കുന്ന സ്വരയുടെ ചിത്രം കോൺഗ്രസിന്‍റെ ഔദ്യോഗിക ട്വിറ്റർ അക്കൌണ്ടിൽ പങ്കുവെച്ചു− ഇന്ന് പ്രശസ്ത നടി സ്വര ഭാസ്കർ ഭാരത് ജോഡോ യാത്രയുടെ ഭാഗമായി. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും സാന്നിധ്യം ഈ യാത്രയെ വിജയകരമാക്കുന്നു− എന്നാണ് ട്വീറ്റ്.
ആനുകാലിക വിഷയങ്ങളിൽ അഭിപ്രായങ്ങൾ തുറന്നുപറയുന്ന നടിയാണ് സ്വര ഭാസ്കർ. സംഘപരിവാർ ആശയങ്ങളുടെ കടുത്ത വിമർശകയാണ്. അമോൽ പലേക്കർ, സന്ധ്യാ ഗോഖലെ, പൂജാ ഭട്ട്, റിയ സെൻ, സുശാന്ത് സിങ്, മോന അംബേഗോങ്കർ, രശ്മി ദേശായി, ആകാംക്ഷ പുരി തുടങ്ങി നിരവധി സിനിമാ താരങ്ങൾ ഇതിനകം രാഹുലിനൊപ്പം ഭാരത് ജോഡോ യാത്രയിൽ അണിചേർന്നു. ഹോളിവുഡ് താരം ജോൺ കുസാക്കും കോൺഗ്രസിന്‍റെ യാത്രയ്ക്ക് പിന്തുണ അറിയിച്ചു. ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഉജ്ജയിനിൽ നിന്ന് പുനരാരംഭിച്ച ഭാരത് ജോഡോ യാത്ര മധ്യപ്രദേശിലെ അഗർ മാൾവ ജില്ലയിലേക്ക് നീങ്ങുകയാണ്. മധ്യപ്രദേശിൽ നിന്ന് ഡിസംബർ നാലിന് യാത്ര രാജസ്ഥാനിൽ പ്രവേശിക്കും. നവംബർ 23ന് മഹാരാഷ്ട്രയിൽ നിന്നാണ് മാർച്ച് മധ്യപ്രദേശിലേക്ക് പ്രവേശിച്ചത്.
vjghh