അനശ്വര നടൻ ജയന്‍ ഓർമ്മയായിട്ട് ഇന്നേക്ക് 42 വർഷം
അനശ്വര നടൻ ജയന്‍റെ ചരമവാർഷികമാണ് ഇന്ന്. കോളിളക്കം എന്ന സിനിമയിലെ ഒരു സാഹസികരംഗത്തിന്റെ ചിത്രീകരണത്തിനിടയിലുണ്ടായ ഒരു ഹെലിക്കോപ്റ്റർ അപകടത്തിലാണ് 1980 നവംബർ 16-ന് ജയൻ അകാലമൃത്യുവടഞ്ഞത്. 41 വയസ്സേ അദ്ദേഹത്തിന് അപ്പോൾ ഉണ്ടായിരുന്നുള്ളൂ. തമിഴ്നാട്ടിലെ ചെന്നൈക്കടുത്തുള്ള ഷോളാവാരത്ത് ചിത്രത്തിന്റെ ക്ലൈമാക്സ് രംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു സിനിമാലോകത്തെ ഞെട്ടിച്ച ഈ സംഭവം ഉണ്ടായത്. സംവിധായകൻ ഈ രംഗത്തിന്റെ ആദ്യ ഷൂട്ടിൽ സംതൃപ്തനായിരുന്നു എന്നു പറയപ്പെടുന്നു. ഈ രംഗത്തിന്റെ മൂന്നു ഷോട്ടുകൾ എടുത്തിരുന്നു. എന്നാൽ തന്റെ പ്രകടനത്തിൽ അസംതൃപ്തനായിരുന്ന ജയനായിരുന്നു മറ്റൊരു ഷോട്ട് എടുക്കാൻ സംവിധായകനെ നിർബന്ധിച്ചത് എന്ന് കോളിളക്കത്തിന്റെ നിർമാതാവ് പറയുന്നു. റീടേക്കിൽ ഹെലിക്കോപ്റ്റർ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു.
ജയന്റെ മരണസമയത്ത് ഹിറ്റായി ഓടുകയായിരുന്ന ചിത്രമായ "ദീപ"ത്തിൽ ജയന്റെ മരണവാർത്ത ചേർത്തു. ഈ ചിത്രം കണ്ടുകൊണ്ടിരുന്ന ലക്ഷക്കണക്കിന് ആരാധകർ പൊട്ടിക്കരഞ്ഞു തിയേറ്ററിന്റെ പുറത്തേക്ക് ഓടി. ചിലർ വിശ്വസിക്കാൻ കഴിയാതെ അമ്പരന്ന് നിന്നു. മറ്റ് ചിലർ ഇതു വിശ്വസിക്കാൻ തയ്യാറാവാതെ വരാൻ പോകുന്ന ചലച്ചിത്രത്തിന്റെ ഒരു പരസ്യമാണ് എന്ന് കരുതി സിനിമ കാണുന്നത് തുടർന്നു. ജയന്റെ മൃതദേഹം ചെന്നൈയിൽ നിന്ന് പ്രത്യേക വിമാനത്തിൽ നാട്ടിലെത്തിച്ചു. തുടർന്ന് മൃതദേഹം വിലാപയാത്രയായി അദ്ദേഹത്തിന്റെ വീട്ടിലെത്തിച്ചശേഷം വീട്ടുവളപ്പിൽ അച്ഛന്റെ അന്ത്യവിശ്രമസ്ഥാനത്തിനടുത്ത് പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. അനുജൻ സോമൻ നായരാണ് ചിതയ്ക്ക് തീ കൊളുത്തിയത്. നിരവധി ആളുകളാണ് അദ്ദേഹത്തെ അവസാനമായി കാണാനെത്തിയത്. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പോലീസിന് വളരെയധികം ബുദ്ധിമുട്ടേണ്ടിവന്നു. ജയന്റെ മരണത്തോടെ തകർന്നുപോയ അദ്ദേഹത്തിന്റെ അമ്മ ഭാരതിയമ്മ തുടർന്ന് കിടപ്പിലാകുകയും രണ്ടുവർഷങ്ങൾക്കുശേഷം അവരും മരിക്കുകയും ചെയ്തു.
ജയന്റെ മരണസാഹചര്യങ്ങൾ ഒരു ഗൂഢാലോചനയെക്കുറിച്ച് കഥകൾ പുറത്ത് വരാൻ ഇടയാക്കി. ഇതിനു കാരണമായത് കൂടെ ഹെലിക്കോപ്റ്ററിലുണ്ടായിരുന്ന സഹനടനായിരുന്ന ബാലൻ കെ നായരും പൈലറ്റും സാരമായ പരുക്കുകളൊന്നുമേൽക്കാതെ അത്ഭുതകരമായി രക്ഷപെട്ടു എന്നതാണ്. പക്ഷേ ഈ അപകടം ഒരു ദുരൂഹതയായി ഇന്നും അവശേഷിക്കുന്നു.
fgfg