നടൻ ഷമ്മി തിലകനെ അമ്മയിൽ നിന്ന് പുറത്താക്കി

നടൻ ഷമ്മി തിലകനെ അമ്മയിൽ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനം നടത്തിയെന്നാരോപിച്ചാണ് ഷമ്മി തിലകനെതിരായ നടപടി. അച്ചടക്ക സമിതി വിശദീകരണം ചോദിച്ചിരുന്നെങ്കിലും ഷമ്മി തിലകൻ നൽകിയിരുന്നില്ല. ഇതേതുടർന്ന് ഇന്ന് ജനറൽ ബോഡി യോഗത്തിൽ ഷമ്മി തിലകനെ പുറത്താക്കുകയായിരുന്നു. നേരത്തെ പിതാവും നടനുമായ തിലകനേയും അമ്മയിൽ നിന്ന് പുറത്താക്കിയിരുന്നു.
താരസംഘടനയായ അമ്മയുടെ വാർഷിക ജനറൽ ബോഡി യോഗം കളമശേരിയിലെ ചാക്കോളാസ് പവലിയനിൽ പുരോഗമിക്കുകയാണ്. യുവനടിയുടെ പീഡന പരാതിയിൽ മുൻകൂർ ജാമ്യം ലഭിച്ച വിജയ് ബാബു യോഗത്തിനെത്തി. നിലവിൽ അമ്മയിൽ അംഗമായ വിജയ് ബാബുവിനെതിരെയുള്ള യുവനടിയുടെ പരാതിയും തുടർ വിവാദങ്ങളും യോഗത്തിൽ ചർച്ചയാകുമെന്നിരിക്കെയാണ് യോഗത്തിലെ വിജയ് ബാബുവിന്റെ സാന്നിധ്യം. ആഭ്യന്തര പരാതി പരിഹാര സെൽ രൂപീകരിച്ചതിന് ശേഷമുള്ള ആദ്യ ജനറൽ ബോഡി യോഗമാണെങ്കിലും വിജയ് ബാബുവിനെതിരെ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് സെൽ അധ്യക്ഷ ശ്വേത മേനോൻ, മാല പാർവതി, കുക്കു പരമേശ്വരൻ എന്നിവർ നേരത്തെ രാജിവെച്ചിരുന്നു. ഇതിൽ ശ്വേത മേനോനും, കുക്കു പരമേശ്വരനും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. നിലവിൽ അന്വേഷണം നേരിടുന്ന വിജയ് ബാബുവിനെതിരെ സംഘടന എന്ത് നിലപാട് സ്വീകരിക്കുമെന്നത് ശ്രദ്ധേയമാണ്. നടൻ ഹരീഷ് പേരടിയുടെ രാജിയും ചർച്ചയ്‌ക്കെത്തും. ഒപ്പം സംഘടനയുടെ വരുമാനം ലക്ഷ്യമിടുന്ന പരിപാടികൾക്കും യോഗം രൂപം നൽകും. വൈകുന്നേരം 4 മണിക്ക് അമ്മ ഭാരവാഹികൾ മാധ്യമങ്ങളെ കാണും.