തിരുപ്പതി റെയിൽവേ സ്റ്റേഷന്റെ രൂപരേഖ ഇഷ്ടപ്പെട്ടില്ല; മന്ത്രിക്ക് കുറിപ്പുമായി ‘മഹാനടിയുടെ’ സംവിധായകൻ
തിരുപ്പതിയിൽ പുതിയ റെയിൽവേ സ്റ്റേഷൻ ഒരുങ്ങുകയാണ്. പുതിയ റെയിൽവേ സ്റ്റേഷന്റെ രൂപരേഖയ്ക്കെതിരെ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ നാഗ് അശ്വിൻ. ട്വിറ്ററിലൂടെയാണ് അശ്വിൻ തന്റെ അഭിപ്രായം വെളിപ്പെടുത്തിയത്. വരാനിരിക്കുന്ന റെയിൽവേ േസ്റ്റഷന്റെ രൂപരേഖ പങ്കുവെച്ചുകൊണ്ട് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ട്വീറ്റ് ചെയ്തിരുന്നു. അതിന് മറുപടിയായാണ് നാഗ് അശ്വിൻ തന്റെ അഭിപ്രായം പങ്കുവെച്ചത്.
തിരുപ്പതി റെയിൽവേ സ്റ്റേഷന്റെ ഈ ഡിസൈൻ ആർക്കും ഇഷ്ടപ്പെട്ടില്ലെന്നും ഒരുപാട് കമന്റുകൾ വരുന്നത് കണ്ടില്ലേയെന്നുമാണ് അദ്ദേഹം ട്വീറ്റിലൂടെ ചോദിക്കുന്നത്. ഇന്ത്യയുടെ സമ്പന്നമായ വാസ്തുവിദ്യ മനസ്സിലാക്കുന്നവർക്ക് ഇത് രൂപകൽപ്പന ചെയ്യാൻ അനുവദിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യെവാഡേ സുബ്രഹ്മണ്യം എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനായാണ് നാഗ് അശ്വിന്റെ അരങ്ങേറ്റം. നാനി, വിജയ് ദേവരകൊണ്ട എന്നിവർ നായകന്മാരായി അഭിനയിച്ച ചിത്രമാണിത്. കീർത്തി സുരേഷിന് ദേശീയ പുരസ്കാരം നേടിക്കൊടുത്ത മഹാനടിയാണ് അദ്ദേഹത്തിന്റെ സംവിധാനത്തിൽ വന്ന അവസാനത്തെ ചിത്രം.