“അമ്മ”യുമായി ഭിന്നത; മാലാ പാർവതി രാജിവച്ചു

താരസംഘടനയായ അമ്മയുടെ ആഭ്യന്തര പരാതി പരിഹാര സമിതിയിൽ നിന്ന് നടി മാലാ പാർവതി രാജിവച്ചു. പീഡനക്കേസ് പ്രതിയായ നടൻ വിജയ് ബാബുവിനെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ചാണ് രാജി. സംഘടനയിലെ അംഗമായി തുടരുമെന്നും അമ്മ ഇറക്കിയ വാർത്താകുറിപ്പിൽ വിയോജിപ്പുണ്ടെന്നും മാലാ പാർവതി വ്യക്തമാക്കി. വിജയ് ബാബുവിനെതിരേ നടപടി വേണമെന്ന് ശ്വേത മേനോൻ ചെയർപേഴ്സനായ അമ്മയുടെ ആഭ്യന്തര പരാതി പരിഹാര സമിതി ശുപാർശ ചെയ്തിരുന്നു. എന്നാൽ ഞായറാഴ്ച ചേർന്ന യോഗം ശിപാർശ തള്ളുകയായിരുന്നു. വിജയ്ബാബു നൽകിയ കത്ത് അംഗീകരിച്ച് എക്‌സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കുന്നതിൽ മാത്രമാണ് അമ്മയുടെ നടപടിയൊതുങ്ങിയത്.
ഉയർന്നുവരുന്ന ആരോപണങ്ങളുടെ പേരിൽ താന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗമായിരിക്കുന്ന സംഘടനയ്ക്ക് ഒരു അവമതിപ്പ് ഉണ്ടാക്കാൻ ആഗ്രഹിക്കാത്തതിനാൽ തന്‍റെ നിരപരാധിത്വം തെളിയുന്നതു വരെ അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്നു തത്കാലം മാറിനിൽക്കുന്നതായി കാണിച്ച് വിജയ്ബാബു സമർപ്പിച്ച കത്ത് ചർച്ചചെയ്ത് അംഗീകരിക്കുകയായിരുന്നു എന്നാണ് ജനറൽ സെക്രട്ടറി ഇടവേള ബാബു പത്രക്കുറിപ്പിൽ വ്യക്തമാക്കിയത്.